തൃശൂര്‍ : പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന്റെ ഉത്സവ ലഹരിയിലാണ് സാംസ്‌കാരിക നഗരം. രാവിലെ അഞ്ചു മണിക്ക് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് കണിമംഗലം ശാസ്താവ് തെക്കേ ഗോപുരം വഴി എഴുന്നള്ളിയതോടെയാണ് പൂരത്തിന്റെ ചടങ്ങുകള്‍ക്ക് തുടക്കമായത്. ശ്രീമൂലസ്ഥാനത്ത് ഏഴ് ആനകളുടെ അകമ്പടിയോടെയാണ് കണിമംഗലം ശാസ്താവ് എഴുന്നള്ളിയത്.
തുടർന്ന് ചെമ്പൂക്കാവ്, പനമുക്കുംപള്ളി, കാരമുക്ക്, ലാലൂർ, ചൂരക്കോട്ടുകാവ്, അയ്യന്തോൾ, നെയ്തലക്കാവ് തുടങ്ങിയ ദേവീദേവന്മാർ ക്ഷേത്രത്തിൽ എത്തി വടക്കുംനാഥനെ വണങ്ങി. ഓരോ ഘടക പൂരങ്ങൾക്കും ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടിക്കയറി. തുടർന്ന് തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിൽ നിന്ന് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിക്കുന്ന ചടങ്ങായ മഠത്തിൽ വരവ് ആരംഭിച്ചു.
പൂരപ്രേമികളെ ആവേശത്തിലാറാടിച്ച പഞ്ചവാദ്യത്തിന് കോങ്ങാട് മധുവും സംഘവുമാണ് പ്രമാണം വഹിക്കുന്നത്. നായ്ക്കനാലിൽ പഞ്ചവാദ്യം അവസാനിപ്പിച്ച് പാണ്ടിമേളത്തിന്റെ അകമ്പടിയോടെ വടക്കുംനാഥനിലേക്ക് ഭഗവതി എഴുന്നെള്ളും. പതിനഞ്ച് ആനകൾ അണിനിരക്കും. ഉച്ചയ്ക്കാണ് പാറമേക്കാവ് ഭഗവതിയുടെ എഴുന്നെള്ളിപ്പ്. തേക്കിൻകാട്ടിലൂടെ പാണ്ടിമേളത്തിന്റെ ചെമ്പട താളത്തിൽ എത്തുന്ന ഭഗവതിക്ക് പതിനഞ്ച് ആനകൾ അകമ്പടി സേവിക്കും.
ഉച്ചകഴിഞ്ഞ് 2. 10 നാണ് പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം. പെരുവനം കുട്ടൻമാരാരും സംഘവുമാണ് പാണ്ടിയിൽ മേളപ്പെരുമ തീർക്കുക.
2.45ന് ശ്രീമൂല സ്ഥാനത്ത് തിരുവമ്പാടിയുടെ പാണ്ടിമേളം അരങ്ങേറും. ഇതിന് ശേഷം വൈകിട്ട് 5.30ഓടെയാണ് വർണവിസ്മയം തീർക്കുന്ന കുടമാറ്റം. നാളെ പുലര്‍ച്ചെ ആകാശത്ത് വർണ വിസ്മയം തീർത്ത് പൂര വെടിക്കെട്ട് നടക്കും. നാളെ പകല്‍ പൂരം കൊട്ടി അവസാനിക്കുന്നതോടെ തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയും. ഇതോടെ പൂരച്ചടങ്ങുകൾക്ക് സമാപനമാകും.
സുരക്ഷ ഭീഷണി കണക്കിലെടുത്ത് അതീവ ജാഗ്രതയിലാണ് വടക്കും നാഥ ക്ഷേത്രവും പരിസര പ്രദേശങ്ങളുമെല്ലാം. ദേശീയ ദുരന്തനിവാരണ സേനയടക്കമുള്ള കേന്ദ്ര സേനകളും സുരക്ഷയൊരുക്കും. 3500 ഓളം പോലീസുകാരും മറ്റു സേന വിഭാഗങ്ങളുമാണ് സുരക്ഷ ഒരുക്കുന്നത്. അതീവ സുരക്ഷാ മേഖലയായ ക്ഷേത്രം, മൈതാനം , സ്വരാജ് റൗണ്ട് പ്രദേശങ്ങളെ അഞ്ച് മേഖലകളായി വിഭജിച്ചാണ് നിയന്ത്രണം. സിസിടിവി ക്യാമറകൾ അടക്കം സജ്ജീകരിച്ച് പൊലീസിന്റെ സമ്പൂർണ നിരീക്ഷണത്തിലാണ് നഗരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates