സുല്‍ത്താന്‍ബത്തേരി: ബന്ദിപ്പൂര്‍ വനമേഖലയില്‍ ദേശീയപാതയില യാത്രാനിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുവജനസംഘടനകളുടെ അനിശ്ചിതകാല നിരാഹാരസമരം ഒമ്പതാം ദിവസത്തിലേക്ക്. ഒന്നരലക്ഷത്തിലധികം പേരാണ് കഴിഞ്ഞ എട്ടുദിവസത്തിനുള്ളില്‍ യുവജന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബത്തേരി സ്വതന്ത്ര മൈതാനിയിലെ സമരപ്പന്തലിലേക്ക് എത്തിയത്.
യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിയും നഗരസഭാ കൗണ്‍സിലറുമായ റിനു ജോണ്‍, ഡിവൈഎഫ്‌ഐ. ജില്ലാ വൈസ് പ്രസിഡന്റ് എംഎസ് ഫെബിന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, വ്യാപാരിവ്യവസായി ഏകോപനസമിതി യൂത്ത് വിങ് ബത്തേരി യൂണിറ്റ് പ്രസിഡന്റ് പി സംഷാദ് എന്നിവരാണ് നിരാഹാരമനുഷ്ഠിക്കുന്നത്. ഇവര്‍ക്കുപിന്തുണയുമായി യൂത്ത് ലീഗ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി അസീസ് വേങ്ങൂര്‍ നാലുദിവസമായി ഉപവാസമനുഷ്ഠിച്ചുവരുകയാണ്.
കെപിസിസി മുന്‍ പ്രസിഡന്റ് വിഎം സുധീരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള തുടങ്ങിയ വിവിധ സംസ്ഥാനനേതാക്കള്‍ ഇന്ന് സമരപ്പന്തലിലെത്തുന്നുണ്ട്.
നാളെ രാഹുല്‍ ഗാന്ധി എംപിയും സമരപ്പന്തലിലെത്തുന്നതോടെ കൂടുതല്‍ ദേശീയശ്രദ്ധ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഏവരും. നാളെ രാവിലെ ഒന്‍പതിനാണ് രാഹുല്‍ ഗാന്ധി എംപി സമരപ്പന്തലില്‍ എത്തുക. ഇന്ന് രാത്രി കോഴിക്കോടെത്തുന്ന രാഹുല്‍ വയനാട് സന്ദര്‍ശനത്തിന് ശേഷം നാളെത്തന്നെ മടങ്ങും.
അതേസമയം, ബന്ദിപ്പൂര്‍ വനമേഖലയിലെ രാത്രിയാത്രാ നിരോധനം തുടരുമെന്ന നിലപാടില്‍ത്തന്നെയാണ് കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ. വന്യമൃഗങ്ങളുടെ സൈ്വരവിഹാരം ഉറപ്പാക്കാന്‍ രാത്രി വാഹനഗതാഗതം അനുവദിക്കരുതെന്ന കോടതി ഉത്തരവ് ലംഘിക്കാന്‍ ആവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബത്തേരിയിലെ നിരാഹാരസമരത്തിന് പിന്തുണയര്‍പ്പിച്ച് രാഹുല്‍ഗാന്ധി മുന്നോട്ട് വന്നതിന് പിന്നാലെയാണ് യെദ്യൂരപ്പയുടെ പ്രതികരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates