പഞ്ചിന് പറയുന്നതല്ല, ഞാന്‍ എന്റെ കുട്ടിയെ ഡോക്ടറാക്കില്ല  ; വൈറലായി ഡോക്ടറുടെ കുറിപ്പ്

ഡോക്ടറായതുകൊണ്ട് ടാക്‌സ് തൊട്ട് വാടകയും ഭക്ഷണവും വരെയുള്ള ഏതെങ്കിലും കാര്യങ്ങള്‍ക്ക് ഇളവുകള്‍ കിട്ടിയതായി ഓര്‍മ്മിക്കുന്നില്ല. അല്‍പം കൂടുതലായാലേയുള്ളൂ
പഞ്ചിന് പറയുന്നതല്ല, ഞാന്‍ എന്റെ കുട്ടിയെ ഡോക്ടറാക്കില്ല  ; വൈറലായി ഡോക്ടറുടെ കുറിപ്പ്
Updated on
3 min read

സാധാരണ കുടുംബത്തിലെ ഒരുത്തന്‍ ഡോക്ടറായിക്കഴിഞ്ഞ് കുടുംബം രക്ഷിച്ചോളും എന്ന് കരുതി മാതാപിതാക്കള്‍ ആരെയും ഡോക്ടറാക്കരുതെന്ന് ഡോക്ടര്‍ നെല്‍സണ്‍ ജോസഫ്. രണ്ട് വയസുള്ള മകന്‍ വളര്‍ന്ന് വലുതായി കഴിയുമ്പോള്‍ എന്ത് ചെയ്യണമെന്ന് ചോദിച്ചാല്‍ എംബിബിഎസ് ഒഴികെ മറ്റെന്തെങ്കിലും എടുക്കൂവെന്നേ പറയൂ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ക്ക് ഡോക്ടര്‍ പ്രൊഫഷനില്‍ നിന്ന് ഇനിയുള്ള കാലം ഫലം ലഭിക്കില്ലെന്നും അദ്ദേഹം പറയുന്നു.

 ഫേസ്ബുക്ക് കുറിപ്പിന്റെ  പൂര്‍ണരൂപം വായിക്കാം..


ഞാന്‍ എന്തുകൊണ്ട് എന്റെ കുട്ടിയെ ഡോക്ടറാക്കില്ല


പ്രത്യേകിച്ചൊന്നും പ്ലാന്‍ ചെയ്യാനുള്ള പ്രായമായിട്ടില്ല അവന്. രണ്ട് വയസ് , അതാണു പ്രായം. അവനു സൗകര്യമുള്ളപ്പൊ അവന്റെ ഇഷ്ടത്തിനനുസരിച്ച് അവന്റെ വഴി തിരഞ്ഞെടുക്കട്ടെ എന്നാണു കരുതുന്നത്. എങ്കിലും അഭിപ്രായമോ ഉപദേശമോ ചോദിച്ചാല്‍ നല്‍കാനുദ്ദേശിക്കുന്ന , അല്ലെങ്കില്‍ ചിലപ്പൊ പറയാന്‍ കരുതിയിരിക്കുന്ന ഒരു വാചകമുണ്ട്

' എം.ബി.ബി.എസ് ഒഴികെ മറ്റ് എന്തെങ്കിലും വഴി നോക്കൂ ' എന്ന് ചുമ്മാ ഒരു പഞ്ചിനു പറയുന്നതോ ആലോചിക്കാതെ പറയുന്നതോ അല്ല. രണ്ട് വര്‍ഷം മുന്‍പ് ഇതേ കാര്യമെഴുതുമ്പൊ ഒരുപക്ഷേ മുന്‍പോട്ട് പോവുമ്പൊ അഭിപ്രായം മാറുമെന്നൊരു പ്രതീക്ഷയുണ്ടായിരുന്നു. അത് മാറിയില്ലെന്ന് മാത്രമല്ല ഈ അഭിപ്രായമുള്ളവരുടെ എണ്ണം കൂടി വരുന്നുമുണ്ട്. ഇക്കഴിഞ്ഞാഴ്ച ഞാന്‍ എന്റെ മോളെ / മോനെ ഡോക്ടറാക്കില്ലെന്ന് പറഞ്ഞ് കേട്ടത് ആറു ഡോക്ടര്‍മ്മാരില്‍ നിന്നാണ്.

കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത കണ്ടിരുന്നു.കുറഞ്ഞ ശമ്പളം ക്വോട്ട് ചെയ്യുന്ന ആള്‍ക്ക് ജോലി കൊടുക്കുമെന്ന് ടെണ്ടര്‍ വിളിച്ചിരിക്കുന്നത്. ദൈവങ്ങളെന്ന് വാഴ്ത്തി ഉയര്‍ത്തിവച്ചിരിക്കുന്ന ഡോക്ടര്‍ പ്രൊഫഷന്റെ അവസ്ഥയാണത്. അതൊരു തുടക്കമേ ആവുന്നുള്ളൂ എന്ന് ഞാന്‍ പറയും. അങ്ങനെ ജോലി നേടാനും തയ്യാറാവുന്ന ഡോക്ടര്‍മ്മാരുള്ള അവസ്ഥയിലേക്കാണു നമ്മുടെ നാട് പോവുന്നത്.

തുറന്ന് പറയാം. അനുഭവിക്കുന്ന കഷ്ടപ്പാടിനുള്ള ഫലം ഈ പ്രൊഫഷനില്‍ നിന്ന് ഇനിയുള്ള തലമുറകള്‍ക്ക് കിട്ടുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ. ഒരല്‍പം നീണ്ട കഥയാണിത്. മുന്നറിയിപ്പാണെന്ന് തന്നെ കരുതുക.

ഒരു ഡോക്ടറാവുന്നത് അഞ്ചര വര്‍ഷത്തെ പഠനം കൊണ്ടാണെന്ന് ഒരു തെറ്റിദ്ധാരണയുണ്ട്. അതിനൊക്കെ എത്രയോ മുന്‍പ് ഡോക്ടറാവാനുള്ള പ്രയത്‌നം ആരംഭിക്കും !! ആദ്യം എന്റ്രന്‍സ് കടമ്പ കടക്കണം. അതിനു വേണ്ടി ഏറ്റവും കുറഞ്ഞത് പ്ലസ് വണ്‍ പ്ലസ് ടു കാലം തൊട്ടെങ്കിലും ശ്രമിക്കണം. ഇതു കഴിഞ്ഞാല്‍ എല്ലാം സെറ്റാണെന്നുള്ള നുണ വിശ്വസിച്ച് ആ രണ്ട് വര്‍ഷം ശനിയും ഞായറും അവധികളും ആഘോഷങ്ങളുമില്ലാതെ പഠിക്കണം. അതുകൊണ്ട് കിട്ടിയില്ലെങ്കില്‍ വീണ്ടും ഒരു കൊല്ലം.

അങ്ങനെ കടന്നുകൂടി മെഡിക്കല്‍ കോളജില്‍ ചെന്നാലും ഇതേ വാചകമാണ് പലതവണ കേള്‍ക്കുക. ഓരോ വര്‍ഷം കഴിഞ്ഞാലും അടുത്തതില്‍ ശരിയാക്കാമല്ലോ. പഠിക്കാതിരിക്കാന്‍ പറ്റില്ല. ഇതു കഴിഞ്ഞ് രോഗികളെ നേരില്‍ കണ്ട് സംസാരിച്ച് ചികില്‍സിക്കേണ്ടതാണ്.അവിടെയും നഷ്ടപ്പെടും കുറെ ആഘോഷങ്ങളും ബന്ധുക്കളുടെ വിവാഹങ്ങളുമെല്ലാം.

അത് കഴിയുമ്പൊഴാണു കോഴ്‌സിന്റെ ദൈര്‍ഘ്യത്തിന്റെ പ്രശ്‌നം മനസിലായിത്തുടങ്ങുക. നാലാം വര്‍ഷവും അഞ്ചാം വര്‍ഷവുമൊക്കെ ആവുമ്പൊഴേക്ക് സമപ്രായക്കാരും സമാന രീതികളില്‍ പഠിച്ചുകൊണ്ടിരുന്നവരുമൊക്കെ ചിലപ്പൊ ജോലി നേടിയ വാര്‍ത്തകള്‍ കേട്ടുതുടങ്ങും. അപ്പൊ അതൊരു പ്രശ്‌നമാകില്ല. കാരണം നമ്മള്‍ ഇതൂടി കഴിഞ്ഞാല്‍ ഡോക്ടറാണല്ലോ.

പിന്നെ ഹൗസ് സര്‍ജന്‍സി. പരീക്ഷ പാസായി ' ഡോക്ടര്‍ ' ആയതിന്റെ ആവേശമൊക്കെ പതുക്കെ കെടാന്‍ തുടങ്ങും ഓരോ അനുഭവങ്ങളാവുമ്പൊ. അതും പ്രശ്‌നമാക്കില്ല,കാരണം ഒറ്റ വര്‍ഷം കൂടി കഴിഞ്ഞാല്‍ ഡോക്ടറാണല്ലോ

ഹൗസ് സര്‍ജന്‍സി കഴിയുമ്പൊഴാണു കയ്യില്‍ കിട്ടിയത് ' വെറും എം.ബി.ബി.എസ് ' ആണെന്ന് മനസിലാകുന്നത്. സ്‌പെഷ്യലിസ്റ്റ് അല്ലാത്തോരെ സ്വന്തം വീട്ടുകാര്‍ക്ക് പോലും വിലയുണ്ടാവില്ല ( സ്വന്തം വീട്ടുകാര്‍ക്ക് അല്ലേലും വിലയുണ്ടാവില്ല. . .അത് പോട്ടെ). അപ്പൊപ്പിന്നെ അതിനായുള്ള പരാക്രമം ആരംഭിക്കുകയായി

പി.ജി സീറ്റുകള്‍ അങ്ങനെ തോന്നിയപോലെ ആര്‍ക്കും കിട്ടില്ല. ഞാന്‍ ആദ്യമായി പി.ജി. എന്റ്രന്‍സ് എഴുതിയ കൊല്ലം ഒരു ലക്ഷം ഡോക്ടര്‍മ്മാരോ മറ്റോ ആയിരുന്നു ഉണ്ടായിരുന്നത്. അതില്‍ 22,000  23,000 പേരാണു ലിസ്റ്റിലുണ്ടാവുക. ബാക്കിയുള്ളവര്‍ക്ക് അടുത്ത വര്‍ഷം വീണ്ടും ശ്രമിക്കാം. അടുത്തവര്‍ഷമെന്ന് പറയുമ്പൊ ആ വര്‍ഷം പാസായെത്തുന്ന ഡോക്ടര്‍മ്മാരും ഉണ്ടാവും. . .മറ്റൊരു ഇരുപതിനായിരം ഡോക്ടര്‍മ്മാരോളം കൂടുതല്‍.

കാര്‍ഡിയോ തൊറാസിക് സര്‍ജനോ അല്ലെങ്കില്‍ ഒരു പീഡിയാട്രീഷനോ ആവണമെന്ന് ആഗ്രഹിച്ച് എന്റ്രന്‍സ് പഠിക്കാന്‍ തുടങ്ങിയ പത്താം ക്ലാസുകാരന്‍ ആറോ ഏഴോ വര്‍ഷം കഴിഞ്ഞ് ആ സ്വപ്നം ഒരിക്കലും നടക്കില്ലെന്ന് തിരിച്ചറിയുന്ന നിമിഷമൊന്ന് ഓര്‍ത്തുനോക്കിക്കേ. . .

ഇനി പി.ജി ആയവരുടെ കാര്യം. എട്ടുമണിക്കൂര്‍ ജോലി , എട്ട് മണിക്കൂര്‍ വിശ്രമം എന്നത് അവകാശമായിക്കിട്ടിയതിന്റെ ഓര്‍മ്മയാണു മെയ് ദിനമെന്ന് ഒരു പി.ജിയോട് പറഞ്ഞ് നോക്കിക്കേ. . .പുച്ഛിച്ച് ഒരു ചിരി കിട്ടാനാണു കൂടുതല്‍ സാദ്ധ്യത. ഇരുപത്തിനാലു തൊട്ട് അറുപതും എഴുപതും വരെ നീളുന്ന കഥ സ്‌പെഷ്യല്‍റ്റിക്കനുസരിച്ച് അവര്‍ പറഞ്ഞുതരും. അങ്ങനെ ജോലിചെയ്താല്‍ അപകടമുണ്ടാവില്ലേ എന്ന ചോദ്യമൊക്കെ സൗകര്യപൂര്‍വ്വം മറക്കാം അല്ലേ?

അത്രയും കഴിഞ്ഞ് എത്തുമ്പൊഴേക്ക് സ്വന്തം യൗവനം എവിടെപ്പോയെന്ന് ആലോചിച്ച് അന്തം വിടുന്ന ഒരു കൗമാരക്കാരനെ ചിലപ്പൊ കാണാന്‍ കഴിഞ്ഞേക്കും. അതു കഴിഞ്ഞെത്തുമ്പൊ ടെണ്ടറും അതും ഇതുമൊക്കെ കാണുമ്പൊഴാണു പഠിച്ചത് ഇതിനായിരുന്നോ എന്നാലോചിക്കുന്നത്.

വികസിത രാജ്യങ്ങളെക്കാള്‍ പല മടങ്ങ് മെച്ചപ്പെട്ടതാണ് ഇപ്പോള്‍ത്തന്നെ നമ്മുടെ ഡോക്ടര്‍  രോഗി അനുപാതം. കണക്ക് ശരിയാണെങ്കില്‍ അഞ്ഞൂറു പേര്‍ക്ക് ഒരു ഡോക്ടറെന്ന നിലയിലേക്ക് അതെത്താന്‍ വലിയ പ്രയാസമുണ്ടാവില്ല.

ആവശ്യത്തെക്കാള്‍ കൂടുതല്‍ ഉത്പാദനമുണ്ടാവുമ്പൊ വിലയിടിയും. മുപ്പതുകളില്‍ ജീവിച്ചുതുടങ്ങുന്ന, വായ്പയും കുടുംബവുമുള്ള ഒരു മിഡില്‍  ലോവര്‍ മിഡില്‍ ക്ലാസുകാരനു ജീവിതം നടക്കില്ല.

സേവനമെന്ന് ദയവുചെയ്ത് പറയരുത്. ഡോക്ടറായതുകൊണ്ട് ടാക്‌സ് തൊട്ട് വാടകയും ഭക്ഷണവും വരെയുള്ള ഏതെങ്കിലും കാര്യങ്ങള്‍ക്ക് ഇളവുകള്‍ കിട്ടിയതായി ഓര്‍മ്മിക്കുന്നില്ല. അല്‍പം കൂടുതലായാലേയുള്ളൂ.പ്രാക്ടീസ് ചെയ്യുന്നതും ശമ്പളം വാങ്ങുന്നതും ഒരു തെറ്റായാണു സമൂഹവും കാണുന്നത്. മുന്നൂറു രൂപ വാങ്ങുന്ന ന്യൂറോളജിസ്റ്റിനു സമൂഹമാദ്ധ്യമത്തില്‍ നേരിടേണ്ടിവന്ന ആക്രമണവും ഓര്‍മ്മയിലുണ്ട്. ഇതുവരെ ജോലിയെക്കുറിച്ച് ഒരക്ഷരം പറഞ്ഞില്ലെന്ന് ഓര്‍ക്കണം.

ഏറ്റവും നല്ല , ഏറ്റവും സേവനമനസ്ഥിതിയുള്ള ഡോക്ടറെപ്പോലും മെഡിക്കല്‍ മാഫിയയെന്ന് യാതൊരു ഉളുപ്പുമില്ലാതെ വിളിക്കാന്‍ മടിയില്ലാത്തവര്‍ നമ്മുടെയിടയിലുണ്ട്. ഒരു പിഴവുണ്ടായാല്‍ അതുവരെ കാത്തുസൂക്ഷിച്ച സല്‍പ്പേരും പ്രാക്ടീസും ജീവിതവും നഷ്ടപ്പെടുമെന്നുള്ള ഡെമോക്ലീസിന്റെ വാളിനു കീഴെ ഉറങ്ങാന്‍ പറ്റില്ല. അങ്ങനെയുണ്ടായാല്‍ അന്നുവരെ നിങ്ങള്‍ ചെയ്ത നന്മയോ സഹായങ്ങളോ ഒന്നും കണക്കിലെടുക്കപ്പെടുകയുമില്ല.

ഡിഫന്‍സീവ് പ്രാക്ടീസിനു നിര്‍ബന്ധിക്കുന്ന സാഹചര്യങ്ങളും സ്വന്തം സുരക്ഷ നോക്കേണ്ടിവരുന്ന അവസരങ്ങളും കൂടെക്കൂടെയുണ്ടാവുന്നത് കൂടാതെ സ്വന്തം പിഴവല്ലെങ്കിലും ആക്രമിക്കപ്പെടുന്നതും കണ്ടു ഈയിടെ.ഇന്ത്യയില്‍ 75% ഡോക്ടര്‍മ്മാര്‍ ഏതെങ്കിലും രീതിയില്‍ ഏതെങ്കിലും അവസരങ്ങളില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും കണ്ടിരുന്നു മുന്‍പ്. അതായത് നാലില്‍ മൂന്ന് പേര്‍. . .രാത്രിയില്‍ നോര്‍മ്മല്‍ ഡെലിവറിയെടുക്കാന്‍ പോവുന്ന ഗൈനക്കോളജിസ്റ്റ് ഭാര്യ സുരക്ഷിതയായി തിരിച്ചെത്താന്‍ കാത്തിരിക്കുന്ന ഭര്‍ത്താവ് ഒരു തമാശയല്ല.

എല്ലാ ഡോക്ടര്‍മ്മാരും നല്ലവരാണെന്ന് പറയാനുള്ള കുറിപ്പൊന്നുമല്ല ഇത്. സമൂഹത്തില്‍ എത്ര തരം ആളുകളുണ്ടോ, അതിന്റെയൊരു പരിച്ഛേദം ഇവിടെയുമുണ്ട്. ഒരൊറ്റക്കാര്യമേയുള്ളൂ. . .മോശക്കാരെന്ന് കരുതി നിങ്ങള്‍ ആക്രമിക്കുന്നവരാവണമെന്നില്ല യഥാര്‍ത്ഥത്തില്‍ പ്രശ്‌നക്കാര്‍. ഇതൊക്കെ ഇപ്പൊ സംഭവിച്ചുകൊണ്ടിരിക്കുന്നവയാണ്. മുന്നോട്ട് ഇതുപോലെ പോയി അവന്റെ സമയമാവുമ്പൊഴേക്ക് നന്നാകുന്ന ലക്ഷണമൊന്നും ഇപ്പൊ കാണുന്നില്ല. 

അപ്പൊ സ്വഭാവികമായ ഒരു തിരഞ്ഞെടുപ്പ് മാത്രമാണു യൗവനവും കൗമാരത്തിന്റെ അവസാനവും എന്തു സംഭവിച്ചെന്ന് മനസിലാക്കി, ശ്വാസം വിട്ട്, ഉറങ്ങേണ്ടപ്പൊ ഉറങ്ങി, സുഹൃത്തുക്കളെയും ബന്ധുക്കളെയുമൊക്കെ കണ്ട് അറിഞ്ഞ് വളരട്ടെയെന്നത്. സാധാരണ കുടുംബത്തിലെ ഒരുത്തന്‍ ഡോക്ടറായിക്കഴിഞ്ഞ് അവന്‍ കുടുംബം രക്ഷിച്ചുകൊള്ളും എന്ന് കരുതി മാതാപിതാക്കള്‍ ഡോക്ടറാക്കരുത്.. 
കടം വാങ്ങരുത്...
ലക്ഷങ്ങള്‍ ലോണെടുത്ത് തോളില്‍ വച്ചുകൊടുക്കരുത്. 
ദയവ് ചെയ്ത് ആ അധികഭാരം കൂടി ചുമപ്പിക്കരുത്....

ഇതിനര്‍ത്ഥം മെഡിക്കല്‍ പ്രഫഷനെ വെറുക്കുന്നെന്നോ ഡോക്ടറായി കഴിയുന്നത് ഇഷ്ടമില്ലെന്നോ അല്ല. ഇപ്പൊഴും അന്നത്തെ തീരുമാനം ഒരു തെറ്റായിരുന്നെന്ന് തോന്നിയിട്ടില്ല.ഡോക്ടറായതുകൊണ്ട് മാത്രം ഉണ്ടായ നേട്ടങ്ങളുണ്ട്.

കുറച്ച് യാഥാര്‍ത്ഥ്യങ്ങള്‍ അറിഞ്ഞുവേണം ഇങ്ങോട്ടേക്ക് കടക്കാന്‍ എന്നതാണ്.ആത്മാര്‍ത്ഥമായ താല്‍പര്യം ഉണ്ടാവണം. ഒന്നും, ഒരു നല്ല വാക്ക് പോലും തിരിച്ച് പ്രതീക്ഷിക്കരുത്. അങ്ങനെയുണ്ടെങ്കില്‍ ഡോക്ടറാവണം. ഡോക്ടറായാല്‍ മാത്രം കിട്ടുന്ന ചില സന്തോഷങ്ങളുണ്ടാവും. . .സുഖമായ ഒരാളുടെ ചിരി പോലെ. . .അത് മറ്റാര്‍ക്കും കിട്ടില്ല

അതുകൊണ്ട് ഡൊമിനിക്കിനു ഡോക്ടറാകണമെന്ന് നല്ല ബോദ്ധ്യമുണ്ടെങ്കില്‍, ആഗ്രഹമുണ്ടെങ്കില്‍, ഇതെല്ലാം കേട്ടിട്ടും അങ്ങനെയാണെങ്കില്‍ പഠിച്ച് നേടട്ടെ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com