കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ പാകിസ്ഥാൻ നിർമിത വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക അന്വേഷണത്തില്‍ ചില സൂചന ലഭിച്ചതായി ഡിജിപി ലോക്നാഥ് ബെഹ്റ. വിവരങ്ങള്‍ കേന്ദ്രസേനകള്‍ക്ക് കൈമാറിയിട്ടുണ്ട്. പാക് മുദ്രയുള്ളതിനാലാണ് കേന്ദ്രസഹായം തേടിയത്. മറ്റ് സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായും ബന്ധപ്പെടുന്നുണ്ട്. കേസ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ് ) അന്വേഷിക്കുകയാണ്. ദേശീയ അന്വേഷണ ഏജൻസികളെ വിവരങ്ങള്‍ അറിയിച്ചതായും ഡിജിപി അറിയിച്ചു.
പാകിസ്ഥാന് വെടിക്കോപ്പുകൾ നിർമ്മിക്കുന്ന പാകിസ്ഥാൻ ഓർഡിനൻസ് ഫാക്ടറിയുടെ മുദ്രയുള്ള 14 വെടിയുണ്ടകളാണ് കുളത്തൂപ്പുഴ മുപ്പത്തടി പാലത്തിന് സമീപത്തു നിന്ന് കഴിഞ്ഞദിവസം കണ്ടെടുത്തത്. വെടിയുണ്ടകളില്‍ പി.ഒ.എഫ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മുപ്പത് വർഷത്തിലധികം പഴക്കമുള്ളവയാണ് വെടിയുണ്ടകളെന്നും പരിശോധനയില്‍ വ്യക്തമായി. 7.62 എം.എം വലിപ്പമുള്ള വെടിയുണ്ടകള്‍ ദീര്‍ഘദൂര പ്രഹരശേഷിയുള്ള തോക്കുകളിലാണ് ഉപയോഗിക്കുന്നതെന്നും പൊലീസ് സൂചിപ്പിച്ചിരുന്നു.
കുളത്തൂപ്പുഴയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ എസ്എപി ക്യാമ്പിൽ നിന്നും കാണാതായ വെടിയുണ്ടകളല്ലെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസ് സ്റ്റോറിൽ നിന്നും നൽകിയ വെടിയുണ്ടയല്ലെന്ന് സീരിയൽ നമ്പറുകൾ പരിശോധിച്ച് ഉറപ്പുവരുത്തിയതായാണ് സ്ഥിരീകരണം. പാക് സാന്നിധ്യം സംശയിക്കുന്ന സാഹചര്യത്തിൽ എൻഐഎയും മിലിട്ടറി ഇന്റലിജൻസും സംഭവം അന്വേഷിക്കുന്നുണ്ട്. ഇതിനായി മിലിട്ടറി ഇന്റലിജൻസ് സംഘവും എൻഐഎ ഉദ്യോഗസ്ഥരും കുളത്തൂപ്പുഴയിലെത്തി.
വെടിയുണ്ടകൾ പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്. ഡിഐജി സഞ്ജയ് കുമാർ ഗുരുഡിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുളത്തൂപ്പുഴയിലെയും പരിസര പ്രദേശങ്ങളിലെയും വനമേഖലയിൽ ഇന്നും പരിശോധന തുടരുകയാണ്. ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന തുടരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates