

തൃശൂർ: വ്യത്യസ്ത കഴിവുകളുള്ള നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിൽ ഓരോ ദിവസവും ശ്രദ്ധ നേടാറുള്ളത്. അത്തരത്തിലൊരു കലാ സൃഷ്ടിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. തൃശൂർ സ്വദേശിയായ ഏഴാം ക്ലാസുകാരൻ അദ്വൈത് കൃഷ്ണയാണ് ഇപ്പോൾ താരമായി മാറിയിരിക്കുന്നത്.
പത്രക്കടലാസുകളും പശയും ഉപയോഗിച്ച് അദ്വൈത് ഉണ്ടാക്കിയത് ഒരു ട്രെയിനിന്റെ മാതൃകയാണ്. 12കാരന്റെ കലാമകവിന് കൈയടിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. മൂന്ന് ദിവസം കൊണ്ടാണ് അദ്വൈത് തൻറെ സൃഷ്ടി പൂർത്തീകരിച്ചത്. ട്രെയിനിന്റെ ഓരോ ഭാഗങ്ങൾ ഉണ്ടാക്കിയ ശേഷം അവസാനം അവയെല്ലാം കൂടി കൂട്ടിച്ചേർത്താണ് അദ്വൈതിന്റെ മനോഹര സൃഷ്ടി.
ഈ മിടുക്കന്റെ കരവിരുത് ട്വിറ്ററിലൂടെ പങ്കിട്ടിരിക്കുകയാണ് കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ. കഴിഞ്ഞ ദിവസം റെയിൽവേ മന്ത്രാലയം അദ്വൈത് ട്രെയിൻ നിർമിക്കുന്നതിന്റെ വീഡിയോ പങ്കിട്ടിരുന്നു. റെയിൽവേ മന്ത്രാലയം ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ നിരവധിപ്പേർ ഏറ്റെടുത്തു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ ചിത്രങ്ങളും കുറിപ്പും സഹിതമുള്ള ട്വീറ്റ്.
'കേരളത്തിൽ നിന്നുള്ള അദ്വൈത് കൃഷ്ണയുടെ ഈ വിശിഷ്ട സൃഷ്ടി നോക്കൂ. അസാധാരണവും സൃഷ്ടിപരവുമായ കഴിവുകൾ പ്രയോജനപ്പെടുത്തി പത്രങ്ങൾ ഉപയോഗിച്ച് മൂന്ന് ദിവസത്തിനുള്ളിൽ അദ്വൈത് ആകർഷകമായ ട്രെയിൻ മോഡൽ നിർമ്മിച്ചു'- അദ്വൈതിന്റേയും ട്രെയിനിന്റെയും ചിത്രങ്ങൾ പങ്കിട്ട് മന്ത്രി കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates