തിരുവനന്തപുരം : കാണാതായ സ്വകാര്യധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ മോഹനനെ കണ്ടെത്താൻ സഹായിക്കാമെന്ന് പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തി കബളിപ്പിക്കാനെത്തിയവർ പിടിയിലായി. പൊലീസ് സൈബർ ഡോമിൽ നിന്നെന്ന വ്യാജേന എത്തി ബന്ധുക്കളെ കബളിപ്പിച്ച രണ്ടുപേരാണ് അറസ്റ്റിലായത്.
നെയ്യാറ്റിൻകര കൊച്ചപ്പള്ളി കമുകിൻകോട് തെക്കേവാർവിളാകം പുത്തൻ വീട്ടിൽ സുരേഷ് കുമാർ (50), കമുകിൻകോട് പാലകുന്നത്ത് വീട്ടിൽ ഹനി (36) എന്നിവരെയാണ് ആര്യനാട് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. 50 പവനും അരലക്ഷം രൂപയുമായി ബാങ്കിൽ നിന്നിറങ്ങി സ്കൂട്ടറുമായി കാണാതായ കുളപ്പട സുവർണ നഗർ ഏഥൻസിൽ കെ മോഹനനെ (58) കണ്ടെത്താൻ സഹായിക്കാം എന്ന് പറഞ്ഞാണ് ഇവർ ബന്ധുക്കളെ സമീപിച്ചത്.
ഇന്നലെ വൈകിട്ട് 3.30 നാണ് ഇവർ മോഹനന്റെ മകൻ അമലിനെ വിളിച്ചിട്ട് വീട്ടിൽ എത്തുന്നത്. മോഹനന്റെ ബന്ധുവായ മീനാങ്കൽ സ്വദേശി ജയകുമാറിന്റെ വീട്ടിലായിരുന്നതിനാൽ ഇവർ ഇവിടെ എത്തി. സംശയം തോന്നിയ ബന്ധുക്കൾ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
സുരേഷ് കുമാർ മുൻപ് ശബരിമല സീസണിൽ സ്പെഷൽ പൊലീസ് ഓഫിസർ ആയി പ്രവർത്തിച്ചതിന്റെ രേഖ കയ്യിൽ ഉണ്ടായിരുന്നെന്ന് ആര്യനാട് എസ്ഐ പറഞ്ഞു. ആര്യനാട് പോകണമെന്നും ബൈക്കിൽ ഇന്ധനം അടിയ്ക്കാമെന്ന് പറഞ്ഞാണ് ഹനി വിളിച്ചതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കാണാതായി 35 ദിവസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്താത്തതിനെ തുടർന്ന് മോഹനനെ കണ്ടെത്താൻ വിവരം നൽകുന്നവർക്ക് ബന്ധുക്കൾ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates