

തൃശ്ശൂര്‍: ലോക്ക്ഡൗണ്‍ കാലത്ത് രാത്രി പരിചയക്കാരിയുടെ വീട്ടിലെത്തിയ ആള്‍ പൊലീസ് പിടിയില്‍. ബ്ലാക്ക്മാന്‍മാരില്‍ ഒരാളെ കയ്യോടെ പിടികൂടിയെന്നായിരുന്നു നാട്ടില്‍ ഉടന്‍ വാര്‍ത്ത പരന്നത്. എന്നാല്‍ പിന്നീടു നടത്തിയ അന്വേഷണത്തില്‍ പിടിയിലായത് പൊലീസുകാരനാണെന്ന് തെളിഞ്ഞു. ബ്ലാക്ക്മാനെ പിടികൂടാന്‍ ചുമതലപ്പെട്ട സേനയിലെ ഒരാളാണ് പിടിയിലായതെന്ന് വ്യക്തമായതിന് തൊട്ടുപിന്നാലെ സസ്‌പെന്‍ഷന്‍ ഉത്തരവും എത്തി.
കേരള പൊലീസ് അക്കാദമിയുടെ ടാങ്കോ ഫോര്‍ കമ്പനിയിലെ ഹവില്‍ദാര്‍ ആലപ്പുഴ സ്വദേശി സനല്‍കുമാറിനെയാണ് പിടികൂടിയത്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കര്‍ശനനിരീക്ഷണം നടത്തുന്ന പൊലീസ് അക്കാദമിയില്‍നിന്ന് ഇയാള്‍ വ്യാഴാഴ്ച രാത്രി പത്തോടെ ബൈക്കില്‍ പുറത്തിറങ്ങി മണ്ണുത്തിക്കടുത്ത് പൊങ്ങണങ്കാട്ടിലെ ഒരു വീട്ടിലെത്തുകയായിരുന്നു. ഇയാള്‍ക്ക് പരിചയമുള്ള സ്ത്രീയുടെ വീടായിരുന്നു ഇത്.
വാതിലില്‍ തട്ടിയിട്ടും തുറക്കാതിരുന്നപ്പോള്‍ ജനലില്‍ തട്ടി. എന്നിട്ടും തുറക്കാതായപ്പോള്‍ ശക്തിയില്‍ തട്ടി ജനല്‍ച്ചില്ലുടച്ചു. ഈ ശബ്ദം കേട്ട് അയല്‍ക്കാര്‍ ഉണര്‍ന്നതോടെ ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ വിടാതെ പിന്തുടര്‍ന്ന നാട്ടുകാര്‍ മാടക്കത്തറ പഞ്ചായത്ത് ഓഫീസിന് സമീപം വെച്ച് ഇയാളെ പിടികൂടി.
മദ്യപിച്ച നിലയിലായിരുന്നു ഇയാള്‍. പിടിയിലായതോടെ പൊലീസ് ആണെന്നു പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചു. സംശയം തോന്നിയ നാട്ടുകാര്‍ പൊലീസ് അസോസിയേഷന്‍ മുന്‍ സംസ്ഥാന നേതാവിനെ വിവരം അറിയിച്ചു. നേതാവ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പൊലീസ് ആണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇയാളെ മണ്ണുത്തി പൊലീസിന് നാട്ടുകാര്‍ കൈമാറി.
സംഭവത്തെപ്പറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്മേലാണ് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. അതിജാഗ്രത പുലര്‍ത്തുന്ന പൊലീസ് അക്കാദമിയില്‍നിന്ന് ബൈക്ക് സഹിതം ഒരു ഹവില്‍ദാര്‍ എങ്ങനെ പുറത്തിറങ്ങിയെന്നത് ദുരുഹമാണ്. മദ്യം ലഭ്യമല്ലാത്ത സമയത്ത് എവിടെ നിന്ന് ഇയാള്‍ക്ക് മദ്യം കിട്ടിയെന്നും റോഡിലെ പൊലീസ് വാഹനപരിശോധന മറികടന്ന് എങ്ങനെ സനല്‍കുമാര്‍ പൊങ്ങണങ്കാട് വരെയെത്തിയെന്നും അന്വേഷിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates