കൂത്തുപറമ്പ്: കോളജിൽ നിന്നു പഠന യാത്ര പോയി മടങ്ങിയെത്തിയ വിദ്യാർത്ഥിനി അണുബാധയെ തുടർന്നു മരിച്ചു. കണ്ണൂർ എസ്എൻ കോളജ് മൂന്നാം വർഷ ബിരുദ വിദ്യാർഥിനി കൂത്തുപറമ്പ് കോട്ടയം തള്ളോട്ട് ശ്രീപുരത്തിൽ എൻ ആര്യശ്രീ (21) ആണു മരിച്ചത്. ഹൃദയ പേശികളെ ബാധിക്കുന്ന വൈറൽ മയോകാർഡൈറ്റിസ് എന്ന അണുബാധയാണു മരണ കാരണമെന്നാണു വിവരം.
ചിക്കമംഗളൂരുവിലേക്കാണ് കോളജിൽ നിന്ന് പഠന യാത്ര പോയത്. യാത്രയിൽ ഒപ്പമുണ്ടായിരുന്ന മറ്റു കുട്ടികളും, അതേ സ്ഥലത്തേക്കു കഴിഞ്ഞ ദിവസം പഠന യാത്ര പോയ കൂത്തുപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
ശരീര വേദന, പേശീവലിവ്, ക്ഷീണം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളോടെ കോളജിലെ മൂന്നും സ്കൂളിലെ രണ്ടും കുട്ടികളെ നിരീക്ഷണത്തിനായി പ്രത്യേക വാർഡിലേക്കു മാറ്റി. ഇവരുടെ രക്ത, ഉമിനീർ സാമ്പിളുകൾ മണിപ്പാലിലെയും ആലപ്പുഴയിലെയും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചു. ബാക്കിയുള്ളവരെ പരിശോധനയ്ക്കു ശേഷം വീട്ടിലേക്കു മടക്കിയയച്ചു.
കോളജിലെ 48 വിദ്യാർത്ഥികളും രണ്ട് അധ്യാപകരും അടങ്ങുന്ന സംഘം കഴിഞ്ഞ 15നാണു കർണാടകയിലെ ചിക്കമംഗളൂരുവിലേക്കു യാത്ര തിരിച്ചത്. 19നു തിരിച്ചെത്തിയ ശേഷം ആര്യശ്രീ ശരീരവേദന അനുഭവപ്പെട്ടതിനെത്തുടർന്നു കൂത്തുപറമ്പിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ഭേദമാകാത്തതിനാൽ തലശ്ശേരി സഹകരണ ആശുപത്രിയിലും പിന്നീടു കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെയോടെ പെട്ടെന്നു രക്ത സമ്മർദം കുറയുകയും മരണം സംഭവിക്കുകയുമായിരുന്നു. പരിയാരം ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം വീട്ടിലെത്തിച്ച മൃതദേഹം ഇന്നു രാവിലെ എട്ടിനു പന്തക്കപ്പാറ വാതക ശ്മശാനത്തിൽ സംസ്കരിക്കും.
കോട്ടയം പഞ്ചായത്ത് മുൻ പ്രസിഡന്റ് പരേതനായ എൻ കുമാരന്റെ മകനും ആലുവ കടയിരിപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകനും കതിരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മുൻ അധ്യാപകനുമായ എൻ അനിൽകുമാറിന്റെ മകളാണ് ആര്യശ്രീ. കോട്ടയം വനിതാ സഹകരണ സംഘം സെക്രട്ടറി ശ്രീഷ്മയാണു മാതാവ്. സഹോദരി: നിർമലഗിരി കോളജ് ഒന്നാം വർഷ ബിരുദ വിദ്യാർഥിനി അമയശ്രീ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates