'നിന്റെ 20 കൊല്ലം മുമ്പു നഷ്ടപ്പെട്ട പൊന്ന് എനിക്കു കിട്ടിയിരുന്നു', അജ്ഞാതൻ എത്തിച്ച ഭക്ഷണപ്പൊതിയിൽ രണ്ട് സ്വര്‍ണനാണയവും ക്ഷമാപണവും 

വീട്ടുകാർ പോലും മറന്ന ആ സ്വർണമാണ് വർഷങ്ങൾക്ക് ശേഷം വീട്ടുമുറ്റത്തെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കാസർകോട്: റംസാൻ നോമ്പിന്റെ 25-ാം ദിനത്തിൽ നിനച്ചിരിക്കാതെ ഒരു സന്തോഷം തേടിയെത്തിയതിന്റെ അമ്പരപ്പിലാണ് നെല്ലിക്കുന്നിലെ ഇബ്രാഹിമിന്റെ കുടുംബം. നഷ്ടപ്പെട്ടെന്നു കരുതിയ സ്വർണമാണ് ഇവർക്ക് തിരിച്ചുകിട്ടിയത്. അജ്ഞാതനായ യുവാവ്‌ എത്തിച്ച ഭക്ഷണപ്പൊതിയിലാണ് രണ്ട് സ്വർണനാണയവും ക്ഷമാപണക്കുറിപ്പും ഈ പ്രവാസി കുടുംബത്തിലേക്കെത്തിയത്. 

നോമ്പുതുറക്കാൻ ഏതാനും നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ കോളിങ് ബെൽ ശബ്ദം കേട്ടാണ് ഇബ്രാഹിമിന്റെ ഭാര്യ വാതിൽ തുറന്നത്. ഹെൽമെറ്റ് ധരിച്ചുനിന്ന ഒരു യുവാവിനെയാണ് കണ്ടത്. ഒരു പൊതി നീട്ടിക്കൊണ്ട് അത് വാങ്ങണമെന്നും നോമ്പുതുറക്കാനുള്ള ഭക്ഷണമാണെന്നുമാണ് അയാൾ പറഞ്ഞത്. മറ്റൊരാൾ തന്നയച്ചതാണെന്ന് യുവാവ് പറഞ്ഞെങ്കിലും അയാൾ അപ്പുറത്തുണ്ടെന്ന് പറഞ്ഞ് യുവാവ് സ്കൂട്ടറിൽ മടങ്ങി. 

നോമ്പുതുറന്നപ്പോൾ യുവാവ് എത്തിച്ച പൊതി അഴിച്ചുനോക്കുകയായിരുന്നു അവർ. നെയ്‌ച്ചോറും കറിയുമാണ് പൊതിയിലുണ്ടായിരുന്നത്. റ്റൊരു കുഞ്ഞുപൊതിയിലാണ് രണ്ട് സ്വർണനാണയങ്ങളും ഒരു തുണ്ടുകടലാസും ശ്രദ്ധയിപ്പെട്ടു. ‘അസ്സലാമു അലൈക്കും. നിന്റെ 20 കൊല്ലം മുമ്പു നഷ്ടപ്പെട്ട പൊന്ന് എനിക്കു കിട്ടിയിരുന്നു. അത് ആസമയം നിനക്കു തരാൻ എനിക്കു സാധിച്ചില്ല. അതുകൊണ്ട് അതിനുപകരമായി ഈ പവൻ നീ സ്വീകരിച്ച് എനിക്ക് പൊറുത്തുതരണമെന്ന് അപേക്ഷിക്കുന്നു’, എന്നാണ് ആ കുറിപ്പിലുണ്ടായിരുന്നത്. അപ്രതീക്ഷിതമായി സ്വർണം തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് ഇവർ. വീട്ടുകാർ ഉടൻതന്നെ ഗൾഫിലുള്ള ഇബ്രാഹിമിനെ വിവരമറിയിക്കുകയും ചെയ്തു. 

ഒരു വിവാഹവീട്ടിൽവെച്ചാണ് ഇബ്രാഹിമിന്റെ ഭാര്യയുടെ മൂന്നരപ്പവന്റെ ആഭരണങ്ങൾ കൈമോശം വന്നത്. തിരച്ചിലിൽ ഒന്നരപ്പവൻ കണ്ടെത്തിയെങ്കിലും ബാക്കി നഷ്ടപ്പെട്ടു. വീട്ടുകാർ പോലും മറന്ന ആ സ്വർണമാണ് വർഷങ്ങൾക്ക് ശേഷം വീട്ടുമുറ്റത്തെത്തിയത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com