പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമാണം; ലോക ബാങ്കിന്റെ ആദ്യ ​ഗഡു 1750 കോടി; ജർമൻ സഹായവും ഉടൻ

പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമാണ സഹായത്തിനായുള്ള ആദ്യ ഗഡു നൽകാൻ ലോക ബാങ്ക് ധാരണ
പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമാണം; ലോക ബാങ്കിന്റെ ആദ്യ ​ഗഡു 1750 കോടി; ജർമൻ സഹായവും ഉടൻ
Updated on
1 min read

ന്യൂഡൽഹി: പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമാണ സഹായത്തിനായുള്ള ആദ്യ ഗഡു നൽകാൻ ലോക ബാങ്ക് ധാരണ. 25 കോടി ഡോളർ (ഏകദേശം 1750 കോടി രൂപ) വികസന വായ്പ നൽകാനാണ് ധാരണയായത്. ലോക ബാങ്ക് പ്രതിനിധികൾ സംസ്ഥാനത്തു നടത്തിയ പഠനം, റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെയും സംസ്ഥാന സർക്കാരിന്റെയും പ്രതിനിധികളുമായി നടത്തിയ ചർച്ചകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് മേഖലകൾ തീരുമാനിച്ചു തുക നിശ്ചയിച്ചത്. 

ജല വിതരണം, ജലസേചനം, അഴുക്കുചാൽ പദ്ധതികൾ, കൃഷി എന്നീ മേഖലകൾക്കായാണു സഹായം നൽകുന്നത്. ഈ മാസം 27നു വാഷിങ്ടണിൽ ചേരുന്ന ലോക ബാങ്ക് ബോർഡ് യോഗം ഇതു പരിഗണിക്കും. ബോർഡ് അംഗീകാരം ലഭിച്ചശേഷം കേന്ദ്ര സർക്കാർ അനുമതി കൂടി ലഭിക്കണം.

രണ്ട് ഘട്ടമായാണു തുക നൽകുക. 15.96 കോടി ഡോളർ ഇന്റർനാഷനൽ ഡവലപ്മെന്റ് അസോസിയേഷനിൽ നിന്ന് 1.25 % വാർഷിക പലിശ നിരക്കിൽ ആദ്യം ലഭിക്കും. 25 വർഷമാണു തിരിച്ചടവു കാലാവധി. ആദ്യ അഞ്ച് വർഷം ഗ്രേസ് പീരിയഡ് ആണ്. 9.04 കോടി ഡോളർ രണ്ടാം ഘട്ട സഹായത്തിന്റെ പലിശ നിരക്ക് അടിസ്ഥാനപരമായ രാജ്യാന്തര നിരക്ക് (ലൈബോർ റേറ്റ്) അനുസരിച്ചായിരിക്കും. 19.5 വർഷമാണു തിരിച്ചടവു കാലാവധി.

കെഎസ്ടിപി പോലുള്ള പ്രോജക്ടുകൾക്കുള്ള രാജ്യാന്തര സഹായത്തിൽ നിന്നു വ്യത്യസ്തമായി ബജറ്റ് സഹായമായിട്ടായിരിക്കും തുക അനുവദിക്കുക. വകമാറി ചെലവഴിക്കാതിരിക്കാൻ സർക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ടി വരും. വായ്പ അനുവദിക്കുന്ന രാജ്യത്തിന്റെ പരമാധികാരം അംഗീകരിച്ചാണു ലോക ബാങ്ക് വായ്പകൾ നൽകുന്നത്. പുനർ നിർമാണത്തിനു സഹായം വേണ്ട നാലു മേഖലകൾ കേരള സർക്കാരാണു നിർദേശിച്ചത്. പദ്ധതി നടത്തിപ്പിൽ വേണ്ട സഹായങ്ങളും ഉപദേശങ്ങളും ലോകബാങ്ക് നൽകും.

കേരളത്തിലെ റോഡ് നിർമാണത്തിനായി ജർമൻ ഡവലപ്മെന്റ് ബാങ്ക് (കെഎഫ്ഡബ്ലു) നൽകുന്ന സഹായത്തിന്റെ ആദ്യഗഡുവും വൈകാതെ ലഭിക്കുമെന്നാണു സൂചന. 1360 കോടി രൂപ വായ്പയുടെ ആദ്യഗഡുവായി 720 കോടിയാകും നൽകുക. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com