

മെത്രാപ്പോലീത്ത ആയതിന് മുന്‍പും ശേഷവും ഉള്ള വ്യത്യാസം എന്താണ്?
''മുന്‍പ് വഴിയോരത്തെ ചായക്കടയില്‍ കേറി വര്‍ത്തമാനം പറഞ്ഞോണ്ട് ചായ കുടിക്കാമായിരുന്നു. ഇപ്പൊ അത് നടക്കുന്നില്ല, അത്ര തന്നെ!''
മെത്രാന്മാരുടെ ആഡംബര ജീവിതം അനിവാര്യമാണ് എന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം വിശ്വാസികളുള്ള സമൂഹത്തില്‍ ഒരു ബിഷപ്പ് പറഞ്ഞ മറുപടിയാണിത്. ഒരു ബിഷപ്പ് എങ്ങനെയായിരിക്കണം എന്ന വിശ്വാസ സമൂഹത്തിന്റെ വാര്‍പ്പുമാതൃക നല്‍കുന്ന ബാധ്യതകളെ നിലപാടുകള്‍ കൊണ്ട് പലപ്പോഴും മറികടന്ന, യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെക്കുറിച്ച് രസകരമായ വിവരങ്ങള്‍ പങ്കുവയ്ക്കുകയാണ് ഷിബി പീറ്റര്‍ ഈ കുറിപ്പില്‍.
ഷിബി പീറ്റര്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ്:
പൗരോഹിത്യ ശുശ്രൂഷയിലേക്ക് പ്രവേശിച്ചതിന് ഏതാനും ദിവസങ്ങള്‍ക്കു ശേഷം (2001) ജോര്‍ജ് മാത്യു അച്ചന്‍ എന്നേം കൂട്ടിക്കൊണ്ട് ചങ്ങനാശ്ശേരി അപ്‌സര തിയറ്ററില്‍ 'അരയന്നങ്ങളുടെ വീട്' എന്ന സിനിമ കാണാന്‍ പോയി. കട്ട മമ്മൂട്ടി ഫാനാണ് അദ്ദേഹം. അച്ചനായ ശേഷം ഇനി തിയറ്ററില്‍ പോയി സിനിമ കാണാന്‍ പറ്റുമോ എന്ന ശങ്ക കൊണ്ട് അവസാന പടത്തിനുള്ള ശ്രമം കൂടിയാണെതെന്ന് എനിക്ക് തോന്നി. ആദ്യമായിട്ടാണ് ഞാന്‍ അദ്ദേഹത്തോടൊപ്പം സിനിമയ്ക്ക് പോകുന്നത്. ഏറെ അടുപ്പം ഉണ്ടെങ്കിലും ദൈവശാസ്ത്ര പണ്ഡിതനായ അദ്ദേഹത്തോട് ആദരവ് മൂലമുള്ള ഒരകലവും എനിക്കുണ്ടായിരുന്നു. അതിനാല്‍ 'ഗൗരവമായി' സിനിമ കാണാന്‍ ഞാന്‍ തീരുമാനിച്ചു. വൈകാരിക രംഗങ്ങള്‍ കാണുമ്പോള്‍ കണ്ണ് നിറയുന്ന ശീലം ഇന്നത്തെപ്പോലെ അന്നുമുണ്ടായിരുന്നു. വൈകാരിക മുഹൂര്‍ത്തങ്ങള്‍ ഏറെയുള്ള ആ സിനിമയുടെ ആദ്യ ഭാഗങ്ങളില്‍ കണ്ണുനീരടക്കാന്‍ ഞാന്‍ പാടുപെട്ടു. അച്ചനെന്ത് കരുതും എന്ന വേവലാതിയായിരുന്നു കാരണം. ഇക്കാര്യത്തില്‍ എന്നെ സഹായിച്ചത് തൊട്ടടുത്തു നിന്ന് കേട്ട അമര്‍ത്തിപ്പിടിച്ച ഏങ്ങലടിയും മൂക്ക് ചീറ്റലുമായിരുന്നു. സിനിമയുടെ ആദ്യഭാഗം കഴിഞ്ഞ ഇടവേളയില്‍ ചായ കുടിക്കാനായി ഞങ്ങള്‍ പുറത്തിറങ്ങി. കണ്ണീരൊക്കെ എങ്ങിനെയോ തുടച്ചു കൃത്രിമ ഗൗരവവുമായി അച്ചനോടൊപ്പം പുറത്തിറങ്ങി. പുറത്തെ വെളിച്ചത്തില്‍ കണ്ട കാഴ്ച എന്നെ ചിരിപ്പിച്ചു കളഞ്ഞു. കരഞ്ഞു കലങ്ങിയ മുഖവുമായി, കൈയ്യില്‍ നനഞ്ഞു കുതിര്‍ന്ന കര്‍ചീഫുമായി റവ.ഡോ. ജോര്‍ജ് മാത്യു നാലുന്നാക്കല്‍ എന്റെ മുന്നില്‍! തിയറ്ററിന്റെ നിശബ്ദതയില്‍ എല്ലാവരും കേട്ട ആ പതിഞ്ഞ ഏങ്ങലടിയുടെ പിന്നില്‍ അദ്ദേഹമായിരുന്നു!
ബിഷപ്പ് ഗീവര്‍ഗീസ് കൂറിലോസിനെ ആളുകള്‍ പലവിധത്തില്‍ വിലയിരുത്തുമ്പോഴും അദ്ദേഹത്തിന്റെ ദൈവശാസ്ത്ര/രാഷ്ട്രീയ ചിന്തകളുടെയും പ്രയോഗങ്ങളുടെയും അകക്കാമ്പ് ആര്‍ദ്രത ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. രണ്ടര പതിറ്റാ ണ്ടായി ഏറെ അടുത്തും അതിലേറെ കലഹിച്ചും അദ്ദേഹത്തിന്റെ അനുജനായി തുടരുന്നു. അദ്ദേഹത്തിന്റെ മുഖ്യധാരാ സഭാ/സാമൂഹിക ജീവിതത്തില്‍ നിന്നും ഭിന്നമായുള്ള സമാന്തര ജീവിതത്തോടാണ് എന്നെപ്പോലെയുള്ളവര്‍ക്ക് ഏറെ അടുപ്പം. ഏറെ പ്രതിസന്ധികള്‍ക്ക് നടുവില്‍ നില്‍ക്കെ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പുസ്തകത്തിന് 'സമാന്തര ലോകങ്ങള്‍' എന്ന പേര് നിര്‍ദേശിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് അതാണ്. ബിഷപ്പ് പദവി ലഭിച്ചതിന് ഏതാനും ദിവസങ്ങള്‍ക്കു ശേഷം നേരില്‍ കണ്ടപ്പോള്‍, മെത്രാപ്പോലീത്ത ആയതിന് മുന്‍പും ശേഷവും ഉള്ള വ്യത്യാസം എന്താണെന്ന് ഞാന്‍ ചോദിച്ചു. മുന്‍പ് വഴിയോരത്തെ ചായക്കടയില്‍ കേറി വര്‍ത്തമാനം പറഞ്ഞോണ്ട് ചായ കുടിക്കാമായിരുന്നു. ഇപ്പൊ അത് നടക്കുന്നില്ല, അത്ര തന്നെ! ഭദ്രാസനധ്യക്ഷന്‍ എന്ന നിലയ്ക്കുള്ള തിരക്കുകളല്ല അദ്ദേഹം സൂചിപ്പിച്ചത്, മറിച്ച് ഒരു ബിഷപ്പ് എങ്ങനെയായിരിക്കണം എന്ന വിശ്വാസ സമൂഹത്തിന്റെ വാര്‍പ്പുമാതൃക നല്‍കുന്ന ബാധ്യതകളാണ്. ഇങ്ങിനെ നിരവധിയായുള്ള വ്യവസ്ഥാപിത ബോധങ്ങളെ പില്‍ക്കാലത്തു നിലപാടുകള്‍ കൊണ്ട് അദ്ദേഹം ഉല്ലംഘിച്ചിട്ടുണ്ട്.
മെത്രാന്മാരുടെ ആഡംബര ജീവിതം അനിവാര്യമാണ് എന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം വിശ്വാസികളും ഉണ്ട്. ഇത്തരം ഭാവനകള്‍ മാറി ഇടയന്മാരുടെ സാധാരണത്വം ആഗ്രഹിക്കുന്ന വിശ്വാസി സമൂഹത്തിനേ നല്ലൊരു സഭയെ സാധ്യമാക്കാന്‍ സാധിക്കുകയുള്ളു. പ്രസ്തുത സഭകള്‍ക്ക് മാത്രമേ പൊതുസമൂഹത്തില്‍ നിവര്‍ന്നുനില്‍ക്കാനും കഴിയുകയുള്ളൂ. മറ്റ് പല വിഷയങ്ങളിലും യാക്കോബായ സഭ വെല്ലുവിളികള്‍ നേരിടുമ്പോള്‍ കൂറിലോസ് മെത്രാപ്പോലീത്തയുടെ നിലപാടുകള്‍ക്ക് കേരള സമൂഹം ചെവി നല്‍കുന്നത് നഷ്ട്ടപ്പെടുവാന്‍ ഒന്നുമില്ലാത്തവന്റെ ഒരാര്‍ജ്ജവം അതില്‍ ഉള്ളടങ്ങിയതിനാലാണെന്ന് ഞാന്‍ കരുതുന്നു. കപ്പയും ഉണക്കമീനും ഏറെ ഇഷ്ട്ടപ്പെടുന്ന ഒരു മെത്രാനെ കൂടി വിശ്വാസികള്‍ അറിയേണ്ടതുണ്ട്.
ഒരിക്കല്‍ ഗോവയിലേക്ക് പോകുന്ന വഴി ബാംഗ്ലൂര്‍ എസ്
സി. എം. സെന്ററില്‍ ബിഷപ്പ് വന്നു. അന്നദ്ദേഹം എസ്. സി.എം ദേശീയാധ്യക്ഷന്‍ കൂടിയാണ്. അന്ന് നാല് വയസ്സ് പ്രായമുള്ള ആച്ചി മുറ്റത്ത് കൂട്ടുകാരുമായി കളിച്ചോണ്ടിരിക്കുന്നു. ബിഷപ്പ് ആച്ചിയോട് പരിചയം പുതുക്കാനായി ഓടിച്ചെന്നു. ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇരുവരും തമ്മില്‍ കാണുകയാണ്. ആച്ചിക്കെന്നെ മനസ്സിലായോ എന്നദ്ദേഹം കുശലം ചോദിച്ചു. ഒരു കൂസലും ഇല്ലാതെ, മലയാളം അത്രയ്ക്ക് അങ്ങോട്ട് വഴങ്ങാത്ത ആച്ചിയുടെ മറുപടി ഇതായിരുന്നു:
' നിന്റെ പേര് ബിഷപ്പ് എന്നല്ലേ? '
അദ്ദേഹം തന്നെയാണ് ഇക്കാര്യം എന്നോട് പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞത്. ബിഷപ്പ് ആയതിന് ശേഷവും അച്ചാ എന്നാണ് ഞാന്‍ അദ്ദേഹത്തെ വിളിക്കാറുള്ളത്.
അതേ, അച്ചാ നിങ്ങളുടെ പേരാണ് ബിഷപ്പ്! എല്ലാ ആശംസകളും പ്രാര്‍ത്ഥനകളും!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates