

കണ്ണൂർ: പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍. കണ്ണൂർ വനിതാ ജയിലിലെ മൂന്ന് അസിസ്റ്റന്റ് പ്രിസൺ ഓഫിസർമാരെയാണ് സസ്പെൻഡ് ചെയ്തത്. ജയിൽ സൂപ്രണ്ട്, സംഭവദിവസം ജയിലിന്റെ ചുമതലയുണ്ടായിരുന്ന അസി. സൂപ്രണ്ട് എന്നിവർക്കെതിരെയും നടപടിക്ക് ശുപാർശയുണ്ട്.
ജീവനക്കാരുടെ ഭാഗത്തുണ്ടായ അനാസ്ഥയാണ് സൗമ്യയുടെ ആത്മഹത്യക്കു കാരണമായതെന്നു ഉത്തരമേഖല ജയിൽ ഡിഐജി പ്രദീപ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതിനെതുടർന്നാണ് നടപടി. ഇരുപത്തിമൂന്ന് ജയിൽ സുരക്ഷ ജീവനക്കാരുള്ള ജയിലിൽ സൗമ്യ ആത്മഹത്യ ചെയ്ത ദിവസം ജോലിക്കുണ്ടായിരുന്നത് നാല് അസിസ്റ്റന്റ് പ്രിസൺ ഓഫിസർമാർ മാത്രമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
സംഭവദിവസം സൗമ്യയെയും മറ്റു രണ്ട് തടവുകാരെയും ലോക്കപ്പിൽ നിന്നിറക്കി ഡയറി ഫാമിലേക്ക് അയച്ചിരുന്നു. പിന്നീട് സൗമ്യക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ പുറത്തേക്ക് കൊണ്ടുപോയതിനെത്തുടർന്ന് സൗമ്യ ആരുടേയും നിരീക്ഷണമില്ലാതെ തനിച്ചാകുകയായിരുന്നു. ജയിലിലെ ജീവനക്കാരുടെയും മറ്റു തടവുകാരുടെയും നീക്കങ്ങൾ പരിശോധിക്കാൻ പല കാരണങ്ങൾ പറഞ്ഞു ഗേറ്റിന് അടുത്ത് വരെ വന്നു മടങ്ങിയിട്ടു പ്രതിയെ ആരും ശ്രദ്ധിച്ചില്ല. സൗമ്യ മരിച്ച് ഒരു മണിക്കൂറിന് ശേഷമാണ് അക്കാര്യം ജയിൽ അധികൃതർ അറിഞ്ഞതെന്നതും ഡിഐജി പ്രദീപ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കണ്ണൂര്‍ വനിതാ ജയിലിൽ തിരുവോണതലേന്നാണ് സൗമ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 10 മണിയോടെയാണ് സൗമ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കാമുകനൊപ്പം തന്നിഷ്ടപ്രകാരം ജീവിക്കുന്നതിനായാണ് സൗമ്യ മാതാപിതാക്കളെയും, രണ്ട് പിഞ്ചു മക്കളെയും വിഷം കൊടുത്തു കൊന്നതെന്നാണ് കേസ്.
പിണറായി വണ്ണത്താന്‍ സൗമ്യയുടെ മാതാപിതാക്കളായ കമല, ഭര്‍ത്താവ് കുഞ്ഞിക്കണ്ണന്‍, സൗമ്യയുടെ പെണ്‍മക്കള്‍ എന്നിവരാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ദുരൂഹ മരണം ചര്‍ച്ചയായതോടെ പൊലീസ് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് സംഭവത്തിലെ ദുരൂഹതയുടെ ചുരുളഴിഞ്ഞത്. കിണറിലെ വെള്ളത്തില്‍ നിന്നും വിഷബാധ ഏറ്റായിരുന്നു മരണമെന്നായിരുന്നു സൗമ്യ നാട്ടുകാരെയും അന്വേഷണ ഉദ്യോഗസ്ഥരെയും തുടക്കത്തില്‍ വിശ്വസിപ്പിച്ചിരുന്നത്.  പിണറായി കൂട്ടക്കൊലക്കേസിൽ കൂടുതൽ പ്രതികളുണ്ടെന്നു ബന്ധുക്കൾ ആരോപിക്കുകയും ഏക പ്രതി സൗമ്യ ദുരൂഹ സാഹചര്യത്തിൽ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ കൂട്ടക്കൊലക്കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരിക്കുകയാണ്.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates