

മലപ്പുറം; കുളിക്കാൻ പുഴയിൽ ഇറങ്ങിയ മധ്യവയസ്ക ഒഴുകിപ്പോയത് 13 കിലോമീറ്ററോളം. കടലുണ്ടിപ്പുഴയില്‍ ഇറങ്ങിയ പന്തല്ലൂര്‍ സ്വദേശിനിയായ മധ്യവയസ്കയാണ് ഒഴുക്കിൽപെട്ടത്. സ്ത്രീ പുഴയിലൂടെ ഒഴുകിപ്പോകുന്നതുകണ്ട നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് ഇവർക്ക് രക്ഷയായത്. വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് നാടിനെ മുൾമുനയിൽ നിർത്തിയ സംഭവമുണ്ടായത്.
കടമ്പോട് കടവില്‍ കുളിക്കാനിറങ്ങിയ ഇവര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഫാത്തിമയ്ക്ക് നീന്തലറിയാമെങ്കിലും നിയന്ത്രണം നഷ്ടപ്പെട്ടു. എന്നാൽ വെള്ളത്തില്‍ മലര്‍ന്ന് ഒഴുകാനായത് ഇവര്‍ക്ക് രക്ഷയായി. പന്തല്ലൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് യാത്രക്കാരാണ് പുഴയിലൂടെ എന്തോ ഒഴുകിവരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെടുത്തിയത്. കുമ്മങ്ങാട്ടുപറമ്പ് കടവിൽവച്ച് ഒഴുകി വരുന്നത് മനുഷ്യനാണെന്ന് തിരിച്ചറിഞ്ഞു. പ്രഭാതനടത്തത്തിന് ഇറങ്ങിയ കളത്തിങ്ങൽപടി ജാഫർ, ഷെരീഫ്, നൗഫൽ, പുള്ളിയിലങ്ങാടി സാഹിർ, അബ്ദുസലാം തുടങ്ങിയവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഒഴുക്കിൽ കൺവെട്ടത്തുനിന്ന് മറഞ്ഞു. പിന്നീട് 2 കിലോമീറ്റർ ദൂരം പിന്തുടർന്ന യുവാക്കൾ പാറക്കടവിൽവച്ച് പുഴയിലിറങ്ങിയാണ് ഇവരെ രക്ഷിച്ച് ആശുപത്രിയിൽ കൊണ്ടുപോയത്.
വിവരം അറിഞ്ഞ് പൊലീസും കൂടുതൽ നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്നു. കടമ്പോട്, പുള്ളിയിലങ്ങാടി, ചിറ്റത്തുപാറ, ചേപ്പൂർ വഴി ചുറ്റിവളഞ്ഞ് ഒഴുകുന്ന പുഴയിലൂടെ അപകടം സംഭവിക്കാതെ ഇത്രയും ദൂരം ഒഴുകിയെത്തിയത് അദ്ഭുതമായി. നിസ്സാര പരുക്കുകൾ മാത്രമുണ്ടായിരുന്ന ഇവർ ഉച്ചയോടെ വീട്ടിലേക്കു മടങ്ങി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates