തിരുവനന്തപുരം : സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാനുള്ള ശ്രമവുമായി തൃശൂര്‍ എംപി ടി എന്‍ പ്രതാപനും. നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള മോഹം അദ്ദേഹം അടുപ്പക്കാരോട് പങ്കുവെച്ചു. എന്നാല്‍ പ്രതാപന്റെ മോഹം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ തള്ളിക്കളഞ്ഞതായാണ് സൂചന.
നേരത്തെ മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ ആളായിരുന്ന പ്രതാപന്‍ അടുത്തകാലത്ത് കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിനോട് അടുപ്പം പുലര്‍ത്തിയിരുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ കയ്പമംഗലം മണ്ഡലത്തില്‍ നിന്നും മല്‍സരിക്കാനാണ് പ്രതാപന്‍ ലക്ഷ്യമിട്ടത്. ഈ നീക്കം അറിഞ്ഞ രമേശ് ചെന്നിത്തല ശക്തമായ മുന്നറിയിപ്പ് പ്രതാപന് നല്‍കിയതായാണ് റിപ്പോര്‍ട്ട്.
നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ജയസാധ്യതയുണ്ടെന്ന വിലയിരുത്തല്‍ ശക്തമായതോടെ, നിരവധി എംപിമാരാണ് നിയമസഭയിലേക്ക് മല്‍സരിക്കാന്‍ താല്‍പ്പര്യവുമായി രംഗത്തുള്ളത്. എംപിമാരായ കെ സുധാകരന്‍, അടൂര്‍ പ്രകാശ്, കെ മുരളീധരന്‍, ബെന്നി ബഹനാന്‍ എന്നിവരെല്ലാം മന്ത്രിപദം ലക്ഷ്യമിട്ട് നിയമസഭയിലേക്ക് കണ്ണെറിഞ്ഞ് നില്‍ക്കുകയാണ്.
എന്നാല്‍ എംപി സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് മല്‍സരിക്കാനുള്ള നീക്കത്തെ കെപിസിസി നേതൃത്വം ശക്തമായി എതിര്‍ക്കുകയാണ്. എംപിമാര്‍ സീറ്റ് ഉപേക്ഷിച്ച് നിയമസഭയിലേക്ക് മല്‍സരിക്കേണ്ട സാഹചര്യം ഇല്ലെന്നും, ഒരാള്‍ക്ക് ഒരു പദവി കര്‍ശനമായി നടപ്പാക്കണമെന്നുമാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയത്. എംപിമാര്‍ കൂട്ടത്തോടെ മല്‍സരിക്കാനുള്ള നീക്കത്തെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പിന്തുണയ്ക്കുന്നില്ല.
കോന്നിയില്‍ അടൂര്‍ പ്രകാശും വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനും കണ്ണൂരില്‍ കെ സുധാകരനും മല്‍സരിക്കാനാണ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യിപിഎ അധികാരത്തിലേറിയാല്‍ ഈഴവ പ്രാതിനിധ്യ പ്രകാരം കേന്ദ്രമന്ത്രിസ്ഥാനം ലഭിക്കുമെന്നായിരുന്നു കെ സുധാകരന്റെയും അടൂര്‍ പ്രകാശിന്റെയും കണക്കുകൂട്ടല്‍. എന്നാല്‍ യുപിഎ ദയനീയമായി തോറ്റതോടെ മോഹം പൊലിഞ്ഞു. ഡല്‍ഹിയില്‍ കാര്യമായ റോളില്ലാതായതോടെയാണ് നേതാക്കള്‍ സംസ്ഥാനമന്ത്രിപദത്തിലേക്ക് കണ്ണെറിഞ്ഞ് വീണ്ടും കരുക്കള്‍ നീക്കുന്നത്.
അതിനിടെ എംപിമാര്‍ നിയമസഭയിലേക്ക് മല്‍സരിക്കാനുള്ള നീക്കത്തെ കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുറന്നെതിര്‍ത്തു. എംപിമാര്‍ ഇപ്പോള്‍ രാജിവെച്ച് നിയമസഭയിലേക്ക് മല്‍സരിക്കേണ്ട കാര്യം കോണ്‍ഗ്രസിനില്ല. യോഗ്യതയുള്ളവരും വിജയസാധ്യതയുള്ളവരുമായ നിരവധി നേതാക്കളാണ് പാര്‍ട്ടിയില്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി ക്യൂ നില്‍ക്കുന്നത്. മാത്രമല്ല, എംപിസ്ഥാനം രാജിവെച്ചാല്‍ വീണ്ടും ജയിക്കാനാവുമെന്ന സ്ഥിതിയല്ല ഉള്ളതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
കെ മുരളീധരന്‍ പ്രചാരണ സമിതി അധ്യക്ഷസ്ഥാനം രാജിവെച്ചത് വലിയ വിഷയമായി എടുക്കേണ്ടതില്ല. സാധാരണ ഗതിയില്‍ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പിരിച്ചുവിടേണ്ടതാണ് പ്രചാരണ സമിതി. അത്തരത്തില്‍ പിരിച്ചുവിട്ട സമിതിയുടെ അധ്യക്ഷസ്ഥാനം ഒരാള്‍ രാജി വയ്ക്കുന്നത് ഒരു കാര്യമേയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പരാതി പറയുന്നവര്‍ മുമ്പ് അധികാരസ്ഥാനത്ത് ഇരുന്നപ്പോഴും ഇത്തരം പരാതികള്‍ ഉയര്‍ന്നിരുന്നുവെന്നും എന്നാല്‍ അതൊന്നും പരിഗണിച്ചിരുന്നില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോന്നിയില്‍ നിന്നും എംഎല്‍എ സ്ഥാനം രാജിവെപ്പിച്ച് അടൂര്‍ പ്രകാശിനേയും വട്ടിയൂര്‍ക്കാവില്‍ നിന്നും രാജിവെപ്പിച്ച് കെ മുരളീധരനേയും ലോക്‌സഭയിലേക്ക് മല്‍സരിപ്പിക്കേണ്ടിയിരുന്നില്ല. അവിടെ യോഗ്യരായ വേറെ സ്ഥാനാര്‍ത്ഥികളുണ്ടായിരുന്നു എന്നായിരുന്നു എന്നാണ് തന്റെ നിലപാട്. എംഎല്‍എ സ്ഥാനം രാജിവെപ്പിച്ച് ഇവരെ മല്‍സരിപ്പിച്ചതോടെ, കോന്നിയും വട്ടിയൂര്‍ക്കാവും യുഡിഎഫിന് നഷ്ടമാകുകയും ചെയ്തുവെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates