കൊച്ചി: നാണയം വിഴുങ്ങിയ മൂന്ന് വയസ്സുകാരനുമായി അമ്മയും അമ്മൂമ്മയും സർക്കാർ ആശുപത്രികളിൽ കയറിയിറങ്ങിയത് പണമില്ലാതിരുന്നതിനാൽ. വാടകവീട്ടിൽ നിന്ന് പൃഥ്വിരാജിനെയും തോളത്തിട്ട് ആശുപത്രിയിലേക്കോടുമ്പോൾ അമ്മ നന്ദിനിയുടെ കെെയിലുണ്ടായിരുന്നത് ആകെ 100രൂപ മാത്രം. അമ്മൂമ്മ യശോദയുടെ ബാങ്ക് അക്കൗണ്ടിൽ വെറും 13 രൂപയാണ് അവശേഷിക്കുന്നത്. അതുകൊണ്ടാണ് കൊച്ചിയിൽ നിന്ന് ആലപ്പുഴയിലേക്ക് ഓടേണ്ടിവന്നപ്പോഴും ഇവർ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാതിരുന്നത്.
പൃഥ്വിരാജിന് ഒൻപത് മാസം മാത്രം പ്രായമുള്ളപ്പോൾ ഭർത്താവുമായി പിണങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു നന്ദിനി. സൂപ്പർ മാർക്കറ്റിലെ ജോലിയായിരുന്നു ഏക ആശ്രയം. ലോക്ക്ഡൗണിനെത്തുടർന്ന് ജോലി നഷ്ടപ്പെട്ടതോടെ യെശോദ വീട്ടുജോലിക്കു പോയി കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് മൂവരും കഴിഞ്ഞിരുന്നത്.
കുഞ്ഞുമായി ആശുപത്രികളിൽ അലഞ്ഞ ഇവർക്ക് തുണയായത് ബാബു വർഗീസ് എന്ന ഓട്ടോ ഡ്രൈവറാണ്. ബാബു നൽകിയ സൗജന്യയാത്രയും 500 രൂപയും വിലമതിക്കാവുന്നതിലും വലിതായിരുന്നു. പക്ഷെ ഓട്ടപ്പാച്ചിലിന് ഫലമുണ്ടായില്ല. പുറന്നാൾ മധുരം നുണയാൻ നിൽക്കാതെ ആ ചിരി മാഞ്ഞു. കടം വാങ്ങിയെങ്കിലും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചാൻ കൊച്ചുമകന്റെ ജീവൻ രക്ഷിക്കാമായിരുന്നു എന്നാണ് യശോദ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates