

കൊച്ചി: പ്ലസ്ടുവിന് ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പ്രധാനമന്ത്രിയുടെ വരെ അഭിനന്ദനം ഏറ്റുവാങ്ങിയ മുവാറ്റുപുഴ സ്വദേശി വിനായകിന് ജില്ലാ കലക്ടര്‍ ടാബ് സമ്മാനമായി നല്‍കി. നവോദയ സ്‌കൂളുകളില്‍ അഖിലേന്ത്യാ തലത്തില്‍ പട്ടിക ജാതി വിഭാഗത്തില്‍ നാലാം റാങ്കുകാരനാണ് നേര്യമംഗലം നവോദയ സ്‌കൂളിലെ വിദ്യാര്‍ഥിയായ വിനായക്.
ഇന്നലെ കളക്ടറേറ്റില്‍ അച്ഛഛനോടൊപ്പം എത്തിയാണ് ജില്ലാ കലക്ടര്‍ എസ് സുഹാസില്‍ നിന്ന് സമ്മാനം ഏറ്റുവാങ്ങിയത്. കൊമേഴ്‌സ് വിഭാഗത്തില്‍ ഒന്നാം റാങ്ക് ജേതാവാണ്. 500 ല്‍ 493 മാര്‍ക്കാണ് നേടിയത്. രാജ്യത്തെ 548 ജവഹര്‍ നവോദയ സ്‌കൂളുകളില്‍ പട്ടികജാതി വിഭാഗത്തിലാണ് വിനായക് മുന്നിലെത്തിയത്.
മുവാറ്റുപുഴ താലൂക്കിലെ മണിയന്തറ മടക്കത്താനം മാലില്‍ വീട്ടില്‍ കൂലിപ്പണിക്കാരായ എം കെ മനോജിന്റെയും തങ്കയുടെയും രണ്ടാമത്തെ മകനാണ്. കഠിന അധ്വാനത്തിലൂടെ നേടിയ വിജയമാണിതെന്ന് വിനായക് പറയുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍കിബാത്തിലൂടെ അഭിനന്ദനം അറിയിച്ചിരുന്നു.
ഇനി ബി കോം പഠിക്കണമെന്നും അതിനു ശേഷം സിവില്‍ സര്‍വ്വീസാണ് ലക്ഷ്യമെന്നും വിനായക് പറഞ്ഞു. മോഹന്‍ലാലും ഫോണില്‍ വിളിച്ച് അഭിനന്ദിക്കുകയും ഉയര്‍ന്ന പഠനത്തിനുള്ള സഹായം നല്‍കാമെന്ന് പറയുകയും ചെയ്തിരുന്നു. വിഷ്ണു പ്രസാദ് സഹോദരനാണ്. കലക്ടര്‍ ആവശ്യപ്പെട്ടതനുസരിച്ച് ടെക് ക്യൂ മൊബൈല്‍ ഷോപ്പ് നല്‍കിയ ടാബാണ് കൈമാറിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates