ന്യൂഡല്‍ഹി: വിദേശത്ത് കഴിയുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായി നാവികസേനാ കപ്പലുകള്‍ പുറപ്പെട്ടു. മാലദ്വീപിലേക്കും ദുബായിലേക്കുമാണ് കപ്പലുകള്‍ പുറപ്പെട്ടത്. ഐഎൻഎസ് ശാർദൂല്‍ ദുബായിലേക്കും ഐഎന്‍എസ് ജലാശ്വയും ഐഎന്‍എസ് മഗറും മാലദ്വീപിലേക്കുമാണ് പുറപ്പെട്ടത്. കൊച്ചിയിലേക്കാണ് പ്രവാസികളുമായി കപ്പല്‍ എത്തിച്ചേരുക.
തീരക്കടലിലുണ്ടായിരുന്ന കപ്പലുകളെയാണ് പ്രവാസി ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായി നിയോഗിച്ചതെന്ന് നാവികസേന അറിയിച്ചു. മാലിയില്‍ നിന്ന് 700 ഇന്ത്യക്കാരെയാണ് ഒഴിപ്പിക്കാനുള്ളതെന്നാണ് വിവരം. മെയ് എട്ടിന് ഇന്ത്യക്കാരുമായി കപ്പല്‍ കൊച്ചിയിലെത്തും. കൊച്ചിയില്‍ എത്തുന്നവര്‍ 14 ദിവസം കൊറന്റൈനില്‍ കഴിയണം. കപ്പല്‍ യാത്രയുടെ പണം ഈടാക്കാന്‍ തത്കാലത്തേക്ക് തീരുമാനം ഇല്ല. എന്നാല്‍ ക്വാറന്റൈനില്‍ കഴിയുന്നതിനുള്ള ചെലവ് പ്രവാസികള്‍ വഹിക്കണം.
പതിനാല് ദിവസത്തിന് ശേഷം ഇവര്‍ സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങുന്നതിനെ കുറിച്ച് കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തീരുമാനം എടുക്കുമെന്നും വിദേശകാര്യ മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. നാല്പത്തിയെട്ട് മണിക്കൂര്‍ ആണ് മാലദ്വീപില്‍ നിന്ന് കപ്പല്‍ മാര്‍ഗ്ഗം കൊച്ചിയില്‍ എത്താന്‍ ഉള്ള സമയം. അത്ര തന്നെ സമയം ദുബായിലേക്കുമുണ്ട്. കാലവര്‍ഷത്തിന് മുമ്പ് ഉള്ള സമയം ആയതിനാല്‍ കടല്‍ ക്ഷോഭത്തിന് ഉള്ള സാധ്യത ഉണ്ട്. ഇക്കാര്യം പ്രവാസികളെ മുന്‍കൂട്ടി ഇ മെയില്‍ മുഖേനെ അറിയിക്കും. ഇതിന് ശേഷം സമ്മതപത്രം ലഭിക്കുന്നവരെ ആണ് ഇന്ത്യയിലേക്ക് കൊണ്ട് വരുന്നത്.
ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യം യുഎഇയില്‍ നിന്നാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കപ്പല്‍ പുറപ്പെട്ടിരിക്കുന്നത്. കപ്പലുകള്‍ക്ക് പുറമെ വിമാനമാര്‍ഗത്തിലൂടെയും ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മെയ് എഴിന് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് അബുദാബി, ദുബായ് എന്നീ വിമാനത്താവങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ എത്തിക്കും.
കേരളത്തില്‍ രണ്ട് ലക്ഷത്തോളം ആളുകള്‍ക്ക് ക്വാറന്റൈന്‍ സൗകര്യം നേരത്തെ സജ്ജമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ആദ്യത്തെ വിമാനങ്ങള്‍ കേരളത്തിലേക്ക് ആക്കിയത്. 13,000 രൂപയാണ് വിമാന ടിക്കറ്റിന് നിരക്കായി നിശ്ചയിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിന് ശേഷം അമേരിക്ക, യു.കെ, ഇറാന്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കും. ആഗോള പ്രതിസന്ധിയേത്തുടര്‍ന്ന് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലേതന്നെ ഏറ്റവും ബൃഹത്തായ ഒഴിപ്പിക്കല്‍ നടപടികളാണ് തുടങ്ങുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates