തിരുവനന്തപുരം: നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിലെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് രാജ്കുമാര് മരിച്ച സംഭവത്തില്‍, പീരുമേട് ജയിലധികൃതര്‍ക്കെതിരെ അന്വേഷണം. ജയില്‍ ഡിഐജി സാം തങ്കയ്യനാണ് അന്വേഷണ ചുമതല. നാലു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ജയില്‍ഡിജിപി ഋഷിരാജ് സിങ് അറിയിച്ചു.
രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ പീരുമേട് ജയില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയതായി ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കൂടാതെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും രാജ്കുമാര് ക്രൂരമര്‍ദനത്തിന് ഇരയായെന്ന് സ്ഥിരീകരിച്ചിരുന്നു. മര്‍ദനത്തെ തുടര്‍ന്നുണ്ടായ ആന്തരിക മുറിവുകള്‍ മൂര്‍ച്ഛിച്ചുണ്ടായ ന്യുമോണിയയാണ് രാജ്കുമാറിന്റെ മരണകാരണം എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ഇതിന് പിന്നാലെയാണ് ജയില്‍ ഡിജിപിയുടെ നടപടി.
രാജ്കുമാറിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അടക്കമുളള രേഖകൾ വിശദമായി പരിശോധിക്കാൻ ഋഷിരാജ് സിങ്ങ് നിർദേശിച്ചു. രാജ്കുമാറിന് മുറിവേറ്റിരുന്നോ എന്ന് പരിശോധിക്കണം.രാജ്കുമാറിനെ കൊണ്ടുപോയ ആശുപത്രിയിലെ ഡോക്ടർമാരെ കണ്ട് തെളിവെടുക്കാനും നിർദേശത്തിൽ പറയുന്നു.
നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസില്‍ മരിച്ച രാജ്കുമാറിന്റെ അമ്മയില്‍ നിന്നും അയല്‍വാസികളില്‍ നിന്നും ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തു. സി ഐ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. രാജ്കുമാറിനെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ മര്‍ദിച്ചതായി അയല്‍വാസികള്‍ മൊഴി നല്കി.
നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ കുറ്റക്കാർക്കെതിരേ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രാജ്കുമാറിന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. മുഖ്യമന്ത്രിയെ കണ്ടതിൽ പൂർണ സംതൃപ്തിയുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും കുടുംബാംഗങ്ങൾ പറഞ്ഞു.
ഈ സാഹചര്യത്തിൽ ചൊവ്വാഴ്ച ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന സമരത്തിൽ നിന്നും തൽക്കാലം പിൻമാറുകയാണെന്നും കുടുംബം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. ഇതിനിടെ, രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ പൊലീസിനോട് റിപ്പോർട്ട് തേടുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates