

കൊച്ചി: ''ആ പെണ്‍കുട്ടി ചെയ്തതാണ് ശരി. അങ്ങനെത്തന്നെയാണ് ഓരോ ഇരകളും പ്രതികരിക്കേണ്ടത്.'' തിരുവനന്തപുരത്ത് പീഢകനായ സ്വാമിയുടെ ലിംഗം ഛേദിച്ച പെണ്‍കുട്ടിയ്ക്ക് ലഭിയ്ക്കുന്ന നിയമപരിരക്ഷയെക്കുറിച്ച് അഭിഭാഷകയായ ആശ വിശദമാക്കുന്നു:
ആ പെണ്‍കുട്ടിയുടെ പ്രതികരണം മാതൃകാപരമാണ്; സമൂഹത്തിന്റെ മുന്നിലും നിയമത്തിന്റെ മുന്നിലും. ജീവിക്കാനുള്ള അവകാശത്തിന്റെ പ്രായോഗികവത്കരണമാണ് ആ പെണ്‍കുട്ടി കാണിച്ചുകൊടുത്തത്. തന്നെ ഉപദ്രവിക്കുന്നയാളെ പ്രത്യാക്രമണം നടത്തി, അയാള്‍ കൊല്ലപ്പെടുകവരെ സംഭവിച്ചാല്‍പ്പോലും നിയമപരമായി ആ പെണ്‍കുട്ടിയെ ഒരു കോടതിയും ശിക്ഷിക്കില്ല.
ഇന്ത്യന്‍ പീനല്‍ കോഡില്‍ 96 മുതല്‍ 106 വരെയുള്ള ഭാഗങ്ങളില്‍ ഒരാള്‍ എന്തു ചെയ്താല്‍ ക്രൈം ആകില്ല എന്ന് വിശദീകരിക്കുന്നുണ്ട്. അതില്‍ വ്യക്തമായി പറയുന്നത് ആത്മരക്ഷാര്‍ത്ഥം സംഭവിക്കുന്ന കൊലപാതകമടക്കമുള്ള കാര്യങ്ങള്‍ ക്രൈം ആയി കണക്കാക്കപ്പെടില്ല എന്നാണ്.
ഇവിടെ പെണ്‍കുട്ടി ആയുധം നേരത്തേതന്നെ തയ്യാറാക്കിവച്ചതായി വാര്‍ത്തകള്‍ വരുന്നുണ്ട്. സ്വാഭാവികമായും മുന്‍കൂട്ടി പദ്ധതിയിട്ടതുകൊണ്ട് ഇത്തരത്തിലൊരു നിയമപരിരക്ഷ ലഭിക്കുമോയെന്ന സംശയം സ്വാഭാവികമാണ്.
പെണ്‍കുട്ടി പ്ലസ്ടു പഠനകാലം മുതല്‍ ഈ സ്വാമിയുടെ പീഢനങ്ങള്‍ സഹിച്ചുകൊണ്ടിരിക്കുകയാണ്. സഹനത്തിന്റെ അവസാനം ഇനിയൊരു പീഢനമുണ്ടാകുമോ എന്ന സംശയത്താല്‍ പ്രത്യാക്രമണം നടത്തുന്നതും കുറ്റകരമായിട്ട് കണക്കാക്കുന്നില്ല. നിയമം കൈയ്യിലെടുക്കുന്ന അവസ്ഥ ഇവിടെയുമുണ്ടായിട്ടില്ല എന്നു സാരം.
നിങ്ങളുടെ മുറിയിലേക്ക് ഒരാള്‍ അതിക്രമിച്ച് കയറി. ആ നിമിഷം നിങ്ങള്‍ക്ക് തോന്നുകയാണ്; അയാള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന്. അങ്ങനെയാണെങ്കില്‍ ആത്മരക്ഷാര്‍ത്ഥം അയാള്‍ക്കുനേരെ പ്രത്യാക്രമണം നടത്തിയാലും കുറ്റകരമല്ല. ഇവിടെ അയാള്‍ ആക്രമിച്ചില്ലല്ലോ എന്ന വാദത്തിന് പ്രസക്തിയില്ല.
കേരളം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സൗമ്യ കേസില്‍; സൗമ്യയെ ആക്രമിക്കുന്നത് കണ്ട ഒരാള്‍ സൗമ്യയെ രക്ഷിക്കാനായി പ്രതിയെ ആക്രമിച്ചുവെങ്കില്‍ അയാളുടെ പ്രവര്‍ത്തി കുറ്റകരമല്ല എന്നാണ് നിയമം പറയുന്നത്. അതായത് ആക്രമിക്കപ്പെടുന്നത് കാണുന്ന ഒരാള്‍ക്ക് ആക്രമിയെ പ്രത്യാക്രമിക്കാവുന്നതാണ്. ഇത് നിയമത്തെ കൈയ്യിലെടുക്കുകയല്ല എന്നാണ്.
ഏതൊരു പെണ്‍കുട്ടിയ്ക്കും, ഇരയാക്കപ്പെടുന്ന ഏതൊരാള്‍ക്കും തികച്ചും മാതൃകാപരമായ പ്രവര്‍ത്തിയാണ് ആ പെണ്‍കുട്ടിയും കാണിച്ചത്. അവള്‍ക്ക് ലഭിക്കാവുന്ന നിയമപരിക്ഷയെക്കുറിച്ച് എല്ലാവരും ബോധ്യരാകുന്നത് നല്ലതാണ്. പീഢകരില്‍നിന്നും സ്വന്തം ശരീരത്തെ മാത്രമല്ല, നമ്മുടെ സഹയാത്രികരുടെകൂടെ ജീവന്‍ രക്ഷിക്കാന്‍ നിയമം പരിരക്ഷ നല്‍കുന്നുണ്ടെന്ന് മനസ്സിലാക്കുക. ഇത്തരം പീഢകരെ ഇങ്ങനെയൊക്കെയേ നിലയ്ക്ക് നിര്‍ത്താനാവൂ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates