ബാങ്ക് ഒരു പള്ളിയില്‍നിന്നു വിളിച്ചാല്‍ പോരേ? ആ ചോദ്യത്തില്‍ എന്താണ് തെറ്റ്? -കുറിപ്പ്

ബാങ്ക് ഒരു പള്ളിയില്‍നിന്നു വിളിച്ചാല്‍ പോരേ? ആ ചോദ്യത്തില്‍ എന്താണ് തെറ്റ്? -കുറിപ്പ്
ബാങ്ക് ഒരു പള്ളിയില്‍നിന്നു വിളിച്ചാല്‍ പോരേ? ആ ചോദ്യത്തില്‍ എന്താണ് തെറ്റ്? -കുറിപ്പ്
Updated on
1 min read


രാധനാലയങ്ങളില്‍നിന്നുള്ള ശബ്ദബഹളം ഒരിക്കല്‍ക്കൂടി ചര്‍ച്ചയാവുന്ന പശ്ചാത്തലത്തില്‍ ശ്രദ്ധേയമാവുകയാണ് എഴുത്തുകാരന്‍ ഷൗക്കത്ത് ഫെയ്‌സ്ബുക്കില്‍ എഴുതിയ ഈ കുറിപ്പ്. ഒരു പ്രദേശത്തെ എല്ലാ പള്ളികളില്‍നിന്നും എന്തിനാണ് ബാങ്കു വിളിക്കുന്നത് എന്നു ചോദിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ അദീല അബ്ദുല്ലയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ കടുക്കുമ്പോള്‍ അവര്‍ മുന്നോട്ടുവച്ച നിര്‍ദേശം എത്രമാത്രം ഉചിതമാണ് എന്നു പരിശോധിക്കുകയാണ് ഷൗക്കത്ത്. 

ഷൗക്കത്തിന്റെ കുറിപ്പു വായിക്കാം: 


അദീല അബ്ദുല്ല ദൈവവിശ്വാസിയാണ്. അഞ്ചുനേരം നമസ്‌ക്കരിക്കുന്നവരാണ്. മൂന്ന് ജില്ലകളില്‍ സബ്കളക്ടറായിരുന്നു. അവര്‍ ഒരു മീറ്റിംഗില്‍ പങ്കെടുത്തപ്പോള്‍ പള്ളിയില്‍ നിന്ന് ബാങ്ക് വിളി തുടങ്ങി. പ്രസംഗം അവര്‍ നിറുത്തി. ബാങ്കുവിളി കഴിയാറായപ്പോള്‍ അടുത്ത പള്ളിയില്‍നിന്ന് തുടങ്ങി. പലയിടങ്ങളില്‍ നിന്ന് ബാങ്കുവിളി ഒരേസമയം ഉയരുന്നത് എത്രമാത്രം അസ്വസ്ഥമാണെന്ന് അവര്‍ പറഞ്ഞു.

അവര്‍ ഏവരോടുമായി പറഞ്ഞു: ഒരു പള്ളിയില്‍നിന്ന് ബാങ്ക് വിളിച്ചാല്‍ പോരെ? നമസ്‌ക്കരിക്കാനുള്ള സമയമറിയിക്കാന്‍ എല്ലാവരും ഇങ്ങനെ ബഹളമുണ്ടാക്കേണ്ടതുണ്ടോ?

അവരുടെ ചോദ്യം പ്രസക്തമായിരുന്നു. ചിന്തിക്കുന്ന മനുഷ്യര്‍ കേള്‍ക്കേണ്ട ചോദ്യം. 'വായിക്കുക' എന്നുപറഞ്ഞു തുടങ്ങിയ ഒരു ഗ്രന്ഥത്തെ ഹൃദയത്തിലേറ്റി ജീവിക്കുന്ന പലര്‍ക്കും അത് വിവേകമായല്ല തോന്നിയത്. നെറികേടായാണ്. അവര്‍ അദീലയ്‌ക്കെതിരെ എഴുതിയും പറഞ്ഞും അഴിഞ്ഞാടുകയാണ്. എത്ര മലീമസമാണ് മതബോധമെന്നത് എന്നത്തെയും പോലെ ഇന്നും ഭയപ്പെടുത്തുന്നു.

ചിന്തിക്കുന്ന മുസ്ലിംങ്ങള്‍ക്ക് അവര്‍ പറഞ്ഞത് മനസ്സിലാകും. മനസ്സിലാകുന്നവരാണ് കൂടുതല്‍. എന്നാല്‍ ന്യൂനപക്ഷം വരുന്ന, മതമെന്നാല്‍ വെറും വികാരതീവ്രതയാണെന്ന് കരുതുന്ന ആ അവിവേകികള്‍ അന്ധമായി ആ നന്മയ്‌ക്കെതിരെ വാളോങ്ങുകയാണ്. അത് ശക്തമായി എതിര്‍ക്കേണ്ടതാണ്.

ഒരു പ്രദേശത്തെ പള്ളിക്കാരെല്ലാം ചേര്‍ന്ന്, ബാങ്കുവിളിക്കുന്നത് ഒരു സമയം ഒരു പള്ളിയില്‍നിന്നു മതി എന്നു തീരുമാനിച്ചാല്‍ അത് വലിയ സമാധാനമാണ്. ഓരോ ദിവസം ഓരോ പള്ളിയില്‍ നിന്ന് ബാങ്ക് വിളിക്കുക എന്ന തീരുമാനം എവിടെയാണ് മതവികാരത്തെ വ്രണപ്പെടുത്തുന്നത്? അത് മതത്തിന് മഹിമയാകുകയല്ലേ ഉള്ളു?!

നാം ചിന്തിക്കേണ്ടതല്ലേ? അമ്പലക്കാരും ചര്‍ച്ചുകാരും ഇതേകാര്യം ശ്രദ്ധിക്കേണ്ടതല്ലേ? അമ്പലത്തില്‍നിന്ന് പ്രഭാതത്തില്‍ ഉയരേണ്ടത് ശാന്തമായ സുപ്രഭാത കീര്‍ത്തനങ്ങളാണ്. എന്നാല്‍ ഇപ്പോള്‍ അത്യുച്ചത്തില്‍ കേള്‍ക്കുന്നത് ആരെയോ തോല്‍പ്പിക്കാനെന്ന പോലെയുള്ള ബഹളപ്പാട്ടുകളാണ്. ചര്‍ച്ചകളിലും ആ ആര്‍പ്പുവിളികള്‍ തുടങ്ങിക്കഴിഞ്ഞു. നേരം പുലരുമ്പോള്‍ അമ്പലത്തിന്റെയും ചര്‍ച്ചിന്റെയും അടുത്തു കഴിയുന്നവര്‍ക്ക് സമാധാനമെന്നത് കിട്ടാക്കനിയായി മാറിക്കഴിഞ്ഞു.

റമദാന്‍ മാസമാകുമ്പോള്‍ ആധിയാണ് മനസ്സിന്. പള്ളിയില്‍ മാത്രം ഒതുങ്ങേണ്ട പ്രാര്‍ത്ഥന നാട്ടുകാരെ മുഴുവന്‍ ഉപദ്രവിക്കുന്ന തരത്തില്‍ പുറത്തേക്ക് ആക്രോശമായി മാറുന്നു. നാടുനീളെ വഴിയോരങ്ങളില്‍ ശബ്ദമലിനീകരണം.

ഇതൊക്കെ ഇങ്ങനെ മതിയോ? നാം ഇനിയും ചിന്തിച്ചു തുടങ്ങേണ്ടതല്ലേ? പരസ്പരം ചളിവാരിയെറിയാതെ വരും തലമുറയ്ക്ക് സ്വസ്ഥമായി ജീവിക്കാനുള്ള സാഹചര്യം നാം സൃഷ്ടിക്കേണ്ടതല്ലേ? ഒരു പ്രദേശത്തുള്ള എല്ലാ മതക്കാരും ഒന്നിച്ചിരുന്ന് ഈ ദുരിതത്തിന് ഒരു പരിഹാരം തേടേണ്ടതല്ലേ?

കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയുന്നില്ല. രോഗികളായ വൃദ്ധര്‍ രാത്രിയിലും പ്രഭാതത്തിലും ശാന്തമായുറങ്ങാനാകാതെ ഞെട്ടിയുണരുന്നു. ആരാണ് ഇതെല്ലാം ആസ്വദിക്കുന്നത്? നമ്മളെല്ലാം ഇതില്‍ അസ്വസ്ഥരല്ലേ? ഒരു മാറ്റത്തിനായി നമുക്ക് ശ്രമിച്ചുകൂടേ? ഒന്നിച്ചിരുന്ന് നമുക്ക് സംസാരിക്കാവുന്നതല്ലേ?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com