പത്തനംതിട്ട: പറമ്പുകളിലും മറ്റും പാമ്പിനെ കണ്ടാൽ ഇനി മുതൽ ഉടൻ തന്നെ പിടിക്കാമെന്ന് കരുതണ്ട. ഇനി മുതൽ പാമ്പിനെ പിടിക്കാൻ യോഗ്യത ഉള്ളവർക്ക് മാത്രമേ അനുവാദമുണ്ടാകു. വനം വകുപ്പിന്റെ ലൈസൻസും പാമ്പിനെ പിടിക്കാൻ വേണം.
ഇതിനായി യോഗ്യതയുള്ളവരെ വാർത്തെടുക്കാൻ വനം വകുപ്പ് പഠന ക്ലാസ് തുടങ്ങുന്നു. ഇതിനുള്ള പാഠ്യ പദ്ധതിയും തയ്യാറായി. കേരള ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് അരിപ്പ കേന്ദ്രത്തിലെ അസിസ്റ്റന്റ് ഡയറക്ടർ വൈ മുഹമ്മദ് അൻവർ ആണ് നോഡൽ ഓഫീസർ.
സർട്ടിഫിക്കറ്റുള്ളവർക്കേ അനുമതിയുണ്ടാകൂ. അല്ലാതെ ആരെങ്കിലും പാമ്പിനെ പിടിച്ചാൽ വനം വകുപ്പിന് വൈൽഡ് ലൈഫ് ആക്ട് അനുസരിച്ച് കേസെടുക്കാം. കേരളത്തിലെ എല്ലാ വനം ഡിവിഷനുകളിലും പാമ്പു പിടിത്തം സംബന്ധിച്ച് ക്ലാസുകൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
തുടക്കത്തിൽ വനം വകുപ്പിലെ ഡിഎഫ്ഒ മുതൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ, വാച്ചർമാർ എന്നിവർക്കാണ് പ്രവേശനം. തുടർന്ന് സന്നദ്ധ സംഘടനാ പ്രവർത്തകർ, പാമ്പ് പിടിത്തത്തിൽ താത്‌പര്യമുള്ളവർ എന്നിവർക്കും പരിശീലനം നൽകും. ക്ലാസും പ്രാക്ടിക്കലും ഉണ്ടാകും. വിവിധതരം പാമ്പുകൾ, ഇവയുടെ സ്വഭാവം, പ്രകൃതിയിലെ ഇടപഴകൽ എന്നിവ പഠന വിഷയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ലാസിൽ പങ്കെടുത്താൽ പോരാ നിശ്ചിത മാർക്കിൽ പരീക്ഷ പാസാകുകയും വേണം. എന്നാലേ സർട്ടിഫിക്കറ്റ് ലഭിക്കൂ.
കേരളത്തിൽ നൂറിനുമേൽ ഇനം പാമ്പുകളാണ് കണ്ടു വരുന്നത്. ഇടുക്കിയിലെ ആനമലയിൽ നിന്നാണ് അവസാനം ഒരു ഇനത്തെ കണ്ടെത്തിയത്. വിഷപ്പാമ്പുകൾ ഇരുപതിനമാണുള്ളത്. അതിൽ അഞ്ചെണ്ണത്തിന്റെ കടിയേ മരണ കാരണമാകൂ. രാജവെമ്പാല, മൂർഖൻ, രണ്ടിനം അണലി, വെള്ളിക്കെട്ടൻ എന്നിവയാണവ. ഇതിൽ രാജവെമ്പാലയെ വന പ്രദേശത്തോടുചേർന്നാണ് കൂടുതലും കാണുന്നത്.
ഉത്ര വധക്കേസിലെ പ്രതി, പാമ്പുകളെ വിലയ്ക്കു വാങ്ങി കടിപ്പിച്ചെന്ന വെളിപ്പെടുത്തലും വർക്കലയിൽ പാമ്പു പിടിത്തത്തിനിറങ്ങിയ യുവാവ് പാമ്പു കടിയേറ്റ് മരിച്ച സംഭവവുമാണ് പരിശീലനം നൽകാനുള്ള തീരുമാനത്തിന് പിന്നിൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates