

എന്തിനേയും നര്‍മത്തോടെ സമീപിക്കുന്ന മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ ശൈലി മലയാളികള്‍ക്കെല്ലാം സുപരിചിതമാണ്. ഇതു നമുക്കു പരിചിതമായ ചില വാക്കുകള്‍ക്കു മാര്‍ ക്രിസോസ്റ്റം നല്‍കുന്ന നിര്‍വചനമാണ്, ഒരു ക്രിസോസ്റ്റം നിഘണ്ടു. സമകാലിക മലയാളം ഓണപ്പതിപ്പില്‍ മാര്‍ ക്രിസോസ്റ്റവുമായി എംകെ നിധീഷ് നടത്തിയ അഭിമുഖത്തിനൊപ്പം പ്രസിദ്ധീകരിച്ചത്.
...........................................
സംഭാഷണത്തിനിടെ ഞങ്ങള്‍ ഒരു കളി തുടങ്ങി. ഇംഗ്ലീഷില്‍ ഡെവില്‍സ് ഡിക്ഷണറി പോലെ മലയാളത്തില്‍ ഒരു ക്രിസോസ്റ്റം നിഘണ്ടു നിര്‍മ്മിക്കാന്‍. ഞാന്‍ ചില വാക്കുകള്‍ ചോദിച്ചു, തിരുമേനി സ്വതസിദ്ധമായ ശൈലിയില്‍ അവയ്ക്ക് അര്‍ത്ഥം നല്‍കി.
വിവാഹം: നിങ്ങളിനി രണ്ടല്ല ഒന്നാണ്. ഒന്നെന്നു പറഞ്ഞാല്‍ ഒന്ന്. ഒന്നെന്നു പറഞ്ഞാല്‍ രണ്ടല്ല. അക്കത്തെ അടിസ്ഥാനമാക്കിയാല്‍ രണ്ടാണ്. പക്ഷേ, സാമൂഹികപരമായി ഒന്നാണ്.
കുടുംബം: കുടുംബം ഇല്ലാത്തോനാണ് കുടുംബത്തിന്റെ അര്‍ത്ഥം പറയുന്നത്. ഒരാള്‍ മറ്റൊരുവനുവേണ്ടി ജീവിക്കുന്നു. അവര്‍ ഒരുമിച്ചാകുമ്പോള്‍ അതിനെ കുടുംബം എന്നു വിളിക്കുന്നു.
വ്യഭിചാരം: അതെനിക്ക് പരിചയമില്ലാത്തതാണ്. അംഗീകരിക്കാന്‍ കഴിയാത്തതാണ്. ഉത്തരവാദിത്വങ്ങളൊന്നുമില്ലാത്ത ലൈംഗിക ബന്ധമാണത്.
ബൈബിള്‍: ദൈവത്തെപ്പറ്റിയുള്ള അവബോധവും അതെക്കുറിച്ചുള്ള മാനുഷിക വ്യാഖ്യാനവുമാണ് ബൈബിള്‍.
സഭ: മനുഷ്യന് ദൈവത്തെക്കുറിച്ചുള്ള അവബോധം.
അസൂയ: മാനുഷിക പ്രതികരണത്തോടുള്ള പ്രതികരണം. ഞാന്‍ പ്രസംഗിക്കുമ്പോള്‍ ഞാന്‍ മഹാനാണെന്നും അവര്‍ക്ക് ഒന്നും അറിയില്ല എന്നും വിചാരിക്കുന്നു. കേള്‍വിക്കാരെ പ്രബുദ്ധരാക്കണം എന്നുള്ള ഉദ്ദേശമൊന്നും എനിക്ക് ഇല്ല.
അച്ഛന്‍: പുത്രന്റെ സൃഷ്ടാവ്
വിശുദ്ധി: പാപ്പാ തിരുമേനി എന്റെ അഭിപ്രായത്തില്‍ വിശുദ്ധിയുള്ള ആളാണ്. പക്ഷേ, അദ്ദേഹം രാത്രി കുര്‍ബ്ബാന കഴിഞ്ഞിട്ട് പറയുകയാണ് താന്‍ മഹാപാപിയാണെന്ന്. സ്വയം പാപിയാണെന്ന് തിരിച്ചറിയാത്തവര്‍ക്കാണ് വിശുദ്ധി. എന്റെ അഭിപ്രായത്തില്‍ വിശുദ്ധരായിട്ട് ആരുമില്ല.
ഞാന്‍: ദൈവത്തിന്റെ പ്രതിച്ഛായയുള്ള മനുഷ്യന്‍. മനഷ്യന് ദൈവത്തിന്റെ ഛായ നല്‍കി സൃഷ്ടിച്ചെന്നും മൂക്കിലൂടെ ആദ്യ ശ്വാസം നല്‍കിയെന്നുമാണ് ബൈബിളില്‍ പറയുന്നത്.
തമാശ: ഞാന്‍ തമാശ പറയാറുണ്ട്. അത് തമാശയല്ല. അതെനിക്കറിയാം.
കുട്ടി: മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നവന്‍ കുഞ്ഞാണ്.
പൊലീസ്: സമാധാനകാംക്ഷികള്‍
രാഷ്ട്രീയക്കാര്‍: ചിന്താക്കുഴപ്പം തീര്‍ക്കുന്നവര്‍
രതി: മറ്റൊരാളുടെ ശരീരത്തിലൂടെ തന്നെത്തന്നെ ആഴത്തിലറിയുന്ന അനുഭവം
ചെകുത്താന്‍: നിങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അത് എന്നെക്കാള്‍ നന്നായി അറിയാല്ലോ (ചിരിക്കുന്നു)
ചോദ്യം: ഒരാള്‍ക്ക് എന്തൊക്കെ അറിയാമെന്ന് അയാളെത്തന്നെ മനസ്സിലാക്കുന്നതാണ് ചോദ്യം.
ബന്ധം: മനുഷ്യനെ മനുഷ്യനാക്കുന്നതെന്തോ അത്.
സത്യം: മനുഷ്യന്റെ കഴിവുകൊണ്ട് നശിപ്പിക്കാനാവാത്തത്.
അജ്ഞാതം: അജ്ഞാതം അജ്ഞാതമാണ് (''ആഹ്, അത് വളരെ എളുപ്പമായി'')
സ്ത്രീ: കുടുംബത്തിന്റെ അധികാരി
പൂജ്യം: ഒന്നുമില്ലായ്മയെക്കുറിച്ചുള്ള തിരിച്ചറിവ്
(അഭിമുഖത്തിന്റെ പൂര്‍ണ രൂപം സമകാലിക മലയാളം ഓണപ്പതിപ്പില്‍)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates