കൊച്ചി: നാണയം വിഴുങ്ങിയ മൂന്ന് വയസ്സുകാരനുമായി ആശുപത്രിയിലെത്തിയപ്പോൾ കുഞ്ഞിന് പഴവും വെള്ളവും നൽകാനാണ് ഡോക്ടർമാർ നിർദേശിച്ചത്. ഇതനുസരിച്ച് അമ്മ നന്ദിനി പൃഥ്വിരാജിന് നാല് കുപ്പി നിറമുള്ള മധുരപാനീയവും പഴംപൊരിയും വാങ്ങിക്കൊടുത്തു. പഴം കിട്ടാതിരുന്നതിനാൽ പഴംപൊരി വാങ്ങി പുറത്തെ മൈദ നീക്കം ചെയ്താണ് കുഞ്ഞിന് നൽകിയത്. നാണയം വിഴുങ്ങിയ ശേഷം ഇതല്ലാതെ കുട്ടി മറ്റൊന്നും കഴിച്ചിട്ടില്ലെന്നാണ് ബന്ധുക്കളുടെ മൊഴി.
ഒരു രൂപയുടെയും 50 പൈസയുടെയും രണ്ട് നാണയങ്ങൾ പൃഥ്വിരാജ് വിഴുങ്ങിയിരുന്നതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ നാണയങ്ങൾ വൻകുടലിന്റെ അറ്റത്തു വരെ എത്തിയിരുന്നതിനാൽ ഇതല്ല കുട്ടിയുടെ മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. ഇതിനു പിന്നാലെയാണ് മരണകാരണം കണ്ടെത്താനായി കുഞ്ഞിന്റെ ആന്തരാവയവങ്ങളും ആമാശയത്തിലുണ്ടായിരുന്ന ഭക്ഷണാവശിഷ്ടങ്ങളും പരിശോധനയ്ക്കു നൽകിയത്. കാക്കനാട് രാസ പരിശോധനാ ലാബിൽ നടക്കുന്ന പരിശോധനയ്ക്കു ശേഷമേ മരണകാരണം വ്യക്തമാകൂ.
കുട്ടിയുടെ ദേഹത്തും മുറിവുകളോ പരുക്കുകളോ ഇല്ലെന്നും നാണയം കടന്നുപോയെങ്കിലും ആമാശയത്തിലോ കുടലിലോ മുറിവുണ്ടായിട്ടില്ലെന്നും പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. മൂന്ന് സർക്കാർ ആശുപത്രികളിൽ കയറിയിറങ്ങിയിട്ടും കുരുന്നു ജീവൻ മരണത്തിനു കീഴടങ്ങിയത് നൊമ്പരമായി അവശേഷിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates