പൂജയ്‌ക്കെത്തിയപ്പോള്‍ കണ്ടത് സാളഗ്രാമങ്ങള്‍ക്ക് പകരം ചെടിച്ചട്ടികള്‍ ; പിന്നില്‍ സേവാഭാരതിയെന്ന് സ്വാമിയാര്‍  

മൂപ്പില്‍ സ്വാമിയാര്‍ പൂജിച്ചിരുന്ന നൂറ്റാണ്ടു പഴക്കമുള്ള സാളഗ്രാമങ്ങളാണ് നഷ്ടമായതെന്ന് സ്വാമിയാര്‍
പൂജയ്‌ക്കെത്തിയപ്പോള്‍ കണ്ടത് സാളഗ്രാമങ്ങള്‍ക്ക് പകരം ചെടിച്ചട്ടികള്‍ ; പിന്നില്‍ സേവാഭാരതിയെന്ന് സ്വാമിയാര്‍  
Updated on
1 min read

തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാര്‍ ചാതുര്‍മാസ്യ പൂജയ്ക്ക് ഉപയോഗിച്ചിരുന്ന സാളഗ്രാമങ്ങള്‍ കാണാതായതായി പരാതി. മിത്രാനന്ദപുരത്ത് അദ്ദേഹം പൂജ നടത്തിയ സ്ഥലത്തുനിന്നാണ് സാളഗ്രാമങ്ങള്‍ കാണാതായത്. സേവാഭാരതി നടത്തിപ്പുകാരാണ് ഇതിനു പിന്നിലെന്നാണ് സ്വാമിയാര്‍ ആരോപിക്കുന്നത്. 

രണ്ടുമാസം നീണ്ട ചാതുര്‍മാസ്യപൂജ ഞായറാഴ്ച അവസാനിച്ചു. പൂജയ്ക്കായി ഞായറാഴ്ച രാവിലെ മഠത്തിലെത്തിയപ്പോള്‍, ശ്രീരാമന്റെയും ഭഗവതിയുടെയും സാളഗ്രാമങ്ങള്‍ ഉണ്ടായിരുന്നില്ല. പകരം ഈ സ്ഥലത്ത് രണ്ട് ചെടിച്ചട്ടികളാണ് കണ്ടത്. ശ്രീചക്രം യഥാസ്ഥാനത്തുണ്ടായിരുന്നു. ബാലസദനം നടത്തിപ്പുകാരോട് തിരക്കിയപ്പോള്‍ കണ്ടില്ലെന്ന ഉത്തരമാണ് നല്‍കിയതെന്ന് സ്വാമിയാര്‍ പറഞ്ഞു. മൂപ്പില്‍ സ്വാമിയാര്‍ പൂജിച്ചിരുന്ന നൂറ്റാണ്ടു പഴക്കമുള്ള സാളഗ്രാമങ്ങളാണ് നഷ്ടമായതെന്നും സ്വാമിയാര്‍ പറഞ്ഞു. 

ആര്‍എസ്എസുകാര്‍ കൈയേറിയ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മുഞ്ചിറമഠം ഒഴിഞ്ഞുനല്‍കണമെന്ന് ആവശ്യപ്പെട്ട് പുഷ്പാഞ്ജലി സ്വാമിയാര്‍ പരമേശ്വര ബ്രഹ്മാനന്ദതീര്‍ഥ നിരാഹാരസമരം നടത്തി വരികയായിരുന്നു. ആറുദിവസമായി സമരം നടത്തിവരികയായിരുന്ന സ്വാമിയാരുടെ സമരപ്പന്തല്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു.

പന്തൽ കെട്ടാൻ തുടങ്ങവേ ആർഎസ്‌എസ്‌ നേതൃത്വത്തിൽ അമ്പതോളം പേർ എതിർപ്പുമായി സ്ഥലത്തെത്തി. സ്വാമിയെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയുംചെയ്‌ത സംഘം പന്തലുകാരനെ വിരട്ടിയോടിച്ചു. തുടർന്ന്‌ പൊലീസിന്റെ സംരക്ഷണത്തിൽ പന്തൽ കെട്ടി. എന്നാൽ ആർഎസ്‌എസുകാർ സമരപ്പന്തൽ പൊളിക്കുകയും, സ്വാമിയുടെ കസേര തകർക്കുകയും ചെയ്തു. സ്വാമിക്ക്‌ പൊലീസ്‌ സുരക്ഷ  ഏർപ്പെടുത്തിയിട്ടുണ്ട്. മഠത്തിന്റെ അവകാശം സംബന്ധിച്ച് ഇരുവിഭാ​ഗങ്ങളുമായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇന്ന് ചർച്ച നടക്കും. ഒത്തുതീർപ്പുണ്ടായില്ലെങ്കിൽ നാളെ മുതൽ വീണ്ടും ഉപവാസം ആരംഭിക്കുമെന്ന് സ്വാമിയാർ വ്യക്തമാക്കി. 

പുഷ്പാഞ്ജലി സ്വാമിയാര്‍ക്ക് നേരെയുണ്ടായ അക്രമത്തെ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അപലപിച്ചു. സാധുവായ ഈ സന്ന്യാസിയെ ഭീഷണിപ്പെടുത്തി സമരത്തില്‍ നിന്ന് പിന്മാറ്റാനും, കെട്ടിടവും വസ്തുവും തങ്ങളുടെ സമ്പൂര്‍ണ്ണ അധീനതയിലാക്കി ക്ഷേത്രസ്വത്ത് കൊള്ളയടിക്കാനുമാണ് ആര്‍എസ്എസ് നീക്കം. ഇത് വിശ്വാസികളോടുള്ള വെല്ലുവിളിയും വഞ്ചനയുമാണ്. കൈയേറിയ സ്വത്ത് തിരിച്ചുനല്‍കി ഒഴിഞ്ഞുപോകാന്‍ ആര്‍എസ്എസ് തയ്യാറാകണം. മഠത്തില്‍ നിന്ന് സാളഗ്രാമം മോഷ്ടിച്ചവരെ അറസ്റ്റ് ചെയ്യണമെന്നും ആനാവൂര്‍ ആവശ്യപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com