തിരുവനന്തപുരം : വീട്ടുമുറ്റത്തെ മുപ്പത് അടി താഴ്ചയുള്ള കിണറ്റിൽ വീണ കൈക്കുഞ്ഞിനെ പതിനേഴുകാരൻ രക്ഷിച്ചു. കടയ്ക്കാവൂർ ചാവടിമുക്ക്, പുതുശ്ശേരിമഠത്തിൽ ഷാജിയുടെയും ചന്ദ്രികയുടെയും മകൻ ഷൈജുവാണ് കിണറ്റിൽച്ചാടി സാഹസികമായി പിഞ്ചുകുഞ്ഞിനെ കരയ്ക്കെത്തിച്ചത്. കടയ്ക്കാവൂർ ചാവടിമുക്ക് ആയുർവേദാശുപത്രിക്ക് സമീപം കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ചാവടിമുക്കിനു സമീപം നമ്പ്യാതിവിളയിൽ ബിജുവിെന്റയും രമ്യാകൃഷ്ണന്റെയും മൂന്നുമാസം പ്രായമുള്ള മകൻ കാശിനാഥനാണ് അബദ്ധത്തിൽ വീട്ടുമുറ്റത്തെ കിണറ്റിൽ വീണത്. കുഞ്ഞിനെ കുളിപ്പിക്കാനായി എണ്ണ തേച്ചശേഷം തിണ്ണയിൽ വച്ചിരുന്ന ചൂടുവെള്ളം എടുക്കാനായി കുനിഞ്ഞപ്പോഴാണ് അമ്മയുടെ കൈയിൽനിന്നു വഴുതി കുഞ്ഞ് കിണറ്റിൽ വീണത്. ഇതു കണ്ട് അലറിക്കരഞ്ഞുകൊണ്ട് അമ്മ ബോധരഹിതയായി വീണു.
കരച്ചിൽ കേട്ട് ഓടിക്കൂടിയ സമീപവാസികളായ സ്ത്രീകൾ നിസ്സഹായരായിരുന്നു. വീട്ടമ്മയുടെ സഹോദരീ ഭർത്താവ് കിണറ്റിലിറങ്ങാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ബഹളം കേട്ട് ഓടിയെത്തിയ അയൽവാസിയായ ഷൈജു കണ്ടത് കുഞ്ഞ് വെള്ളത്തിൽ മുങ്ങിപ്പൊങ്ങുന്നതാണ്. മറ്റൊന്നും ആലോചിക്കാതെ കിണറ്റിലേക്ക് എടുത്തുചാടിയ ഷൈജു കിണറ്റിൽ മുങ്ങി കുഞ്ഞിനെ വാരിയെടുത്തു. നിറയെ വെള്ളമുണ്ടായിരുന്ന കിണർ പുല്ലു വളർന്ന് കാഴ്ച മറയ്ക്കുന്ന നിലയിലായിരുന്നു.
കുഞ്ഞിനെയുംകൊണ്ട് ഷൈജു ഒറ്റയ്ക്കുതന്നെ കിണറിനു മുകളിലെത്തി. അപ്പോഴേക്കും വിവരമറിഞ്ഞ് കടയ്ക്കാവൂർ പൊലീസ് സ്ഥലത്തെത്തി.
കുഞ്ഞിനെ പൊലീസ് ജീപ്പിൽ ആശുപത്രിയിലെത്തിക്കാൻ തയ്യാറാകുന്നതിനിടെ സമീപത്തെ ആംബുലൻസ് ഡ്രൈവർ മനു സ്ഥലത്തെത്തി. ബോധരഹിതനായ കുഞ്ഞിന് മനു പ്രഥമശുശ്രൂഷ നൽകി.
തുടർന്ന് ചെറിയ അനക്കം കിട്ടിയ കുഞ്ഞിനെ മനു ആംബുലൻസിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടർന്ന് എസ്എടി ആശുപത്രിയിലാക്കി. രണ്ടു ദിവസം തീവ്രപരിചരണ വിഭാഗത്തിലും മൂന്നുദിവസം നിരീക്ഷണത്തിലുമായിരുന്ന കുഞ്ഞിനെ കഴിഞ്ഞദിവസം വീട്ടിൽ തിരിച്ചെത്തിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates