പ്രിയ സഹോദരീ, ഈ വേദന മറ്റാരേക്കാളും എനിക്ക് മനസിലാകും, വീണുപോയാല്‍ വിജയിക്കുന്നത് അവരാണ്; ബീനയ്ക്ക് പിന്തുണയുമായി കെ കെ രമ 

കണ്ണൂര്‍ ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ  നടക്കുന്ന അപവാദപ്രചാരണത്തില്‍ സാജന്‍ പാറയിലിന്റെ ഭാര്യ ബീനയ്ക്ക് പിന്തുണയുമായി ആര്‍എംപി നേതാവ് കെ കെ രമ
പ്രിയ സഹോദരീ, ഈ വേദന മറ്റാരേക്കാളും എനിക്ക് മനസിലാകും, വീണുപോയാല്‍ വിജയിക്കുന്നത് അവരാണ്; ബീനയ്ക്ക് പിന്തുണയുമായി കെ കെ രമ 
Updated on
2 min read

കൊച്ചി: കണ്ണൂര്‍ ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ  നടക്കുന്ന അപവാദപ്രചാരണത്തില്‍ സാജന്‍ പാറയിലിന്റെ ഭാര്യ ബീനയ്ക്ക് പിന്തുണയുമായി ആര്‍എംപി നേതാവ് കെ കെ രമ. 'നിങ്ങളുടെ മനസ്സാന്നിദ്ധ്യം തകര്‍ത്ത് കേസ് ദുര്‍ബലപ്പെടുത്തി സ്വന്തം നേതാക്കളെ രക്ഷിച്ചെടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം വ്യക്തിഹത്യ.തളരരുത്. സാജന് നീതി കിട്ടണം.നിങ്ങള്‍ മാത്രം ആശ്രയമായ ആ കുഞ്ഞുങ്ങള്‍ക്ക് കരുത്തും തണലുമാവണം .' - കെ കെ രമ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'അതിനിടയില്‍ നിങ്ങള്‍ വീണുപോയാല്‍ വിജയിക്കുന്നത് നിങ്ങളുടെ ജീവിതം തകര്‍ത്തവര്‍ തന്നെയാണ് . താങ്കളെ ആത്മാഹുതിയുടെ മൗനത്തിലേക്ക് തള്ളി വിട്ട് സ്വസ്ഥമായി വാഴാമെന്ന് വ്യാമോഹിക്കുന്നവര്‍ക്കു മുന്നില്‍ ജീവിക്കാനുള്ള ധീരത കൈവിടരുത് . അക്കാര്യത്തില്‍ ജനാധിപത്യ കേരളം ബീനയ്‌ക്കൊപ്പമുണ്ട് .' - രമ പറയുന്നു.


കുറിപ്പിന്റെ പൂര്‍ണരൂപം


പ്രിയ സഹോദരി ആന്തൂരിലെ ബീനയ്ക്ക്

താങ്കളും മക്കളും ചേര്‍ന്ന് നടത്തിയ പത്രസമ്മേളനം ഉറക്കം നഷ്ടപ്പെടുത്തിയ ഒരു രാത്രിയിലാണ് ഞാനീ കത്തെഴുതുന്നത് . ഒരു കാലത്ത് വിശ്വസിച്ചിരുന്ന സി.പി.എം ഇപ്പോള്‍ വേട്ടയാടുകയാണെന്നും താനും മക്കളും കൂടി ഇല്ലാതാവേണ്ട അവസ്ഥയാണെന്നും പറയുമ്പോള്‍ ഞെട്ടലോടെ കേള്‍ക്കുന്ന ലക്ഷക്കണക്കിന് മലയാളികളില്‍ ഒരാളെന്ന നിലയിലാണ് ഞാനിതെഴുതുന്നത് . എത്രമേല്‍ വെല്ലുവിളികള്‍ നേരിടേണ്ടി വന്നാലും ധൈര്യമായിരിക്കണം . തളര്‍ന്നു പോവരുത് .

താങ്കളിപ്പോള്‍ അനുഭവിക്കുന്ന താങ്ങാനാവാത്ത ദു:ഖവും ഏകാന്തതയും അപമാനഭാരവും എനിക്ക് മനസ്സിലാക്കാനാവും . ഒരു പക്ഷേ, മറ്റാരേക്കാളും . പ്രാണനായവന്റെ വേര്‍പാട് മാത്രമല്ല സഹോദരീ ,നമ്മെ ഒരുമിച്ചു നിര്‍ത്തുന്നത് . ആരുടെ
ചെയ്തികളാലാണോ നമുക്കിരുവര്‍ക്കുമീ ദുരന്തമുണ്ടായത് , അതിനു ശേഷവും അപവാദങ്ങളാലും നുണകളാലുമവര്‍ നമ്മെ വേട്ടയാടുന്നു എന്നതാണ് , നമ്മുടെ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളെപ്പോലും അപമാനിക്കുന്നു എന്നതാണ് നമ്മെ ഒന്നിപ്പിക്കുന്നത് . എന്റെ പ്രിയസഖാവ് ചന്ദ്രശേഖരനെ അരുംകൊല ചെയ്ത ശേഷം പൊതുസമൂഹത്തില്‍ നിന്നു നേരിട്ട ചോദ്യങ്ങള്‍ മറികടക്കാന്‍ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെപ്പോലും അപവാദ പ്രചരണങ്ങള്‍ കൊണ്ട് കടന്നാക്രമിക്കുകയായിരുന്നല്ലോ സി.പി.എം നേതൃത്വം. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിന് ശേഷം വീട്ടിലൊതുങ്ങാതെ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ മുന്നോട്ടു കൊണ്ടുപോയി എന്നതാണ് ഞാന്‍ ചെയ്ത കുറ്റം . അതിന്റെ പേരില്‍ നിരന്തരമായ തെറി വിളികളും ഭീഷണിയും അധിക്ഷേപങ്ങളുമാണ് സിപിഎമ്മിന്റെ സൈബര്‍ കൊടിസുനിമാരില്‍ നിന്നും ഞാനേറ്റു വാങ്ങുന്നത് . അതെല്ലാമീ നാട് കാണുന്നുണ്ട് . ഞാനത് വിശദീകരിക്കുന്നില്ല .

പ്രിയപ്പെട്ടവന്റെ വേര്‍പാടില്‍ എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോഴാണ് ബീനയെക്കുറിച്ച് യാതൊരു മന:സാക്ഷിക്കുത്തുമില്ലാതെ ഇവര്‍ അപവാദം പ്രചരിപ്പിക്കുന്നത് . സി പി എമ്മിന്റെ ഔദ്യോഗിക പത്രമായ ദേശാഭിമാനി നേരിട്ടാണ് ഈ അപവാദ പ്രചരണത്തിന് നേതൃത്വം നല്‍കുന്നത് . സാജന്റെ വീട്ടിലെ ഫോണില്‍ നിരന്തരമായി വിളിക്കുന്ന ഡ്രൈവറായ
 യുവാവാണ് , ആ ഫോണ്‍ കോളുകളാണ് ഈ ദാരുണ സംഭവത്തിനു പിറകിലെന്ന് പച്ചക്കള്ളമെഴുതിവിടുന്ന ദേശാഭിമാനി ലേഖകന്‍ ഒരു മഞ്ഞപ്പത്ര നിലവാരത്തിലേക്കാണ് താഴ്ന്നത് . എണ്ണമറ്റ നിസ്വാര്‍ത്ഥ വിപ്ലവകാരികളുടെ വിയര്‍പ്പും ചോരയും കൊണ്ട് പടുത്തുയര്‍ത്തിയ ദേശാഭിമാനിയുടെ മാദ്ധ്യമ പാരമ്പര്യത്തെക്കൂടിയാണയാള്‍ അപമാനിക്കുന്നത് . അത്യന്തം ദു:ഖകരമാണത്. സ്ത്രീവിരുദ്ധം മാത്രമല്ല , മനുഷ്യത്വ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ് ഈ വാര്‍ത്ത . ദേശാഭിമാനി വാര്‍ത്തയെത്തുടര്‍ന്ന് അതിനേക്കാള്‍ വഷളായ രീതിയില്‍ 'നെല്ല്' എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഈ ആക്രമണം സൈബറിടത്തില്‍ കൂടി വ്യാപിപ്പിച്ചത് . ടി.പി.ചന്ദ്രശേഖരന്റെ വ്യക്തിത്വത്തെക്കുറിച്ചും കേട്ടാലറയ്ക്കുന്ന നുണകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കുകയായിരുന്നു അക്കാലത്ത് നെല്ല് . ഈ രണ്ടു വാര്‍ത്തകളേയും മുന്‍നിര്‍ത്തി ഇജങ അനുകൂല വാട്‌സാപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് പേജുകളിലും ബീനയെ ആക്രമിക്കുന്നത്.

സി പി എമ്മിനെ പിന്തുണയ്ക്കുന്ന വനിതാ പൊതുപ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറാവണം . 
ഇവര്‍ പ്രചരിപ്പിക്കും പോലെ ഭാര്യയുടെ സ്വഭാവത്തിലെ പ്രശ്‌നങ്ങളാണ് സാജന്റെ ആത്മഹത്യയിലേക്ക് നയിച്ചതെങ്കില്‍ ആ പ്രശ്‌നത്തിന് പരിഹാരം കാണാനാണോ അദ്ദേഹം നിരന്തരം CPM സംസ്ഥാന /ജില്ലാ നേതാക്കന്മാരെ സമീപിച്ചിരുന്നത് ? തദ്ദേശഭരണ വകുപ്പിന്റെ ശ്രദ്ധയിലും MLA ആയ ജയിംസ് മാത്യുവിന്റെ ശ്രദ്ധയിലും അയാള്‍ കൊണ്ടുവരാന്‍ ശ്രമിച്ച പ്രശ്‌നമെന്താണ് ? സാജന്റെ ഭാര്യയെ നിയന്ത്രിക്കുന്നതിലാണോ തദ്ദേശഭരണ സമിതിക്ക് വീഴ്ചപറ്റി എന്ന് ഇവരുടെ കമ്മിറ്റികള്‍ കണ്ടെത്തിയത് ?

പ്രിയ സഹോദരീ , 
ഇത്തരമൊരു വ്യക്തിഹത്യയിലൂടെ നിങ്ങളുടെ മനസ്സാന്നിദ്ധ്യം തകര്‍ത്ത് കേസ് ദുര്‍ബലപ്പെടുത്തി സ്വന്തം നേതാക്കളെ രക്ഷിച്ചെടുക്കാനുള്ള ഗൂഢാലോചനയാണിത് . തളരരുത് . സാജന് നീതി കിട്ടണം . നിങ്ങള്‍ മാത്രം ആശ്രയമായ ആ കുഞ്ഞുങ്ങള്‍ക്ക് കരുത്തും തണലുമാവണം . അതിനിടയില്‍ നിങ്ങള്‍ വീണുപോയാല്‍ വിജയിക്കുന്നത് നിങ്ങളുടെ ജീവിതം തകര്‍ത്തവര്‍ തന്നെയാണ് . താങ്കളെ ആത്മാഹുതിയുടെ മൗനത്തിലേക്ക് തള്ളി വിട്ട് സ്വസ്ഥമായി വാഴാമെന്ന് വ്യാമോഹിക്കുന്നവര്‍ക്കു മുന്നില്‍ ജീവിക്കാനുള്ള ധീരത കൈവിടരുത് . അക്കാര്യത്തില്‍ ജനാധിപത്യ കേരളം ബീനയ്‌ക്കൊപ്പമുണ്ട് .

സ്‌നേഹത്തോടെ 
കെ.കെ.രമ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com