

ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗത്തില്‍ കടന്നുവന്ന സ്ത്രീയെഴുത്ത് സ്ത്രീകളെ അദൃശ്യവത്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കുള്ള മറുപടിയാണെന്ന് എഴുത്തുകാരി ശാരദക്കുട്ടി. പെണ്‍ സാഹിത്യം ചരിത്രപരവും സാമൂഹികവും രാഷ്ട്രീയവും ബൗദ്ധികവുമായ ഇടപെടലായിരുന്നു എന്നതിനു കിട്ടിയ അംഗീകാരമാണ് ഇതെന്ന് ശാരദക്കുട്ടി അഭിപ്രായപ്പെട്ടു.
സ്ത്രീകള്‍ കാലാകാലങ്ങളായി ഉന്നയിച്ചു കൊണ്ടിരുന്ന സാമൂഹിക പ്രശ്‌നങ്ങളെ നിസ്സാരമായി കാണാതെ അവയെ പരാമര്‍ശിക്കുവാനും രേഖപ്പെടുത്തുവാനും കഴിഞ്ഞത്, അവരെ അദൃശ്യവത്കരിക്കുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കുള്ള മറുപടിയായാണ് ഞാന്‍ കാണുന്നത്. പെണ്‍ സാഹിത്യം ചരിത്രപരവും സാമൂഹികവും രാഷ്ട്രീയവും ബൗദ്ധികവുമായ ഇടപെടലായിരുന്നു എന്നതിനു കിട്ടിയ അംഗീകാരം.അതിനെ ഞാന്‍ വിലമതിക്കുന്നു.. ബജറ്റിനോളം സാമ്പത്തിക പ്രശ്‌നങ്ങളോളം തന്നെ.. ബ്രിട്ടീഷ് രാജകുമാരന്റെ പട്ടും വളയും വാങ്ങിയതിനെ വിമര്‍ശിച്ചവരോട് മഹാകവി കുമാരനാശാന്‍ പറഞ്ഞ മറുപടി, അതേ എനിക്കും പറയാനുള്ളു. എനിക്കു കിട്ടുന്ന ഏതംഗീകാരവും അവഗണിക്കപ്പെടുന്ന എന്റെ സമുദായത്തിനു കിട്ടുന്ന അംഗീകാരമാണ്. അതിനാല്‍ ഞാനിത് സ്വീകരിക്കുന്നു- ശാരദക്കുട്ടി സമൂഹമാധ്യമത്തില്‍ എഴുതി.
ബജറ്റ് പ്രസംഗത്തിലുടനീളം സ്ത്രീകളെഴുതിയ സാമൂഹിക പ്രാധാന്യവും രാഷ്ട്രീയ പ്രസക്തിയുമുള്ള ഉദ്ധരണികള്‍ എടുത്തു ചേര്‍ത്തത് വെറുതെ ബജറ്റിനെ കാവ്യാത്മകമാക്കാന്‍ വേണ്ടി മാത്രമല്ല. നൂറ്റാണ്ടുകളായി കേരളത്തിലെ എഴുത്തുകാരികള്‍ സാമൂഹിക നിര്‍മ്മാണ പ്രക്രിയയില്‍ എങ്ങനെയെല്ലാം പങ്കാളിത്തം വഹിച്ചിരുന്നു എന്നതിന്റെ ഒരോര്‍മ്മപ്പെടുത്തലും ചരിത്രപരമായ രേഖപ്പെടുത്തലും കൂടിയാണത്. ധനകാര്യത്തില്‍ പാചകവാതകത്തിന്റെയും ഉള്ളിയുടെയും വില കൂടുമ്പോള്‍ മാത്രം സ്ത്രീകളെ ഓര്‍ക്കുന്നവര്‍ കേട്ടിരിക്കുമല്ലോ, ലളിതാംബിക അന്തര്‍ജനം മുതല്‍ ഡോണ മയൂര വരെയും തൊഴില്‍ കേന്ദ്രത്തിലേക്ക് മുതല്‍ കപ്പലിനെ കുറിച്ചൊരു പുസ്തകം വരെയും സ്ത്രീകള്‍ ഇടപെട്ടിരുന്ന വിഷയങ്ങളുടെ വൈവിധ്യം. അവരുടെ ആകുലതകളുടെ ബഹുമുഖ സ്വഭാവം. അവരുടെ രാഷ്ട്രീയ ജാഗ്രതകളെ അംഗീകരിച്ചതിന്റെ പേരില്‍ ധനകാര്യ മന്ത്രിയോടുള്ള കടപ്പാട് രേഖപ്പെടുത്താതെ വയ്യ- ശാരദക്കുട്ടി ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates