

കണ്ണൂരില്‍ വഴിയോര കച്ചവടക്കാരന്റെ വണ്ടി ചവിട്ടി മറിച്ചിട്ട പൊലീസ് നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി കോഴിക്കോട് മുന്‍ ജില്ലാ കലക്ടര്‍ പ്രശാന്ത് നായര്‍. മാര്‍ക്കറ്റില്‍ തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പൊലീസ് അതിക്രമം നടന്നത്. ഹൃദ്രോഗി കൂടിയായ തെരുവ് വ്യാപാരി വില്‍ക്കാന്‍ വച്ചിരുന്ന പഴവര്‍ഗ്ഗങ്ങളാണ് പൊലീസ് ചവിട്ടി തെറിപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്കായിരുന്നു സംഭവം.
പ്രശാന്തിന്റെ കുറിപ്പ് ഇങ്ങനെ:
'വഴിയോരത്ത് തുറസ്സായ സ്ഥലത്ത് ആര്‍ക്കും വലിയ ശല്ല്യമുണ്ടാക്കാതെ പഴം-പച്ചക്കറി കച്ചവടം ചെയ്ത്, കോവിഡ് കാലത്ത് ജീവിതം തിരിച്ച് പിടിക്കാന്‍ നോക്കുന്ന പാവങ്ങളെ അത്യുല്‍സാഹപൂര്‍വ്വം ഒഴിപ്പിക്കാന്‍ ഇറങ്ങുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും പൊലീസിലെയും റവന്യുവിലെയും ചില ഉദ്യോഗസ്ഥര്‍ സമയം കിട്ടുമ്പോള്‍ സ്വന്തം മനസ്സാക്ഷിയോട് ചിലത് ചോദിക്കുന്നത് നല്ലതാണ്.
വ്യക്തിയെന്ന നിലയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വഴി നീതി ഉറപ്പാക്കുകയോ, നിയമസഹായം ഏര്‍പ്പാടാക്കേണ്ടി വരികയോ ചെയ്ത കേസുകള്‍ അസ്വാഭാവികമായി കൂടുന്ന സാഹചര്യത്തിലാണീ പോസ്റ്റ്.
നിങ്ങളുടെ അയല്‍പ്പക്കത്തും ഈ അസമയത്ത് 'പച്ചക്കറി ഒഴിപ്പിക്കല്‍' നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? ആരും ചോദിക്കാനും പറയാനുമില്ലാത്ത ഈ പാവങ്ങളുടെ നെഞ്ചത്ത് 'നിയമം' നടപ്പിലാക്കുന്നത് ആസൂത്രിതമായി ചില റീട്ടെയില്‍ ചെയിനുകള്‍ക്ക് വേണ്ടി ക്വാട്ടേഷന്‍ എടുക്കുന്നതാണെന്ന് പലരും സൂചിപ്പിക്കുന്നുണ്ട്.
നാട്ടുകാരെന്ന നിലയ്ക്ക് നമുക്ക് ചെയ്യാവുന്ന ഒന്ന്, നമ്മുടെ പര്‍ച്ചേസ് കഴിയുവോളം, ഒഴിപ്പിക്കപ്പെടുന്ന ഇവരില്‍ നിന്നാക്കുക എന്നതാണ്. അവരുടെ നമ്പര്‍ വാങ്ങി നേരിട്ട് വാങ്ങാന്‍ അറേഞ്ച്‌മെന്റ് ചെയ്യുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates