നിറതോക്കുമായി ആശുപത്രി കിടക്കയിൽ ; ​ഗുണ്ടാ നേതാവ് അറസ്റ്റിൽ

മദ്യവും ലഹരിമരുന്നും നൽകി വശത്താക്കിയ 250 ചെറുപ്പക്കാർ  ഇയാളുടെ സംഘത്തിലുണ്ടെന്നാണ് വിവരം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി :  ആശുപത്രി കിടക്കയുടെ അടിയിൽ സൂക്ഷിച്ച നിറതോക്കുമായി ​ഗുണ്ടാനേതാവ് അറസ്റ്റിലായി.  നെടുംതോട് പുത്തൻ‌പുര അനസ് (അൻസീർ – 35) ആണ് പിടിയിലായത്. പനി ബാധിച്ച് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ. ഇവിടെ നിന്നാണ് പെരുമ്പാവൂർ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അനസിനെ അറസ്റ്റു ചെയ്തത്.  

പിസ്റ്റൾ ഇനത്തിലെ തോക്കാണ് ഇയാളിൽ നിന്നു കണ്ടെടുത്തത്. വെടിയുണ്ടകൾ നിറച്ച നിലയിലായിരുന്നു. 7 തിര നിറയ്ക്കാവുന്ന ‘മെയ്ഡ് ഇൻ ഇംഗ്ലണ്ട്’ എന്നു രേഖപ്പെടുത്തിയിരിക്കുന്ന തോക്കാണ് കണ്ടെടുത്തത്. വെങ്ങോല വലിയകുളം ചിയാട്ട് സി എസ് ഉണ്ണിക്കുട്ടനെ മംഗളൂരുവിൽ കൊലപ്പെടുത്തിയ കേസിലും പൂക്കടശേരി റഹിം വധശ്രമം ഉൾപ്പെടെ ഒട്ടേറെ കേസുകളിലും പ്രതിയാണ് ഇയാൾ.  ജാമ്യത്തിൽ ഇറങ്ങിയിരിക്കുകയായിരുന്നു. 

ഉണ്ണിക്കുട്ടനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ ആസൂത്രകനായ അനസ് കളമശേരി ബസ് കത്തിക്കൽ ഉൾപ്പെടെ തീവ്രവാദ കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറ‍ഞ്ഞു. ഇയാളുടെ ക്വട്ടേഷൻ സംഘംഗമായിരുന്നു  ഉണ്ണിക്കുട്ടൻ. ഗുണ്ടാ സംഘങ്ങൾ  അനധികൃതമായി സമ്പാദിച്ച പണം വീതം വയ്ക്കുന്നതിലെ തർക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഉണ്ണിക്കുട്ടനെ തന്ത്രപൂർവം മംഗളൂരുവിലേക്കു കൊണ്ടുപോയി കൊലപ്പെടുത്തി തോട്ടിൽ തള്ളുകയായിരുന്നു. സ്വർണക്കവർച്ച ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് ഇയാൾ നേതൃത്വം നൽകുന്നതായും പൊലീസ് അറിയിച്ചു.

വിമാനത്താവളങ്ങൾ വഴി കടത്തുന്ന സ്വർണം കവരൽ, കുഴൽപ്പണം തട്ടൽ, വസ്തു തർക്കത്തിൽ ക്വട്ടേഷൻ ഏറ്റെടുക്കൽ എന്നിവയാണ് ഇയാളുടെ നേതൃത്വത്തിൽ നടന്നിരുന്നത്. തീവ്രവാദ കേസിൽ ജയിലിൽ കഴിയുന്ന തടിയന്റവിട നസീറുമായി ഇയാൾക്കു ബന്ധമുണ്ടെന്നും പൊലീസ് അറിയിച്ചു. വധക്കേസിൽ, കാക്കനാട്ടെ ഫ്ലാറ്റിൽനിന്നു കേരള പൊലീസിന്റെ സഹായത്തോടെ കർണാടക  പൊലീസാണ് ഇയാളെ പിടികൂടിയത്.  മദ്യവും ലഹരിമരുന്നും നൽകി വശത്താക്കിയ 250 ചെറുപ്പക്കാർ  ഇയാളുടെ സംഘത്തിലുണ്ടെന്നാണ് വിവരം. ഇവരിൽ ചിലരെ മുൻപ് അറസ്റ്റ് ചെയ്തപ്പോൾ അവരുടെ ശരീരത്തിൽ ‘അനസിക്ക’ എന്നു പച്ചകുത്തിയിരുന്നതും പൊലീസ് കണ്ടെത്തിയിരുന്നു.

സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങളും പ്രൊമോഷൻ വിഡിയോകളും പോസ്റ്റ് ചെയ്ത് ഇയാൾ ആരാധകരെ സൃഷ്ടിച്ചിരുന്നതായും പൊലീസ് അറിയിച്ചു.  മൂവാറ്റുപുഴ മജിസ്ട്രേറ്റിനു മുന്നിൽ പ്രതിയെ ഹാജരാക്കി റിമാൻഡ് ചെയ്തെങ്കിലും കുഴഞ്ഞു വീണതിനെ തുടർന്ന് എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com