

തിരുവനന്തപുരം: എസ് ഹരീഷിന് പിന്നാലെ കവി പ്രഭാവര്‍മക്കെതിരെയും സംഘപരിവാര്‍ ഭീഷണി. ഈ ലക്കം കലാകൗമുദി വാരികയില്‍ 'ഗീത, ദൈവദശകം, സന്ദീപാനന്ദഗിരി' എന്ന ലേഖനമെഴുതിയതിന് ഫോണിലൂടെ തന്നെ ഭീഷണിപ്പെടുത്തിയതായി പ്രഭാവര്‍മ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കി.
ചാതുര്‍വര്‍ണ്യത്തെ സംരക്ഷിക്കുന്ന കൃതിയാണു ഗീത എന്നും അതുകൊണ്ടുതന്നെ ശ്രീനാരായണ ഗുരു ഗീതയെ പരാമര്‍ശിക്കുക പോലും ചെയ്തിട്ടില്ലെന്നും ഞാന്‍ ലേഖനത്തില്‍ എഴുതിയിരുന്നു. ഗീതയെ പൂര്‍ണമായി ഉള്‍ക്കൊള്ളാനാവില്ലെന്നു സ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടുള്ളതും ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.ശീനാരായഗുരുവും സ്വാമി വിവേകാനന്ദനും ഭഗവത്ഗീതയോട് വിമര്‍ശനാത്മക സമീപനം സ്വീകരിച്ചിരുന്ന കാര്യം ലേഖനത്തില്‍ പ്രതിപാദിച്ചതില്‍ പ്രകോപിതനായാണ് ഫോണിലൂടെ ഭീഷണി മുഴക്കിയതെന്ന് പ്രഭാവര്‍മ പറഞ്ഞു.
''ഭഗവദ് ഗീതയെ കുറിച്ച് ഇങ്ങനെ മേലാല്‍ എഴുതരുത്'' എന്ന കല്‍പ്പന അനുസരിക്കാന്‍ തന്നെ കിട്ടില്ലെന്ന് വ്യക്തമാക്കിയ കവി സംഘപരിവാറിന് ഫേസ്ബുക്കിലെഴുതിയ മറുപടിക്കുറിപ്പില്‍ 'ഭീഷണിയുടെ കത്തി മടക്കി പോക്കറ്റില്‍ വെച്ചാല്‍ മതി' എന്നും പറയുന്നുണ്ട്.
പ്രഭാവര്‍മ്മയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഈ ലക്കം കലാകൗമുദിയില്‍ വന്ന ' ഗീത, ദൈവദശകം, സന്ദീപാനന്ദഗിരി ' എന്ന എന്റെ ലേഖനം മുന്‍നിര്‍ത്തി സംഘപരിവാര്‍ ഭീഷണി. 9539251722 എന്ന നമ്പറില്‍ നിന്നാണ് രാത്രി 8.20 ന് ആക്രോശം വന്നത്. ഭഗവദ് ഗീതയെ കുറിച്ച് ഇങ്ങനെ മേലാല്‍ എഴുതരുത് എന്നു കല്പന. ചാതുര്‍വര്‍ണ്യത്തെ സംരക്ഷിക്കുന്ന കൃതിയാണു ഗീത എന്നും അതുകൊണ്ടുതന്നെ ശ്രീനാരായണ ഗുരു ഗീതയെ പരാമര്‍ശിക്കുക പോലും ചെയ്തിട്ടില്ലെന്നും ഞാന്‍ എഴുതിയിരുന്നു. ഗീതയെ പൂര്‍ണമായി ഉള്‍ക്കൊള്ളാനാവില്ലെന്നു സ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടുള്ളതും ഞാന്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഗീതയിലെവിടെയാണിത് എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു തുടക്കം തന്നെ. ഗീത വായിച്ചിട്ടുണ്ടോ താങ്കള്‍ എന്നു ഞാന്‍ ചോദിച്ചു. ' ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം' എന്നതടക്കമുള്ള ശ്ലാകങ്ങള്‍ ഞാന്‍ ചൊല്ലി കേള്‍പ്പിച്ചു. ഒരു ശ്ലോകമെങ്കിലും ചൊല്ലാമോ എന്നു ഞാന്‍ ചോദിച്ചു. വിവേകാനന്ദ സര്‍വ്വസ്വം എടുത്തു വായിക്കാന്‍ അപേക്ഷിച്ചു. അയാള്‍ ഗീത വായിച്ചിട്ടുണ്ടെന്നോ വിവേകാനന്ദ സര്‍വ്വസ്വം എന്നു കേട്ടിട്ടുണ്ടെന്നോ തോന്നിയില്ല. ആക്രോശമെവിടെ; ശ്ലോകമെവിടെ? ഏതായാലും ഒരു കാര്യം തീര്‍ത്തു പറയാം. ഗീത വായിക്കാന്‍ എനിക്കു സംഘ പരിവാര്‍ തരുന്ന കണ്ണട വേണ്ട. എഴുതാന്‍ എനിക്കു പരിവാറിന്റെ അനുവാദവും വേണ്ട. ഭീഷണിയുടെ കത്തി മടക്കി പോക്കറ്റില്‍ വെച്ചാല്‍ മതി! പിന്മാറുന്നവരുടെ നിരയില്‍ പ്രഭാവര്‍മയെ പ്രതീക്ഷിക്കേണ്ട പ്രഭാവര്‍മ .
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates