നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ആഭ്യന്തരവകുപ്പിനെ രൂക്ഷമായി വിമർശിച്ച് അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ. കോടികൾ മുടക്കി തീറ്റിപ്പോറ്റുന്ന സേനയിൽ ഒരു കേസ് സത്യസന്ധമായി അന്വേഷിക്കാൻ ഒരാളുപോലും ഇല്ലേ എന്നാണ് തന്റെ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ ഹരീഷ് ചോദിക്കുന്നത്. പിന്നെന്തിനാണ് ഞങ്ങൾ മലയാളികൾ ഈ ആഭ്യന്തര വകുപ്പിനെ നികുതിപ്പണം കൊടുത്ത് ഇങ്ങനെ തീറ്റിപ്പോറ്റുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.
'നെടുങ്കണ്ടത്ത് ഒരു പൗരനെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത്, മർദ്ദിച്ചു കൊന്നിട്ട് തെളിവുകൾ നശിപ്പിച്ചു. ഇത് സത്യസന്ധമായി, നീതിയുക്തമായി അന്വേഷിക്കാൻ വിശ്വസിക്കാവുന്ന ഒറ്റയൊരാൾ പോലുമില്ല. പൗരന്റെ സ്വത്തിനും ജീവനും സംരക്ഷണമേകാൻ ഓരോ വർഷവും 3000 കോടിയിലധികം രൂപയാണ് ആഭ്യന്തര വകുപ്പിന്റെ തീറ്റിപ്പോറ്റാൻ കേരളം ചെലവാക്കുന്നത്. ഒരു കേസന്വേഷണം എങ്ങനെ വേണമെന്ന് നോക്കാൻ എണ്ണമറ്റ IPS കാരെ, DIG മാരെ, IG മാരെ ഒക്കെ നമ്മൾ കാറും വീടും സകല സുഖസൗകര്യങ്ങളും പലപ്പോഴും കിമ്പളവും കൊടുത്ത് തീറ്റിപ്പോറ്റുന്നു. എന്നിട്ടും വിശ്വസനീയമായി ഒരുകേസ് അന്വേഷിക്കാൻ ആഭ്യന്തര വകുപ്പിന് കീഴിൽ പണിയെടുക്കുന്ന ഒറ്റയോരാൾ ഇല്ലെന്ന് ആഭ്യന്തരവകുപ്പ് തന്നെ സമ്മതിച്ചിരിക്കുകയാണ്.'- ഹരീഷ് വാസുദേവൻ കുറിച്ചു.
ഹരീഷ് വാസുദേവന്റെ ഫേയ്സ്ബുക്ക് കുറിപ്പ്
ആഭ്യന്തര വകുപ്പ് പരാജയമാണെന്നു ആരാണ് പറഞ്ഞത്??
പോലീസ് സേനയിൽ കോൺസ്റ്റബിൾ മുതൽ ലക്ഷങ്ങൾ പ്രതിമാസശമ്പളം വാങ്ങുന്ന DGP മാർ വരെ, ലോക്കൽ പൊലീസെന്നും ക്രൈംബ്രാഞ്ചേന്നും വിജിലൻസെന്നും സ്‌പെഷ്യൽ ബ്രാഞ്ച് എന്നുമൊക്കെയുള്ള പേരിൽ നാം തീറ്റിപ്പോറ്റുന്നത് പൗരന്റെ സ്വത്തിനും ജീവനും സംരക്ഷണമേകാനാണ്.
3000 കോടിയിലധികം രൂപയാണ് ഈ ആഭ്യന്തര വകുപ്പിന്റെ തീറ്റിപ്പോറ്റാൻ ഓരോ വർഷവും ഈ കൊച്ചു സംസ്ഥാനം ചെലവിടുന്നത്. അതിൽ നല്ലപങ്കും ശമ്പളമായും.
ഈ സേനയിലെ കാക്കിയിട്ട ചില ക്രിമിനലുകൾ സംഘം ചേർന്ന് നെടുങ്കണ്ടത്ത് ഒരു പൗരനെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത്, മർദ്ദിച്ചു കൊന്നിട്ട് തെളിവുകൾ നശിപ്പിച്ചു. അത് സത്യസന്ധമായി, നീതിയുക്തമായി അന്വേഷിക്കാൻ നമ്മളീ തീറ്റിപ്പോറ്റുന്ന 50,000 ൽപ്പരം വരുന്ന സേനയിൽ നിന്ന് വിശ്വസിക്കാവുന്ന ഒറ്റയൊരാൾ പോലും ഇല്ലെന്ന് !! ഒരുത്തനോ ഒരുത്തിയോ പോലും !!! മരുന്നിന് ഒരെണ്ണം !!
ഒരു കേസന്വേഷണം എങ്ങനെ വേണമെന്ന് നോക്കാൻ എണ്ണമറ്റ IPS കാരെ, DIG മാരെ, IG മാരെ ഒക്കെ നമ്മൾ കാറും വീടും സകല സുഖസൗകര്യങ്ങളും പലപ്പോഴും കിമ്പളവും കൊടുത്ത് തീറ്റിപ്പോറ്റുന്നു.. എത്രയെത്ര സർക്കുലറുകൾ, സർക്കാർ ഉത്തരവുകൾ, ട്രെയിനിങ്ങുകൾ.... ഇതിൽപ്പലർക്കും അന്വേഷണം പഠിക്കാൻ വിദേശത്ത് പോകാൻ സർക്കാർ ചെലവിട്ട ലക്ഷങ്ങളോ കോടികളോ !!!!
എന്നിട്ടത് വിശ്വസനീയമായി അന്വേഷിക്കാൻ ആഭ്യന്തര വകുപ്പിന് കീഴിൽ പണിയെടുക്കുന്ന ഒറ്റയോരാൾ ഇല്ലെന്ന് ആഭ്യന്തരവകുപ്പ് തന്നെ സമ്മതിച്ചിരിക്കുന്നു !! പ്രതിപക്ഷം ചോദിച്ചപ്പോ അപ്പോത്തന്നെ ജുഡീഷ്യൽ അന്വേഷണം !! അതിനു പ്രത്യേക പണം, പ്രത്യേക ഓഫീസ്, പ്രത്യേക സംവിധാനം.... എല്ലാം എല്ലാം...
ജസ്റ്റിസ്.നാരായണക്കുറുപ്പിന് എത്ര കൊലക്കേസ് അന്വേഷിച്ച് പരിചയമുണ്ട്? ക്രിമിനൽ അന്വേഷണമാണോ അന്വേഷണ റിപ്പോർട്ടുകൾ വിലയിരുത്തി നിയമം നോക്കുന്ന പണിയാണോ അങ്ങേര് സർവ്വീസിലിരിക്കുമ്പോൾ ചെയ്തു ശീലിച്ചത്? എല്ലാക്കേസും സേനയ്ക്ക് പുറത്തുള്ള ആളുകളെ ഏൽപ്പിച്ചാലേ ജനത്തിന് വിശ്വാസം വരൂ എന്നാണെങ്കിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ട ഈ സേനയ്ക്ക് വേണ്ടി എന്തിനാണ് 3000 കോടിരൂപ പ്രതിവർഷം ഞങ്ങൾ മലയാളികൾ ചെലവാക്കുന്നത്??
പിന്നെന്തിനാണ് മുഖ്യമന്ത്രീ ഞങ്ങൾ മലയാളികൾ ഈ ആഭ്യന്തര വകുപ്പിനെ നികുതിപ്പണം കൊടുത്ത് ഇങ്ങനെ തീറ്റിപ്പോറ്റുന്നത്? പറയൂ, നിങ്ങളെ ജനങ്ങൾ ഏൽപ്പിച്ച പണി outsource ചെയ്തിട്ട് ഈ ആഭ്യന്തര വകുപ്പ് പൂർണ്ണ പരാജയമാണെന്ന് നിങ്ങൾ തന്നെയല്ലേ ജനങ്ങളോട് പറയാതെ പറയുന്നത്?? ഞങ്ങളെന്ത് മനസിലാക്കണം?
അഡ്വ.ഹരീഷ് വാസുദേവൻ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates