നാലു മണിക്കൂര്‍ കൊണ്ട് കാസര്‍ക്കോട്ടു നിന്നു തിരുവനന്തപുരത്തെത്താം; ഹൈസ്പീഡ് ട്രെയിന്‍ പദ്ധതിക്ക് കേന്ദ്ര അനുമതി

നാലു മണിക്കൂര്‍ കൊണ്ട് കാസര്‍ക്കോട്ടു നിന്നു തിരുവനന്തപുരത്തെത്താം; ഹൈസ്പീഡ് ട്രെയിന്‍ പദ്ധതിക്ക് കേന്ദ്ര അനുമതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തളിപ്പറമ്പ്: നാലു മണിക്കൂര്‍ കൊണ്ട് കേരളത്തിന്റെ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് യാത്ര ചെയ്ത് എത്താവുന്ന രീതിയില്‍ സെമി ഹൈസ്പീഡ് ട്രെയിനിനായി സമാന്തര പാത നിര്‍മിക്കുന്ന പദ്ധതിക്ക് തത്വത്തില്‍ അംഗീകാരമായതായി മുഖ്യമന്ത്രി പറഞ്ഞു. തളിപ്പറമ്പ് റവന്യൂ ഡിവിഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം മുന്നോട്ടുവച്ച പദ്ധതി കേന്ദ്ര റെയില്‍വേ മന്ത്രാലയം അംഗീകരിച്ചു കഴിഞ്ഞു. കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ രൂപീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേരളം സ്വപ്‌നമായി കൊണ്ടുനടന്നിരുന്ന കോവളം മുതല്‍ ബേക്കല്‍ വരെയുള്ള 600 കിലോമീറ്റര്‍ ജലപാതയുടെ ഒന്നാംഘട്ടം അടുത്ത വര്‍ഷത്തോടെ യാഥാര്‍ഥ്യമാവാന്‍ പോവുകയാണ്. ഇതോടൊപ്പം നാടിന്റെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി 1000 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന തീരദേശമലയോര ഹൈവേകളുടെ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ. എല്ലാ വീടുകളിലും ഹൈസ്പീഡ് ഇന്റര്‍നെറ്റ് എത്തിക്കുന്നതിനുള്ള പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഒരു വികസന പ്രവര്‍ത്തനവും നടക്കില്ലെന്ന നിരാശ മാറി പ്രത്യാശ വന്ന നാളുകളാണ് സംസ്ഥാനത്ത് കഴിഞ്ഞു പോയ 1000 ദിനങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ പാത 45 മീറ്ററില്‍ വികസിക്കുമെന്ന് 1000 ദിവസങ്ങള്‍ക്ക് മുമ്പ് ആരും വിശ്വസിച്ചിരുന്നില്ല. ജനങ്ങള്‍ മാത്രമല്ല നാഷനല്‍ ഹൈവേ അതോറിറ്റി പോലും അത് നടക്കില്ലെന്ന് നിശ്ചയിച്ചുറപ്പിച്ച മട്ടായിരുന്നു. എന്നാല്‍ തലപ്പാടി മുതല്‍ നീലേശ്വരം വരെയുള്ള ദേശീയപാത വികസനം ആരംഭിക്കാന്‍ പോവുകയാണ്. അവിടുന്നിങ്ങോട്ടുള്ള 300 കിലോമീറ്റര്‍ ഭാഗം ദേശീയപാത അതോറിറ്റിക്കായി ഏറ്റെടുത്തു നല്‍കുന്ന നടപടി ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു. 

ഗെയില്‍ പൈപ്പ് ലൈന്‍ തുടങ്ങി, നടക്കില്ലെന്ന് പലരും കരുതിയ പല വികസന പദ്ധതികളും പൂര്‍ത്തീകരണത്തോട് അടുക്കുകയാണ്. ഗെയില്‍ പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ അത് കടന്നുപോകുന്ന പ്രദേശങ്ങളിലെ വീടുകളില്‍ 35 ശതമാനത്തോളം വിലക്കുറവില്‍ പാചകവാതകം എത്തിക്കാന്‍ സാധിക്കും. 

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഇന്ത്യയിലെ തന്നെ മികച്ച വിമാനത്താവളങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. 500 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന അഴീക്കല്‍ തുറമുഖം കൂടി യാഥാര്‍ഥ്യമാവുന്നതോടെ വലിയ വികസനമാണ് നാടിനെ കാത്തിരിക്കുന്നത്. 

സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായതും എല്ലാ ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതുമായ സമഗ്ര വികസന കാഴ്ചപ്പാടാണ് സര്‍ക്കാരിന്റേത്. സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായാണ് വടക്കന്‍ മേഖലയിലെ ജനങ്ങള്‍ക്ക് വളരെയേറെ പ്രയോജനകരമായ തളിപ്പറമ്പ് റവന്യൂ ഡിവിഷന്‍ ഉല്‍ഘാടനം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബഹുജനങ്ങള്‍ക്ക് ഉപകാരപ്രദമായി സിവില്‍ സര്‍വീസിനെ മാറ്റിയെടുക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതില്‍ എത്രത്തോളം വിജയിക്കാനായി എന്നത് വിലയിരുത്തേണ്ടത് ജനങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com