'നിങ്ങളുടെ ജീവന്‍ വെച്ചാണ് അവരുടെ കളി, മണ്ണെണ്ണക്കുപ്പിയുമായി സമരമുഖത്തേയ്ക്ക് നുഴഞ്ഞു കയറാന്‍ നിയോഗിക്കുന്നത് ചെന്നിത്തല': തോമസ് ഐസക് 

ആപല്‍ക്കരവും അതേസമയം ദയനീയവുമാണ് യുഡിഎഫിന്റെ ഈ രാഷ്ട്രീയക്കളിയെന്ന് തോമസ് ഐസക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: പിന്‍വാതില്‍ നിയമനത്തില്‍ പ്രതിഷേധിച്ചും റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടും സെക്രട്ടേറിയറ്റിന് മുന്‍പില്‍ ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സമരത്തിനെതിരെ ധനമന്ത്രി തോമസ് ഐസക്. തെറ്റിദ്ധരിപ്പിക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ നുഴഞ്ഞു കയറി തലയില്‍ മണ്ണെണ്ണയൊഴിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ റിജു തെരുവില്‍ നാട്ടിനിര്‍ത്തിയ കണ്ണാടിയില്‍ പ്രതിഫലിക്കുന്നത് രമേശ് ചെന്നിത്തലയുടെ മുഖമാണെന്ന് തോമസ് ഐസക് പരിഹസിച്ചു.  

അധികാരം തന്നില്ലെങ്കില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിക്കളയുമെന്ന ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ ഭീഷണിയാണ് ഇന്നലെ സെക്രട്ടേറിയറ്റ് നടയില്‍ കണ്ടത്. ആപല്‍ക്കരവും അതേസമയം ദയനീയവുമാണ് യുഡിഎഫിന്റെ ഈ രാഷ്ട്രീയക്കളിയെന്ന് തോമസ് ഐസക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മണ്ണെണ്ണക്കുപ്പിയും കൊടുത്ത് റിജു അടക്കമുള്ളവരെ തങ്ങള്‍ക്കിടയിലേയ്ക്ക് നുഴഞ്ഞു കയറാന്‍ നിയോഗിക്കുന്നത് രമേശ് ചെന്നിത്തലയെപ്പോലുള്ളവരാണെന്ന് സമരം ചെയ്യുന്നവര്‍ തിരിച്ചറിയണം. അവരുടെ ഉദ്ദേശവും. നിങ്ങളുടെ ജീവന്‍ വെച്ചാണ് അവരുടെ കളി.  ഒരു റാങ്ക് ലിസ്റ്റിലും ഉള്‍പ്പെട്ട ആളല്ല ഇന്നലെ മണ്ണെണ്ണയില്‍ കുളിച്ച്  അവതരിച്ചത്. 

ഒരു തീപ്പൊരിയില്‍ സംസ്ഥാനമാകെ ആളിപ്പടരുന്ന കലാപം ലക്ഷ്യമിട്ടാണ് അവരെത്തുന്നത്.  ക്രൂരമായ ഈ രാഷ്ട്രീയക്കളി തിരിച്ചറിയണമെന്ന് സമരരംഗത്തുള്ള ഉദ്യോഗാര്‍ത്ഥികളോട് അഭ്യര്‍ത്ഥിക്കുന്നു. ഇനി ഈ ദുഷ്ടശക്തികള്‍ സംവരണ സമരത്തിലെന്നപോലെ ഹതഭാഗ്യര്‍ക്ക് തീകൊളുത്താനും മടിക്കില്ല.

റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവരെയും നിയമിക്കാന്‍ കഴിയില്ലെന്ന് മനസിലാക്കാന്‍ സാമാന്യബുദ്ധി മതി.  റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതും സൃഷ്ടിക്കപ്പെട്ടതുമായ വേക്കന്‍സികളില്‍ നിയമനം നടത്താന്‍ ഒരു തടസവും കേരളത്തില്‍ നിലവിലില്ല. അക്കാര്യത്തില്‍ റെക്കോഡാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ നടന്നത്. ഈ യാഥാര്‍ത്ഥ്യത്തെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു കളയാനാവില്ല.

മാത്രമല്ല, എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി ആറുമാസത്തേയ്ക്കു കൂടി നീട്ടിയിട്ടുമുണ്ട്. എന്നുവെച്ചാല്‍ ഇനി ആറു മാസത്തേയ്ക്ക് ഉണ്ടാകുന്ന ഒഴിവുകളും നിലവിലുള്ള റാങ്കുലിസ്റ്റില്‍ നിന്നു തന്നെ നികത്തും.ആ തീരുമാനമെടുത്ത സര്‍ക്കാരിനെതിരെ പൊടുന്നനെ പൊട്ടിപ്പുറപ്പെട്ട അക്രമസമരത്തിന്റെ സൂത്രധാരവേഷത്തില്‍ യുഡിഎഫ് ആണെന്ന് ആര്‍ക്കാണ് അറിയാത്തത്? ആരെ കബളിപ്പിക്കാമെന്നാണ് പ്രതിപക്ഷ നേതാവും കൂട്ടരും കരുതുന്നത്?

തെറ്റിദ്ധാരണ കൊണ്ട് സമരരംഗത്തു നില്‍ക്കുന്ന ഉദ്യോഗാര്‍ത്ഥികളോട് ഒരു കാര്യം ഉത്തരവാദിത്തത്തോടെ പറയട്ടെ. പിഎസ് സി റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം ലഭിക്കേണ്ട ഒഴിവുകളില്‍ റാങ്ക് ലിസ്റ്റില്‍ നിന്നു മാത്രമേ നിയമനം നടത്താനാവൂ. ആ ഒഴിവുകളിലേയ്ക്ക് മറ്റാരെയും നിയമിക്കാനാവില്ല. ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന മുറയ്ക്ക് നിയമനവും നടക്കും. ഇതില്‍ ഏതെങ്കിലും വകുപ്പില്‍ പോരായ്മയുണ്ടെങ്കില്‍ അവ തിരുത്തുകതന്നെ ചെയ്യും.

2021-22 ബജറ്റിന്റെ മുഖ്യവിഷയം അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയാണ്.  അതിവിപുലമായ തൊഴിലവസര വര്‍ദ്ധനയാണ് ബജറ്റ് ലക്ഷ്യമിടുന്നത്. ചരിത്രത്തിലാദ്യമാണ് ഇത്തരമൊരു മുന്‍കൈ.  അതിനോടൊപ്പം നില്‍ക്കുകയാണ് എല്ലാവരും ചെയ്യേണ്ടതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com