കൊച്ചി : പൂജ ചെയ്ത് രോഗം മാറ്റി കൊടുക്കാമെന്ന് പറഞ്ഞ് പ്രായംചെന്ന സ്ത്രീയെയും മകളെയും കബളിപ്പിച്ച ഒരു കോടി രൂപയോളം തട്ടിയെടുത്ത യുവാവ് പിടിയില്‍. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് ആനന്ദാശ്രമം പൊട്ടന്‍കുളം വീട്ടില്‍ ഷാജിയുടെ മകന്‍ അലക്‌സ് (19) ആണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശികളായ അമ്മയെയും മകളെയുമാണ് ഭീഷണിപ്പെടുത്തി അലക്‌സ് 82 ലക്ഷം രൂപ തട്ടിയെടുത്തത്.
പരാതിക്കാരിയും മകളും പാലാരിവട്ടം വൈഎംസിഎയില്‍ രണ്ടുമാസം മുറിയെടുത്ത് താമസിച്ചിരുന്നപ്പോള്‍, പ്രതിയായ അലക്‌സ് അവിടെ റൂം ബോയ് ആയിരുന്നു. പരാതിക്കാരിയുടെ ഹൃദയസംബന്ധമായ രോഗവും മറ്റും മനസ്സിലാക്കിയ പ്രതി തനിക്ക് രോഗം മാറ്റുവാനുള്ള പ്രത്യേക പൂജ അറിയാമെന്നും മറ്റും പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. ആദ്യം തന്നെ ഇയാള്‍ പൂജ ചെയ്യുന്നതിനും മറ്റാവശ്യങ്ങള്‍ക്കുമായി 9 ലക്ഷം രൂപ കൈപ്പറ്റി. പിന്നീട് പല തവണകളായി 16 ലക്ഷം രൂപ കൈവശപ്പെടുത്തി.
പിന്നീട് പരാതിക്കാരിയുടെ മകളെ പ്രതി അലക്‌സ് ചിറ്റൂര്‍ റോഡിലേക്ക് വിളിച്ചുവരുത്തി കൂടുതല്‍ പൂജാകര്‍മ്മങ്ങള്‍ ചെയ്തില്ലെങ്കില്‍ പരാതിക്കാരിക്ക് മരണം സംഭവിക്കുമെന്നും പറഞ്ഞു. അതിനായി കൂടുതല്‍ പണം വേണമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി മകളുടെ കൈവശമുണ്ടായിരുന്ന എടിഎം കാര്‍ഡ് തട്ടിയെടുക്കുകയും ചെയ്തു. എടിഎം കാര്‍ഡ് ഉപയോഗിച്ച് 45 ലക്ഷത്തോളം രൂപ പിന്‍വലിക്കുകയും വിവിധ സാധനങ്ങള്‍ വാങ്ങിക്കുകയും ചെയ്തു. വീണ്ടും പണത്തിനായി നിരന്തരം ഭീഷണി തുടര്‍ന്നതോടെയാണ്, അമ്മയും മകളും കൊച്ചി ഡിസിപി പൂങ്കുഴലിക്ക് പരാതി നല്‍കിയത്. കൊച്ചി സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.
അപഹരിച്ച പണം കൊണ്ട് അലക്‌സ് പാനായികുളത്ത് ഒരു ആഡംബര വില്ലയും ഒരു ലക്ഷത്തിന് അടുത്ത വിലയുള്ള മൊബൈല്‍ ഫോണുകളും വാങ്ങി. ആഡംബര ബൈക്കും ലക്ഷങ്ങള്‍ വിലവരുന്ന മുന്തിയ ഇനം വളര്‍ത്തു നായയെയും അത്യാധുനിക ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും കബളിപ്പിച്ച പണം കൊണ്ട് അലക്‌സ് സ്വന്തമാക്കിയതായി പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
