തൃശൂര്‍: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നു. ജില്ലയില്‍ സമൂഹവ്യാപനമില്ലെന്ന് ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന അവലോകന യോഗം വിലയിരുത്തി.
ബംഗാളില്‍ നിന്ന് എത്തി ക്വാറന്റൈനിലിരിക്കെ കോവിഡ് പോസിറ്റിവായ 12 തൊഴിലാളികള്‍ക്ക് ഭക്ഷണമെത്തിച്ച് നല്‍കിയ വരന്തരപ്പിളളി സ്വദേശിക്കാണ് ബുധനാഴ്ച സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. മറ്റൊരാള്‍ ബാംഗ്ലൂരില്‍ നിന്നുവരുന്ന വഴി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായ കരുപ്പടന്ന സ്വദേശിയാണ്. എന്നാല്‍ കോവിഡ് 19 വ്യാപനം തടയാന്‍ ജാഗ്രത ശക്തമാക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
സാമൂഹ്യഅകലം പാലിക്കാത്ത കടകള്‍ക്കെതിരെ കര്‍ശന നടപടി കൈകൊളളും. പൊതുസ്ഥലത്ത് 5 പേരില്‍ കൂടുതല്‍ ഒരുമിച്ചാല്‍ കേസെടുക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ ജില്ലാ പൊലീസ് അധികാരികള്‍ക്ക് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് നിര്‍ദ്ദേശം നല്‍കി.
സാമൂഹിക അകലം കുറഞ്ഞത് ഒരു മീറ്റെങ്കിലും പാലിക്കണം. പ്ലാന്റേഷന്‍, നിര്‍മ്മാണ മേഖലകളില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും തൊഴിലാളികളെ കൊണ്ടുവരാന്‍ പാടില്ല. വീടുകള്‍ തോറും കയറിയിറങ്ങിയുളള കച്ചവടം പാടില്ല.
ജില്ലയില്‍ കോവിഡ് രോഗസാധ്യത നിലനില്‍ക്കുന്നതിനാല്‍ നിലവില്‍ ഉളളതിന് പുറമേ പുതിയ കണ്ടെയന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. കുന്ദംകുളം നഗരസഭയില്‍ 07, 08, 11, 15, 19, 20 ഡിവിഷനുകള്‍, കാട്ടാകാമ്പാല്‍ ഗ്രാമപഞ്ചായത്ത് 06, 07, 09 വാര്‍ഡുകള്‍, കടവല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 14, 15, 16 വാര്‍ഡുകള്‍, തൃശൂര്‍ കോര്‍പ്പറേഷനിലെ നിലവിലുളള 28, 29, 30, 34, 41 ഡിവിഷനുകള്‍ക്ക് പുറമേ 03, 32, 35, 36, 39, 48, 49 ഡിവിഷനുകളെയാണ് കണ്ടെയന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ എസ് ഷാനവാസ് പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ ദുരിതനിവാരണ നിയമം ക്രിമിനല്‍ നടപടി നിയമം 114 എന്നിവയനുസരിച്ചുളള അധികപ്രതിരോധ പ്രതികരണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അവശ്യസര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. അടിയന്തരാവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുത്. അല്ലാത്തവര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടി സ്വീകരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates