

ആലപ്പുഴ : ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ സര്‍ക്കാര്‍ അനുവദിച്ച ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് പിണറായി വിജയന്‍ വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തുന്നത്. മന്ത്രിമാരായ തോമസ് ഐസക്, ജി സുധാകരന്‍, പി തിലോത്തമന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നീ മന്ത്രിമാരാണ് മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നത്
മൂന്നരക്കോടി രൂപ ചെലവിലാണ് കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്നത്. വെള്ളാപ്പള്ളി നടേശനാണ് കണിച്ചുകുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ അദ്ധ്യക്ഷന്‍. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിലും ശബരിമല യുവതീ പ്രവേശനം അടക്കമുള്ള വിഷയങ്ങളിലും സര്‍ക്കാരിനൊപ്പം നിന്ന വെള്ളാപ്പള്ളി നടേശനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സമ്മാനമായാണ് പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്റര്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്‍.എസ്.എസുമായി സി.പി.എം ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.
ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും സഹായം നല്‍കുന്ന കേന്ദ്ര പദ്ധതിയായ സ്വദേശി ദര്‍ശന്‍ കണിച്ചുകുളങ്ങര ക്ഷേത്രത്തെ തഴഞ്ഞ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് കണിച്ചുകുളങ്ങരയില്‍ പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്നത്.
നേരത്തെ ശബരിമല വിഷയത്തില്‍ ഉള്‍പ്പടെ സര്‍ക്കാരിന് പരസ്യമായ പിന്തുണ നല്‍കുന്ന നിലപാടായിരുന്നു എസ്.എന്‍.ഡി.പി യോഗം സ്വീകരിച്ചിരുന്നത്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നടത്തിയ വനിതാ മതില്‍ വിജയിപ്പിക്കുന്നതിലും വെള്ളാപ്പള്ളി നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് കണിച്ചുകുളങ്ങര ക്ഷേത്രത്തിന് പദ്ധതി അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates