കാഞ്ഞിരപ്പളളി:വൈദ്യൂതി പോസ്റ്റ് ഇടിച്ചുതകര്‍ത്ത ശേഷം നിര്‍ത്താതെ പാഞ്ഞ കാര്‍ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി ഉളളിലുണ്ടായിരുന്നവരെ പുറത്തിറക്കി ഒരു മിനിറ്റിനുളളില്‍ കാര്‍ കത്തിയമര്‍ന്നു. കാറിലുണ്ടായിരുന്ന ഈരാറ്റുപേട്ട അരയത്തിനാല്‍ നെല്‍സണ്‍, കപ്പാട് തെങ്ങണാംകുന്നേല്‍ ജോസ് മാത്യൂ, മുക്കൂട്ടുതറ വട്ടപ്പറമ്പില്‍ എബിന്‍ എന്നിവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
കാഞ്ഞിരപ്പളളി - ഈരാറ്റുപേട്ട റോഡില്‍ വില്ലണിയിലായിരുന്നു സംഭവം. എരുമേലിയില്‍ നിന്ന് ഈരാട്ടുപേട്ടയിലേക്ക് പോവുകയായിരുന്ന നെല്‍സണിന്റെ കാര്‍ ആനക്കല്ലിന് സമീപത്ത് നിയന്ത്രണം വിട്ട് വൈദ്യൂതി പോസ്റ്റിലിടിച്ചു. പോസ്റ്റും കാറിന്റെ മുന്‍ഭാഗവും തകര്‍ന്നെങ്കിലും നിര്‍ത്താതെ പോയി.
പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ മുന്‍ഭാഗം തകര്‍ന്ന കാര്‍ പായുന്നതുകണ്ട് പിന്നാലെ എത്തി നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്തിയില്ല. തുടര്‍ന്ന് കാറിനെ മറികടന്ന് പൊലീസ് ജീപ്പ് തടഞ്ഞുനിര്‍ത്തി. കാറിലുണ്ടായിരുന്നവരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. ഇവര്‍ ഇറങ്ങി ഉടന്‍ തീ ആളിക്കത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാര്‍ യാത്രികര്‍ മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നും കാറിനുളളില്‍ മദ്യക്കുപ്പിയുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
അശ്‌നിശമന സേന എത്തിയാണ് തീ അണച്ചത്.തകര്‍ന്ന വാഹനം ഓടിച്ചതാണ് തീയുണ്ടാകാന്‍ കാരണമെന്ന് കരുതുന്നു. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് പൊലീസ് കേസെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates