കാക്കനാട്ടേക്ക് മെട്രോ ഈ വര്‍ഷം തന്നെ; തൃപ്പൂണിത്തുറ പാതയും പൂര്‍ത്തിയാക്കും; 3025 കോടി ചെലവ്

കാക്കനാട്ടേക്ക് മെട്രോ ഈ വര്‍ഷം തന്നെ; തൃപ്പൂണിത്തുറ പാതയും പൂര്‍ത്തിയാക്കും; 3025 കോടി ചെലവ്

പേട്ടയെ തൃപ്പൂണിത്തുറയുമായി ബന്ധിപ്പിച്ചു കൊണ്ടുളള നിര്‍ദിഷ്ട മെട്രോ പാത ഈ വര്‍ഷം യാഥാര്‍ത്ഥ്യമാകും
Published on

തിരുവനന്തപുരം: കൊച്ചി മെട്രോ വിപുലീകരണം പ്രഖ്യാപിച്ച് ബജറ്റ്. പേട്ടയെ തൃപ്പൂണിത്തുറയുമായി ബന്ധിപ്പിച്ചു കൊണ്ടുളള നിര്‍ദിഷ്ട മെട്രോ പാത ഈ വര്‍ഷം യാഥാര്‍ത്ഥ്യമാകും. നിലവില്‍ തൈക്കൂടം വരെയാണ് സര്‍വീസ്. തൈക്കൂടത്തെ പേട്ടയുമായി ബന്ധിപ്പിച്ചുകൊണ്ടുളള പാതയുടെ വികസനം അടുത്ത് തന്നെ പൂര്‍ത്തിയാകും. ഇതിന്റെ തുടര്‍ച്ചയായി തൃപ്പൂണിത്തുറയുമായി ബന്ധിപ്പിച്ചു കൊണ്ടുളള നിര്‍ദിഷ്ട റെയില്‍പാത ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്നാണ് ബജറ്റ് പ്രഖ്യാപിക്കുന്നത്.

കൊച്ചിയുടെ ഭരണസിരാകേന്ദ്രമായ കാക്കനാടിലൂടെ കടന്നുപോകുന്ന ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം- ഇന്‍ഫോപാര്‍ക്ക് പാതയുടെ വികസനം ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്നും ബജറ്റ് നിര്‍ദേശിക്കുന്നു. മെട്രോ വിപുലീകരണത്തിനായി 3025 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

തലസ്ഥാനനഗരമായ തിരുവനന്തപുരത്തെ കാസര്‍കോടുമായി ബന്ധിപ്പിച്ചു കൊണ്ടുളള അതിവേഗ ഗ്രീന്‍ഫീല്‍ഡ് റെയില്‍ പാത ബജറ്റില്‍ ഇടംപിടിച്ചു. ഇതിനായി ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടിയുളള നടപടികള്‍ക്ക് ഈ വര്‍ഷം തുടക്കമാകും. 1450 രൂപയ്ക്ക് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേയ്ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന പദ്ധതിക്ക് രൂപം നല്‍കുമെന്ന് സംസ്ഥാന ബജറ്റ് നിര്‍ദേശിക്കുന്നു. മൂന്നുവര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

 കോവളത്തെ ബേക്കലുമായി ബന്ധിപ്പിച്ചു കൊണ്ടുളള ജലപാത ഈ വര്‍ഷം യാഥാര്‍ത്ഥ്യമാക്കും. ഇതിനായി 682 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.കൊച്ചിയുടെ സമഗ്ര വികസനത്തിന് 6000 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.  ഗതാഗത വികസനത്തിന് മാത്രം 239 കോടി രൂപ നീക്കിവെയ്ക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി.

500 മെഗാവാട്ട് ശേഷിയുളള വൈദ്യൂത പദ്ധതികള്‍ തുടങ്ങുമെന്നതാണ് മറ്റൊരു ബജറ്റ് പ്രഖ്യാപനം. വരുന്ന സാമ്പത്തികവര്‍ഷം കിഫ്ബി വഴി 20,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 43 കിലോമീറ്ററുകളില്‍ 10 ബൈപാസുകള്‍
നിര്‍മ്മിക്കും. 53 കിലോമീറ്ററില്‍ 74 പാലങ്ങള്‍ നിര്‍മ്മിക്കുന്നതിനും തുക വകയിരുത്തുമെന്നും സംസ്ഥാന ബജറ്റില്‍ നിര്‍ദേശിക്കുന്നു.

4384 കോടി രൂപയുടെ കുടിവെളള പദ്ധതികള്‍ നടപ്പാക്കും. രണ്ടരലക്ഷം കുടിവെളള കണക്ഷനുകള്‍ അധികമായി നല്‍കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പ്രവാസി ക്ഷേമത്തിന് 90 കോടി രൂപയും പൊതുമരാമത്ത് വകുപ്പിന് 1500 കോടി രൂപയും നീക്കിവെച്ചതായും ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

ഗ്രാമീണ റോഡ് വികസനത്തിന് 1000 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുളള വിഹിതം
12074 കോടി രൂപയായി ഉയര്‍ത്തി. തീരദേശ വികസനത്തിന് 1000 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു.

എല്ലാ ക്ഷേമ പെന്‍ഷനും 1300 രൂപയാക്കി ഉയര്‍ത്തുമെന്ന് സംസ്ഥാന ബജറ്റ് പ്രഖ്യാപിച്ചു.എല്ലാ ക്ഷേമ പെന്‍ഷനും നൂറു രൂപ വര്‍ദ്ധിപ്പിച്ചുവെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.ധനപ്രതിസന്ധി സംസ്ഥാനത്ത് വികസന സ്തംഭനം ഉണ്ടാക്കാന്‍ അനുവദിച്ചിട്ടില്ല. കഴിഞ്ഞ സംര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ പ്രകടനത്തെ ഈ സര്‍ക്കാര്‍ നാലുവര്‍ഷം കൊണ്ടു മറികടന്നു.

ക്ഷേമ പെന്‍ഷനുകള്‍ക്ക് വേണ്ടി കഴിഞ്ഞ സര്‍ക്കാര്‍ ചെലവഴിച്ചത് 9,311കോടി രൂപയാണ്. ഈ സര്‍ക്കാര്‍ നാലു വര്‍ഷം കൊണ്ട് 22,000കോടി രൂപ കടന്നിരിക്കുന്നു. പതിമൂന്നുലക്ഷം വയോജനങ്ങള്‍ക്ക് കൂടി ക്ഷേമ പെന്‍ഷന്‍ നല്‍കിയതായും മന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com