കോട്ടയം: ചങ്ങനാശ്ശേരി തൃക്കൊടിത്താനം പുതുജീവന്‍ ആശുപത്രിക്ക് സംസ്ഥാന മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ അംഗീകാരമില്ല. എഡിഎം അനില്‍ ഉമ്മന്‍ ജില്ലാകളക്ടര്‍ക്ക് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് ഗൗരവമേറിയ കണ്ടെത്തലുകള്‍. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടിലുണ്ട്. മാലിന്യ സംസ്‌കരണത്തിന് സൗകര്യമില്ല, മലിനജലം കേന്ദ്രത്തില്‍ കെട്ടിക്കിടക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
2016 മുതല്‍ 2021 വരെ പ്രവര്‍ത്തിക്കുന്നതിന് അതോറിറ്റി അനുമതി നല്‍കിയിരുന്നു. പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് 2019 ല്‍ അനുമതി റദ്ദാക്കിയിരുന്നു. പഴയ അനുമതിയുടെ പകര്‍പ്പ് പ്രദര്‍ശിപ്പിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. എട്ട് വര്‍ഷത്തിനിടെ 33 പേര്‍ മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും എഡിഎം ശുപാര്‍ശ ചെയ്യുന്നുണ്ട്. ഇതിനായി ഡ്രഗ്‌സ് കണ്‍ട്രോളര്‍ പരിശോധന നടത്തണം. ചികിത്സയിലെ പിഴവു മൂലമാണോ മരുന്നിന്റെ അമിത ഉപയോഗമാണോ എന്നതും പരിശോധിക്കണമെന്നും എഡിഎമ്മിന്റെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
എഡിഎമ്മിന്റെ റിപ്പോര്‍ട്ടില്‍ എന്ത് നടപടി വേണമെന്ന് ജില്ലാ ഭരണകൂടം ഇന്ന് തീരുമാനിക്കും. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ പുതുജീവനില്‍ 33 മരണങ്ങള്‍ ഉണ്ടായെന്ന് എഡിഎം അനില്‍ ഉമ്മന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സ്ഥാപനത്തിന്റെ ലൈസന്‍സ് സംബന്ധിച്ച് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസിന്റെ വിശദാംശങ്ങളും, സ്ഥാപനത്തിനെതിരെ ഉയര്‍ന്ന പ്രദേശവാസികളുടെ പരാതികളും അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സ്ഥാപനം അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട നടപടികളില്‍ പായിപ്പാട് ഗ്രാമപഞ്ചായത്ത് അധികൃതര്‍ നിയമോപദേശം തേടിയിട്ടുണ്ട്
ആശുപത്രി ഡയറക്ടര്‍ വി.സി.ജോസഫ് പായിപ്പാട് പഞ്ചായത്തില്‍ തിങ്കളാഴ്ച തെളിവെടുപ്പിന് ഹാജരാകണം. കെട്ടിട നിര്‍മാണം ക്രമവല്‍ക്കരണം സംബന്ധിച്ച് വി.സി. ജോസഫിന്റെ വാദം കേള്‍ക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശുചിത്വ സര്‍ട്ടിഫിക്കറ്റ് കഴിഞ്ഞ ദിവസം പഞ്ചായത്ത് റദ്ദാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates