

കോഴിക്കോട്: മുത്തലാഖ് വോട്ടെടുപ്പിൽ നിന്നും പി കെ കുഞ്ഞാലിക്കുട്ടി വിട്ടുനിന്നതിലെ വിവാദം പുതിയ തലത്തിലേക്ക്. ലോക്സഭയിലെ കുഞ്ഞാലിക്കുട്ടിയുടെ ഹാജറിനെ ചൊല്ലിയാണ് മുസ്ലിം ലീഗിനുള്ളിൽ പുതിയ വിമർശനം ഉയരുന്നത്. ലീഗിന്റെ ദേശീയ മുഖമായി ഉയർത്തിക്കാട്ടിയ കുഞ്ഞാലിക്കുട്ടിയുടെ ലോക്സഭയിലെ ഹാജർ 45 ശതമാനം മാത്രമാണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
ഇപ്പോൾ പാർലമെന്റ് സമ്മേളിക്കുന്ന ആദ്യ എട്ടു ദിവസത്തിൽ പകുതി പോലും ദിവസം കുഞ്ഞാലിക്കുട്ടി സഭയിലെത്തിയിട്ടില്ല. ഉപതെരഞ്ഞെടുപ്പിലൂടെ കുഞ്ഞാലിക്കുട്ടി പാർലമെൻറിലെത്തിയ ശേഷമുള്ള 2017 ജൂലൈയിലെ ആദ്യ സമ്മേളന കാലയളവിലും ഹാജരാകാത്ത ദിവസങ്ങളാണ് കൂടുതലും. പിന്നീടുള്ള മൂന്നു സെഷനുകളിലും ഏതാണ്ട് സമാനമാണ് സ്ഥിതി. ഒരു സെഷനിൽ മാത്രമാണ് 50 ശതമാനത്തിനു മുകളിൽ ഹാജരുള്ളത്.
മുസ്ലിം ലീഗിന്റെ മറ്റൊരു എംപിയായ ഇ ടി മുഹമ്മദ് ബഷീർ ലോക്സഭ നടന്ന ദിവസങ്ങളിൽ 80 ശതമാനത്തിലും ഹാജരുണ്ട്. കുഞ്ഞാലിക്കുട്ടി ഒഴികെ, കേരളത്തിലെ മറ്റ് 19 എം.പിമാരുടെ ഹാജർ 70 ശതമാനത്തിനും മേലെയാണ്. ഈ സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ ഹാജർ സമൂഹമാധ്യമങ്ങളിലും ലീഗ് കേന്ദ്രങ്ങളിലും ചർച്ചയായിരിക്കുന്നത്.
മുസ്ലിം ലീഗ് അഖിലേന്ത്യ അധ്യക്ഷനായിരുന്ന ജി എം ബനാത്ത്വാലയുടെ പാർലമെന്റിലെ ഹാജർ 100 ശതമാനമായിരുന്നു എന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. കുഞ്ഞാലിക്കുട്ടിയുടെ ഹാജർ കുറവും മുത്തലാഖ് വോട്ടെടുപ്പിൽ പങ്കെടുക്കാതിരുന്നതും മാപ്പർഹിക്കാത്ത തെറ്റാണെന്നും ലീഗ് അണികൾക്കിടയിൽ വൻ ചർച്ചയാണ്. സമയം ഇല്ലെന്ന് പറയുന്ന കുഞ്ഞാലിക്കുട്ടി എങ്കിൽ പദവികൾ ഒഴിയണമെന്ന പ്രാദേശിക യൂത്ത് ലീഗ് ഭാരവാഹിയുടെ കത്ത് ഫെയ്സ്ബുക്കിൽ നിന്ന് പിൻവലിക്കപ്പെട്ടെങ്കിലും സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates