

തിരുവനന്തപുരം: ഇന്നത്തെ സമ്പൂർണ്ണ ലോക്ക്ഡൗണിന്റെ ഭാഗമായി പ്രധാന നഗരങ്ങളിലെ റോഡുകൾ അടച്ചിടും. പുലർച്ചെ അഞ്ചു മുതൽ രാത്രി 10 വരെയാണ് റോഡുകൾ അടച്ചിടുന്നത്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ മൂന്ന് റോഡുകൾവീതമാണ് അടച്ചിടുന്നത്. കോഴിക്കോട്ട് ബീച്ച്‌റോഡ്, എരഞ്ഞിപ്പാലം-സരോവരം പാർക്ക് പി.എച്ച്.ഇ.ഡി. റോഡ്, വെള്ളിമാടുകുന്ന്-കോവൂർ റോഡ് എന്നിവയാണ് അടയ്ക്കുന്നത്. തിരുവനന്തപുരത്തെ മ്യൂസിയം–വെള്ളയമ്പലം, കവടിയാര്‍–വെള്ളയമ്പലം, പട്ടം–കവടിയാര്‍ എന്നീ റോഡുകളും അടയ്ക്കും.
കൊച്ചിയില്‍ ബി.ടി.എച്ച്–ഹൈക്കോടതി ജങ്ഷന്‍, പനമ്പിള്ളി നഗര്‍, കലൂര്‍ സ്റ്റേഡിയം റോഡ് എന്നിവ അടച്ചിടുന്നു. നടത്തവും സൈക്കിള്‍ സവാരിയും മാത്രമാണ് ഈ റോഡുകളിൽ അനുവദിക്കുക. രാവിലെയായതിനാല്‍ പൂജാരിമാരും പുരോഹിതരും ഉള്‍പ്പെടെ മതപരമായ ചടങ്ങുകള്‍ക്ക് പോകുന്നവര്‍ക്കും യാത്രാനുമതിയുണ്ട്. അവശ്യവിഭാഗത്തിനും പാസുള്ളവര്‍ക്കും മാത്രമാണ് ഇന്ന് യാത്രാനുമതിയുള്ളത്.
ഞായറാഴ്ചകളിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ നിയന്ത്രണം എന്ന സർക്കാർ തീരുമാനം ഇന്നു മുതൽ നടപ്പാകുകയാണ്. വാഹന നിയന്ത്രണങ്ങൾ കർശനമാക്കും. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകി. അടിയന്തര സാഹചര്യം വന്നാൽ ജില്ലാ അധികാരികളുടെയോ പൊലീസിന്റെയോ പാസുമായി മാത്രമേ യാത്ര അനുവദിക്കൂ. അവശ്യസേവനങ്ങൾക്കു മാത്രമാണ് ഇന്ന് പുറത്തിറങ്ങാൻ അനുവാദമുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates