

അന്തരിച്ച സംഘപരിവാര്‍ സൈദ്ധാന്തികനും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറുമായ പി പരമേശ്വരന്റെ ഭൗതിക ശരീരത്തില്‍ ദേശീയ പതാക പുതപ്പിക്കാത്തതില്‍ സംശയം ഉന്നയിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ്. ഔദ്യോഗിക ബഹുമതികളോടെ നടത്തുന്ന സംസ്‌കാരത്തില്‍ ദേശീയ പതാക പുതപ്പിക്കുന്ന കീഴ്‌വഴക്കമുള്ളപ്പോള്‍ പി പരമേശ്വരന്റെ കാര്യത്തില്‍ അത് ഒഴിവാക്കിയത് എന്തുകൊണ്ടെന്ന് സതീശ് ചന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ചോദിക്കുന്നു. ദേശീയ പതാക പുതപ്പിക്കരുതെന്ന് പരമേശ്വര്‍ജി എഴുതിവച്ചിരുന്നോ എന്നാണ് കുറിപ്പിലെ ചോദ്യം.
സതീശ് ചന്ദ്രന്‍ എഴുതിയ കുറിപ്പ്:
പരമേശ്വർജിയുടെ ജഡ ശരീരം സർവ്വതും ശുദ്ധീകരിക്കുന്ന അഗ്നിയിൽ ലയിച്ചു.
ശരീരവും മനസ്സും സംഘടനക്ക് വേണ്ടി സമർപ്പിച്ച ഒരു വ്യക്‌തിയുടെ ശരീരം വിട്ടുള്ള പ്രയാണം സുഖമോ ദുഖമോ ഉണ്ടാക്കുന്നില്ല. ഇപ്പോൾ അദ്ദേഹത്തിന്റെ നിലപാടുകൾ മാത്രം നില നിൽക്കുന്നു.
കാലം അതി രുചികളില്ലാതെ അവിരാമം സഞ്ചരിക്കുന്നു.
സർവവും ശുദ്ധീകരിക്കുന്ന അഗ്നി പരമേശ്വർജിയുടെ വെറുപ്പിന്റെ രാഷ്ട്രീയത്തെ ശുദ്ധമാക്കിയോ.? അഗ്നിക്ക് പോലും ദഹിപ്പിക്കാൻ കഴിയാത്തതാണോ R S S ന്റെ വെറുപ്പ്.?
പദ്മ ഭൂഷൺ അവാർഡ് ലഭിച്ച പരമേശ്വർജിയുടെ മൃത ശരീരം എല്ലാ സംസ്ഥാന ബഹുമതികളോടും കൂടിയാണ് ദഹിപ്പിച്ചത്.പക്ഷെ മൃത ദേഹത്തിൽ ദേശീയ പതാക പുതപ്പിച്ചിരുന്നില്ല. അദ്ദേഹം അപ്രകാരം നിർദ്ദേശിച്ചിരുന്നുവോ.? അതോ R S S നേതൃത്വം വേണ്ടെന്നു വച്ചതോ.? അതോ സർക്കാർ ഉത്തരവിൽ അപ്രകാരം നിർദ്ദേശം ഇല്ലാതിരുന്നതു കൊണ്ടാണോ.?
പരമേശ്വർജിയുടെ ഏതോ ഗ്രന്ഥത്തിൽ ത്രിവർണ പതാകയെ കുറിച്ച് വലിയ മതിപ്പില്ലാതെ പരാമർശിച്ചിരുന്നു എന്ന കാര്യം ഓർമയിലുണ്ട്.
സിനിമ നടി ആയിരുന്ന ശ്രീ ദേവിയുടെ ജഡ ശരീരത്തിൽ ദേശീയ പതാക പുതപ്പിച്ചിരുന്നു. അവർ പദ്മശ്രീ അവാർഡ് ലഭിച്ച കലാകാരി ആണ്.o n v കുറുപ്പിന്റെ ജഡ ശരീരവും ത്രിവർണ പതാകയിൽ പുതപ്പിച്ചിരുന്നു. അദ്ദേഹത്തിന് പദ്മ വിഭൂഷൺ ലഭിച്ചിരുന്നു. ഔദ്യോഗിക ബഹുമതിയോടുകൂടി ഉള്ള സംസ്കാര വേളയിലെ നടപടികൾ ബന്ധുക്കളോടാലോചിച്ചു സംസ്ഥാന സർക്കാർ ആണ് തീരുമാനിക്കുക .
ജഡത്തിൽ ദേശീയ പതാക പുതപ്പിക്കരുതെന്നു പരമേശ്വർജി ഏഴുതി വച്ചിരുന്നൊ .? അല്ലെങ്കിൽ വാക്കാൽ നിർദേശം നൽകിയിരുന്നോ.?
ഏതാണ്ട് 70 ഇൽ പരം വര്ഷം പ്രചാരകൻ ആയിരുന്ന പരമേശ്വർജി R S S ന്റെ സീനിയർ നേതാക്കളിൽ തന്നെ സീനിയർ ആയ വ്യക്തി ആണ്. ശരീരവും മനസ്സും R S S ഇൽ ലയിപ്പിച്ച അദ്ദേഹത്തിന്റെ ജഡ ശരീരം എന്തേ R S S ന്റെ സംസ്ഥാന കാര്യാലയ വളപ്പിൽ ദഹിപ്പിച്ചില്ല.? ഭാസ്കർ റാവു ഉൾപ്പെടെയുള്ളവരുടെ ശരീരം സംസ്കരിച്ചത് അവിടെ ആയിരുന്നല്ലോ.? ശവസംസ്കാര ചടങ്ങിൽ നിന്ന് ദേശീയ പതാക ഒഴിവാക്കുന്നത് പരസ്യമായാൽ തന്നെ അത് R S S നെ ബാധിക്കരുത് എന്നുദ്ദേശിച്ചാണോ സംസ്കാരം മൊഹമ്മയിൽ ആക്കിയത്.?
ദേശീയ പതാക. അതെ നമ്മുടെ രാഷ്ട്രത്തിന്റെ കൊടി അടയാളം. അതിനോടുള്ള വെറുപ്പ് അഗ്നിക്ക് പോലും ഇല്ലാതാക്കാൻ കഴിയില്ലേ.?
.വ്യക്തി ബന്ധങ്ങൾ നിലപാടുകളെ സ്വാധീനിക്കരുത് എന്ന ഉറച്ച വിശ്വാസം ആണ് ഈ ചോദ്യം പരസ്യമായി ചോദിക്കാൻ പ്രേരിപ്പിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates