നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു;നാളെ രാവിലെ ഏഴുമുതല്‍ എല്ലാ പൊലീസ് ഉദ്യോഗസ്ഥരും സജ്ജരാകണം; ഡിജിപിയുടെ നിര്‍ദേശം

രോഗവ്യാപനം തടയുന്നതിന് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുളള ക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടി.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: കോവിഡ് 19 രോഗബാധ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ടെക്‌നിക്കല്‍ വിഭാഗത്തിലേത് ഉള്‍പ്പെടെയുളള എല്ലാ പൊലീസ് ഉദ്യോഗസ്ഥരും നാളെ രാവിലെ ഏഴ് മണിമുതല്‍ സേവനസജ്ജരായിരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി.  രോഗവ്യാപനം തടയുന്നതിന് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുളള ക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടി.

സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഒഴികെയുളള എല്ലാ സ്‌പെഷ്യല്‍ യൂണിറ്റുകളിലെയും എസ്പിമാര്‍ ഉള്‍പ്പെടെയുളള 90 ശതമാനം ജീവനക്കാരുടെയും സേവനം ക്രമസമാധാന വിഭാഗം എഡിജിപിയ്ക്ക് ലഭ്യമാക്കും. ഇവര്‍ നാളെ രാവിലെ ജില്ലാ പൊലീസ് മേധാവിമാര്‍ മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യും. പൊലീസ് മൊബിലൈസേഷന്‍ന്റെ ചുമതല ബറ്റാലിയന്‍ വിഭാഗം എഡിജിപിയ്ക്കാണ് നല്‍കിയിരിക്കുന്നത്.

സ്‌പെഷ്യല്‍ പൊലീസ് ഓഫീസേഴ്‌സ്, ഹോം ഗാര്‍ഡുകള്‍ എന്നിവരുടെ സേവനം ഉറപ്പാക്കും. കഴിയുന്നത്ര പൊലീസ് വോളന്റിയേഴ്‌സിനെ കണ്ടെത്താന്‍ ജില്ലാ പൊലീസ് മേധാവിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പ്രതിരോധ ഡ്യൂട്ടിയിലേര്‍പ്പെടുന്ന എല്ലാ പോലീസുദ്യോഗസ്ഥരും സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് സ്വയരക്ഷ ഉറപ്പാക്കണം.  പൊലീസുദ്യോഗസ്ഥരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാന്‍ സ്‌റ്റേറ്റ് വെല്‍ഫെയര്‍ ഓഫീസറായ ബറ്റാലിയന്‍ വിഭാഗം എഡിജിപിക്ക് പ്രത്യേക നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

വിദേശത്തുനിന്ന് ധാരാളം മലയാളികള്‍ തിരിച്ചെത്തുന്ന സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ പ്രത്യേക ഐപിഎസ് ഓഫീസര്‍മാരെ ഡ്യൂട്ടിക്ക് നിയോഗിച്ചു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലെയും പൊതുവായ ചുമതല പരിശീലന വിഭാഗം ഐജി തുമ്മല വിക്രമിനാണ്. തിരുവനന്തപുരം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. ദിവ്യ വി ഗോപിനാഥ്, പൊലീസ് ആസ്ഥാനത്തെ അഡീഷണല്‍ എഐജി വൈഭവ് സക്‌സേന എന്നിവര്‍ക്ക് തിരുവനന്തപുരം വിമാനത്താവളത്തിന്റെയും ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡന്റ് നവനീത് ശര്‍മയ്ക്ക് കൊച്ചി വിമാനത്താവളത്തിന്റെയും ചുമതല നല്‍കി.

കോഴിക്കോട് വിമാനത്താവളത്തിന്റെ ചുമതല വഹിക്കുന്നത് ഭീകര വിരുദ്ധസേനയിലെ എസ്.പി ചൈത്ര തെരേസ ജോണ്‍ ആണ്. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര,  വയനാട് സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് എഎസ്പി ആനന്ദ് ആര്‍ എന്നിവര്‍ക്കാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുമതല. അതത് റേഞ്ച് ഡിഐജിമാര്‍ക്ക് വിമാനത്താവളങ്ങളുടെ മേല്‍നോട്ട ചുമതലയും നല്‍കിയിട്ടുണ്ട്.

മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രത്യേക ശ്രദ്ധചെലുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. യാത്രക്കാരെ വീടുകളിലേക്ക് കൊണ്ടുപോകുന്നതിനായി വിമാനത്താവളങ്ങളില്‍ എത്തുന്ന വാഹനങ്ങള്‍ മറ്റൊരിടത്തും നിര്‍ത്താതെ വീടുകളിലേക്ക് പോകുന്നുവെന്നും കൃത്യസമയത്ത് വീടുകളിലെത്തുന്നുണ്ടെന്നും പൊലീസുദ്യോഗസ്ഥര്‍ ഉറപ്പുവരുത്തും.     

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com