കൊച്ചി: വ്യത്യസ്ത സംഭവങ്ങളിലായി റേഷൻ കടയിൽ നിന്ന് ലഭിച്ച ഓണക്കിറ്റിലെ ശർക്കരയിൽ നിന്ന് പ്രാണിയും കുപ്പിച്ചില്ലും ബീഡിക്കുറ്റിയും കണ്ടെത്തി. ഗുരുവായൂർ മാണിക്കത്തുപടി സ്വദേശി റേഷൻകടയിൽ നിന്ന് വാങ്ങിയ ഓണക്കിറ്റിലെ ശർക്കരയിൽ കറുത്ത നിറത്തിലുള്ള പ്രാണിയെ കണ്ടെത്തി. ശർക്കര അലിഞ്ഞ് ഉപയോഗശൂന്യമായ നിലയിലാണ്. ചാവക്കാട് താലൂക്ക് സപ്ലൈ ഓഫിസർക്ക് ദുബായ് ഇൻകാസ് കമ്മിറ്റിക്കു വേണ്ടി ഹാരിഫ് ഉമ്മർ പരാതി നൽകി.
ആലുവയിലാണ് കുപ്പിച്ചില്ല് കണ്ടെത്തിയത്. ചുണങ്ങംവേലി പള്ളിക്കപ്പാറ പി.കെ. അസീസ് (59) അശോകപുരം കൊച്ചിൻ ബാങ്ക് കവലയിലെ റേഷൻ കടയിൽ നിന്നാണ് ഒരാഴ്ച മുൻപു കിറ്റ് വാങ്ങിയത്. ശർക്കരയുടെ കവർ പൊട്ടിച്ചിരുന്നില്ല. പായസത്തിൽ ചേർക്കാൻ ഭാര്യ ഫാത്തിമ വെള്ളിയാഴ്ച സ്പൂൺ കൊണ്ടു ശർക്കര ചുരണ്ടിയപ്പോഴാണ് 2 സ്ഥലത്തു ചില്ലു കഷ്ണങ്ങൾ തടഞ്ഞത്. ഉദ്യോഗസ്ഥർ അന്വേഷണത്തിന് എത്തിയാൽ കാണിക്കുന്നതിനു പൊട്ടിക്കാതെ സൂക്ഷിച്ചിരിക്കുകയാണ്. റേഷൻ കടയിൽ അറിയിച്ചപ്പോൾ സപ്ലൈകോയിൽ എത്തിച്ചാൽ പകരം പഞ്ചസാര തരുമെന്നായിരുന്നു മറുപടിയെന്ന് അദ്ദേഹം പറഞ്ഞു.
മലപ്പുറം കൊളത്തൂരിൽ അധ്യാപകനു ലഭിച്ച കിറ്റിലെ ശർക്കരയിലാണ് ബീഡിക്കുറ്റികൾ കണ്ടെത്തിയത്. കൊളത്തൂർ തെക്കേക്കര സ്വദേശിയായ യു പി ഹരിദാസിന് ലഭിച്ച കിറ്റിലെ ശർക്കരക്കട്ടയ്‌ക്കുള്ളിലാണ് 2 ബീഡിക്കുറ്റികൾ കണ്ടത്. അധികൃതർക്കു പരാതി നൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates