

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൻറെ ഭരണം സംബന്ധിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിൽ പ്രതികരണവുമായി ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദൻ. ഫെയ്സ്ബുക്കിലിട്ട കുറിപ്പിലാണ് വിഎസിന്റെ പ്രതികരണം.
യുഡിഎഫ് സർക്കാരിൻറെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് രാജകുടുംബത്തിന് അനുകൂലമായ വിധിക്ക് പിന്നിലെന്ന് വിഎസ് പറഞ്ഞു. കേസിൽ സർക്കാർ നിലപാട് പ്രധാനമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
കുറിപ്പിന്റെ പൂർണ രൂപം
പത്മനാഭ സ്വാമി ക്ഷേത്രത്തിൻറെ ഭരണാധികാരവുമായി ബന്ധപ്പെട്ട് ഇന്ന് വന്ന സുപ്രീംകോടതിയുടെ വിധിപ്പകർപ്പ് വായിക്കുകയോ, നേരിട്ട് മനസ്സിലാക്കുകയോ ചെയ്തിട്ടില്ല. എങ്കിലും വരുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ, ഹൈക്കോടതിയുടെ വിധിയിൽനിന്നും വ്യത്യസ്തമായി, രാജകുടുംബത്തിന് ചില സവിശേഷ അധികാരങ്ങൾ നൽകുന്നതാണ് ഈ വിധി എന്ന് മനസ്സിലാക്കുന്നു.
പത്മനാഭസ്വാമി ക്ഷേത്രത്തിൻറെ നിലവറകൾ തുറക്കുന്നതിനും ഏറെ മുമ്പ്, ക്ഷേത്രാധികാരികൾതന്നെ ക്ഷേത്രമുതൽ സ്വന്തമാക്കുന്നു എന്ന് പരസ്യമായി പറഞ്ഞു തുടങ്ങിയ ആളാണ് ഞാൻ. എൻറെ ചില പരാമർശങ്ങൾ വിവാദത്തിൻറെ തലത്തിൽ എത്തുകയുമുണ്ടായി. 2011ൽ ബഹു ഹൈക്കോടതിയിൽ നിന്നും ഉണ്ടായ വിധിയുടെ അടിസ്ഥാനത്തിൽ, ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു വേണ്ടിയും ക്ഷേത്രാചാരങ്ങൾ നിലനിർത്തുന്നതിനു വേണ്ടിയും ക്ഷേത്ര സമ്പത്തിൻറെ സംരക്ഷണത്തിനു വേണ്ടിയും മൂന്ന് മാസത്തിനകം ഒരു സമിതിയുണ്ടാക്കണമായിരുന്നു. വിധി വന്ന ഉടനെത്തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെടുകയും, പിന്നീട് വന്ന യുഡിഎഫ് സർക്കാർ ഇക്കാര്യത്തിൽ ഉപേക്ഷ വരുത്തുകയുമായിരുന്നു. രാജകുടുംബം ബഹു. സുപ്രീംകോടതിയെ സമീപിക്കുകയും ഏതാണ്ട് അവർക്ക് അനുകൂലമായ വിധി സമ്പാദിക്കുകയുമാണ് ഉണ്ടായത് എന്നാണ് മനസ്സിലാക്കുന്നത്. ഇത്തരം കേസുകളിൽ ജനകീയ സർക്കാരുകൾക്ക് എത്രമാത്രം ശ്രദ്ധ ചെലുത്താൻ കഴിയുന്നു എന്നതും അവരുടെ നിലപാടുകളും പ്രധാനമാണ്. യുഡിഎഫ് സർക്കാരിൻറെ നിലപാടാണ് കോടതിയിൽ അവതരിപ്പിക്കപ്പെട്ടത് എന്നതും കേസിൻറെ അന്തിമ വിധിയിൽ പ്രകടമായിട്ടുണ്ടാവാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates