

കൊച്ചി : ബംഗലൂരുവിലെത്തിയാല്‍ സ്വപ്‌നയ്ക്കും സന്ദീപിനും ചിലര്‍ ഉറപ്പുനല്‍കിയിരുന്നതായി എന്‍ഐഎയുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ ബംഗലൂരുവിലേക്ക് ഒളിച്ചുകടന്നതെന്നാണ് അന്വേഷണ ഏജന്‍സിയുടെ നിഗമനം. യുഎഇ കോണ്‍സുലേറ്റിലെ ജോലിക്കുശേഷം സ്വപ്ന സ്‌പേസ് പാര്‍ക്കില്‍ നിയമിക്കപ്പെട്ടതിനു പിന്നില്‍ സ്വാധീനം ചെലുത്തിയ ഏജന്‍സിയുടെ പ്രവര്‍ത്തനവും എന്‍ഐഎ നിരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആ ഏജന്‍സിയുടെ ദക്ഷിണേന്ത്യന്‍ ആസ്ഥാനമാണു ബംഗലൂരു.
സ്വപ്ന കുടുംബസമേതം ബംഗലൂരുവിലെത്തിയത് സംരക്ഷകര്‍ ഒരുക്കിയ സുരക്ഷാവലയത്തിലേക്കായിരുന്നു. എന്നാല്‍, കേസ് എന്‍ഐഎ ഏറ്റെടുത്തതോടെയാണ് പദ്ധതികള്‍ തകിടംമറിഞ്ഞത്. ബംഗലൂരുവില്‍ നിന്നും രക്ഷപ്പെടും മുമ്പ് പിടിയിലാകുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയം, സിനിമ, രാജ്യാന്തര കണ്‍സല്‍റ്റന്‍സികള്‍, വിനോദസഞ്ചാരം തുടങ്ങി ഒട്ടേറെ മേഖലകളിലേക്ക് അന്വേഷണം നീങ്ങുമെന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.
തെലങ്കാനയും കേരളവുമടക്കം ദക്ഷിണേന്ത്യയിലെ പല സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ പദ്ധതികളുടെ കണ്‍സല്‍റ്റന്‍സി കരാര്‍ നേടുന്ന സ്ഥാപനമാണ് എന്‍ഐഎ നിരീക്ഷണത്തിലുള്ളത്. കോടികളുടെ പദ്ധതികളാണ് മലയാളികള്‍ ഉന്നത ഉദ്യോഗസ്ഥരായുള്ള സ്ഥാപനത്തിനു സര്‍ക്കാരുകള്‍ നല്‍കിയിരുന്നത്. യുഎഇ കോണ്‍സുലേറ്റ് വിട്ട ശേഷം ഇത്തരം സ്ഥാപനങ്ങള്‍ക്കു സര്‍ക്കാര്‍ കരാറുകള്‍ ലഭിക്കുന്നതിനുള്ള കണ്ണിയായി സ്വപ്ന പ്രവര്‍ത്തിച്ചെന്നാണ് സൂചന.
ഇത്തരം ലോബികളുമായി സ്വപ്നയ്ക്കും സന്ദീപിനുമുള്ള ബന്ധവും അന്വേഷണ വിധേയമാകും. വെള്ളിയാഴ്ച രാത്രിയാണ് സ്വപ്‌നയും സംഘവും ബംഗലൂരുവില്‍ മുറിയെടുത്തത്. ശനിയാഴ്ച രാത്രി 7 മണിയോടെയാണ് കോറമംഗല സെവന്‍ത് ബ്ലോക്ക് ഫസ്റ്റ് മെയിനിലെ ഒക്ടേവ് അപ്പാര്‍ട്‌മെന്റ് ഹോട്ടലില്‍ നിന്ന് സ്വപ്നയെയും സന്ദീപിനെയും കസ്റ്റഡിയിലെടുത്തത്. ഇരുവരും ഗോവയിലേക്കു കടക്കാന്‍ പദ്ധതിയിട്ടിരുന്നതായും സൂചനയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates