തിരുവനന്തപുരം: അപകടസമയത്ത് കാർ ഓടിച്ചിരുന്നത് ഡ്രൈവർ അർജുൻ ആയിരുന്നുവെന്നും ആശുപത്രി കിടക്കയിൽ ഇക്കാര്യങ്ങൾ തന്റെ അമ്മയോട് അർജുൻ സമ്മതിച്ചിരുന്നതായും ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി പറഞ്ഞു. 'പറ്റിപ്പോയി, ഉറങ്ങിപ്പോയി' എന്നാണ് അമ്മയോട് പറഞ്ഞത്. ആശുപത്രിയിലായിരുന്നപ്പോഴും കാര്‍ ഓടിച്ചത് താന്‍ തന്നെയാണെന്ന് അർജുൻ പലരോടും പറഞ്ഞിരുന്നു. പിന്നീട് ഡിസ്ചാര്‍ജിന് ശേഷമാണ് അര്ജുന് മാറ്റിപ്പറഞ്ഞത്. അത് എന്താണെന്ന് അറിയില്ല. ചിലപ്പോള്‍ കേസ് ഭയന്നിട്ടായിരിക്കുമെന്നും ലക്ഷ്മി അഭിപ്രായപ്പെട്ടു.
പരസഹായമില്ലാതെ നടക്കാൻ കഴിയില്ല എന്നതൊഴിച്ചാൽ തന്റെ ഓർമ്മയ്ക്ക് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല. കൊല്ലത്ത് കാര്‍ നിർത്തി ബാലുവും ഡ്രൈവർ അർജുനും കാപ്പി കുടിച്ചിരുന്നു. അതിനുശേഷവും അര്ജുന് തന്നെയാണ് ഓടിച്ചത്. ബാലു പിൻസീറ്റിൽ ഉറങ്ങുകയായിരുന്നു. ഞാനും മകളും മുൻസീറ്റിലായിരുന്നു. പെട്ടെന്ന് കാര്‍ വെട്ടിക്കുന്നതായി തോന്നി. നെറ്റി ശക്തിയായി ഗ്ലാസിലിടിച്ചു. പിന്നീട് ഒന്നും ഓര്‍മയില്ലെന്ന് ലക്ഷ്മി പറഞ്ഞു.
ഫെയ്സ്ബുക്കിലൂടെ തനിക്കെതിരെ ആരോപണം ഉന്നയിച്ച പ്രിയ വേണുഗോപാൽ ബാലഭാസ്കറിന്റെ അടുത്ത ബന്ധുവാണ്. ആരോപണങ്ങളോട് പ്രതികരിക്കാൻ താൽപര്യമില്ല. പലതും മറുപടി അർഹിക്കാത്തതാണ്. വാഹനത്തിൽനിന്ന് കണ്ടെടുത്ത സ്വർണാഭരണങ്ങൾ ഒരു വിവാഹത്തിന് അണിയാനായി ബാങ്ക് ലോക്കറിൽനിന്ന് എടുത്തതാണ്. ഇതൊക്കെ പൊലീസ് രേഖകളുടെ അടിസ്ഥാനത്തിൽ തിരികെ നൽകിയിരുന്നു.
സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി പ്രകാശ് തമ്പിക്ക് ബാലഭാസ്കറിന്റെ കുടുംബവുമായി അടുപ്പമുണ്ടായിരുന്നു. അപകടം സംഭവിച്ച് ആശുപത്രിയിലായ സമയത്തും എല്ലാ കാര്യങ്ങള്‍ക്കും ഓടിനടന്നത് അയാളാണ്. പ്രകാശ് തമ്പി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായി എന്ന വാര്‍ത്ത വലിയ ഞെട്ടലായിരുന്നു എന്നും ലക്ഷ്മി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates