ന്യൂഡൽഹി: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത എസ്പി ചൈത്ര തെരേസ ജോണിന് പിന്തുണയുമായി കർണാടക കേഡർ ഐപിഎസ് ഉദ്യോഗസ്ഥ ഡി രൂപ. രാഷ്ട്രീയക്കാരെ കയ്യേറ്റം ചെയ്യുകയോ അസഭ്യം പറയുകയോ ചെയ്തതിനാണ് നടപടിയെങ്കിൽ അത് അംഗീകരിക്കാം. എന്നാൽ നിയമം നടപ്പാക്കിയതിന്റെ പേരിൽ ഒരു ഉദ്യോഗസ്ഥയ്ക്കെതിരെ, അന്വേഷണവും ശിക്ഷാ നടപടിയുമായി രംഗത്തുവരുന്നത് അപകടമാണ്. ഇത് നിയമം നടപ്പാക്കുന്നതിൽ നിന്നും യുവഓഫീസർമാരെ ഭയപ്പെടുത്തുമെന്നും ഡി രൂപ അഭിപ്രായപ്പെട്ടു.
എഐഎഡിഎംകെ നേതാവ് ശശികലയ്ക്ക് ജയിലിൽ വിഐപി പരിഗണന ലഭിക്കാൻ അധികൃതർക്ക് കൈക്കൂലി നൽകിയെന്ന കണ്ടെത്തലിലൂടെ വാർത്തകളിൽ നിറഞ്ഞുനിന്ന ഉദ്യോഗസ്ഥയാണ് രൂപ. രാഷ്ട്രീയവും നിയമസംവിധാനവും തമ്മിലുള്ള പ്രശ്നമാണിത്. ചൈത്രയ്ക്ക് പിന്തുണ നൽകണമെന്നും ഐപിഎസ് അസോസിയേഷനോട് അവർ ആവശ്യപ്പെട്ടിരുന്നു.
മറ്റ് ഓഫീസർമാർ രാഷ്ട്രീയക്കാർക്കെതിരേ നടപടിയെടുക്കാൻ മടിക്കുമ്പോൾ, ദ്രുതഗതിയിൽ നടപടിയെടുത്ത ചൈത്ര ന്യായമായ കാര്യമാണ് ചെയ്തതെന്ന് പിന്നീട് ദേശീയമാധ്യമത്തിനോടും അവർ പ്രതികരിച്ചു. പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലെ പ്രതികളെ പിടിക്കാനാണ് ചൈത്ര സിപിഎം ഓഫീസിൽ റെയ്ഡ് നടത്തിയത്. സംഭവത്തിൽ സിപിഎം നിലപാട് കടുപ്പിച്ചതോടെ അധിക ചുമതല വഹിച്ചിരുന്നു ഡിസിപി സ്ഥാനത്തു നിന്നും രാത്രി തന്നെ ചൈത്രയെ മാറ്റിയിരുന്നു. ഇപ്പോൾ നിലവിലെ വനിതാ സെൽ എസ്പി സ്ഥാനത്തു നിന്നും നീക്കാനാണ് ആലോചനയെന്നാണ് റിപ്പോർട്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates