കൊച്ചി : നിർമ്മാണ തകരാറിനെ തുടർന്ന് അറ്റകുറ്റപ്പണികൾ നടത്തുന്ന പാലാരിവട്ടം മേൽപാലത്തിന്റെ കാര്യത്തിൽ ഇപ്പോൾ ചെയ്യുന്നതൊന്നും ശാശ്വത പരിഹാരമല്ലെന്ന് ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ. മാറ്റിപ്പണിയുന്നതു മാത്രമാണ് ഉചിത മാർഗം. ഗർഡറുകളെല്ലാം മാറ്റണം. ഇളക്കം തട്ടിയ ഗർഡറുകൾ വീണ്ടും യോജിപ്പിക്കുന്നത് നല്ലതല്ല. പാലങ്ങൾക്ക് 100 വർഷത്തിനു മീതെ ആയുസ്സ് വേണ്ടതാണ്. പൊടിക്കൈകൾ കൊണ്ടു പാലം നിലനിർത്തുന്നതു ശരിയല്ലെന്നും ഇ ശ്രീധരൻ പറഞ്ഞു.
പാലത്തിന്റെ ഡിസൈൻ തന്നെ തെറ്റാണ്. ഉദ്യോഗസ്ഥരുടെ മേൽനോട്ടം ഇവിടെ വേണ്ടവിധം ഉണ്ടായോയെന്നു സംശയമുണ്ട്. ഗർഡറുകൾ കൂട്ടിയിണക്കാൻ ആവശ്യത്തിനു ഡയഫ്രം ഉപയോഗിക്കാത്തതാണ് വാഹനം പോകുമ്പോൾ പാലം ഇളകുന്നതിനുള്ള മുഖ്യകാരണം. പാലാരിവട്ടം പാലത്തിൽ ആവശ്യത്തിനു ‘മിഡിൽ ഡയഫ്രം’ ഉപയോഗിച്ചിട്ടില്ലെന്നാണ് തോന്നുന്നത്. ദേശീയപാതയിലുള്ള പാലങ്ങൾ സംസ്ഥാനം ഏറ്റെടുത്തു ചെയ്യേണ്ടതുണ്ടോ എന്നു പരിശോധിക്കണം. ദേശീയപാത അതോറിറ്റിക്ക് സംവിധാനങ്ങളുണ്ട്. കരാറുകൾ നൽകാൻ വേണ്ടി മാത്രം മേൽപാലം പോലുള്ള പദ്ധതികൾ തുടങ്ങുന്നതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം എന്നു കണ്ടു. പാലം തകർച്ച നേരിട്ടപ്പോൾ ആദ്യം വിജിലൻസിനെ സമീപിക്കുകയല്ല, എൻജിനീയറിങ് വിദഗ്ധരെ സമീപിക്കുകയായിരുന്നു വേണ്ടത്. വിജിലൻസിനെ കൊണ്ടുവന്നാൽ പാലം നന്നാകില്ല. തിരുനാവായ, പെരിന്തൽമണ്ണ മേൽപാലങ്ങൾക്കു സംഭവിച്ചതും ഇതാണ്. എന്നിട്ടും ഗുരുതരമായ കൃത്യവിലോപം ആവർത്തിക്കപ്പെടുകയാണ്. ഇത് അംഗീകരിക്കാൻ വയ്യാത്തതാണെന്നും ശ്രീധരൻ പറഞ്ഞു.
കൊച്ചിയിൽ ഡിഎംആർഡി സ്വന്തം ഡിസൈനിൽ നിർമിച്ച നാലു പാലങ്ങളും സമയബന്ധിതമായി ചുരുങ്ങിയ ബജറ്റിലാണു തീർത്തത്. ഇടപ്പള്ളി മേൽപാലത്തിന് 54.23 കോടിയായിരുന്നു എസ്റ്റിമേറ്റ്. ഫൂട് ഓവർ ബ്രിജും എസ്കലേറ്ററും നിർമിക്കേണ്ട അഞ്ചു കോടിയുടെ പണി ഡിഎംആർസി ചെയ്തിട്ടില്ല. പാലം പൂർത്തിയാക്കിയത് 33.12 കോടി രൂപയ്ക്കാണ്. മൊത്തം പദ്ധതി സംഖ്യയിൽ 16.11 കോടി രൂപ മടക്കി നൽകുകയായിരുന്നുവെന്നും ഇ ശ്രീധരൻ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates