ബാലരാമന്മാര്‍ക്ക് എ.കെ.ജിയെക്കുറിച്ചെന്തറിയാം; 'എന്റെ ജീവിതകഥ' ഒരു വട്ടമെങ്കിലും വായിച്ചെങ്കില്‍

ഒരുപാട് ദു:സൂചനകളെ ഉള്ളിലൊളിപ്പിച്ച ഈ വരികളിലെ യാഥാര്‍ത്ഥ്യത്തിലേക്ക് കടക്കുമ്പോഴാണ് ഈ എം.എല്‍.എയുടെ കുടിലതയും വിവരമില്ലായ്മയും നമുക്ക് ബോധ്യമാവുക
ബാലരാമന്മാര്‍ക്ക് എ.കെ.ജിയെക്കുറിച്ചെന്തറിയാം; 'എന്റെ ജീവിതകഥ' ഒരു വട്ടമെങ്കിലും വായിച്ചെങ്കില്‍
Updated on
2 min read

ഒരു കോണ്‍ഗ്രസ്സ് എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായി നടക്കുകയാണല്ലോ? എകെജിയുടെ ജീവചരിത്രമായ 'എന്റെ ജീവിതകഥ' ഒരുവട്ടമെങ്കിലും വായിച്ചു നോക്കിയിരുന്നുവെങ്കില്‍ ഈ ചരിത്ര നിഷേധങ്ങളില്‍ കുടുങ്ങിപ്പോകില്ലായിരുന്നു.

എം.എല്‍.എയുടെ പോസ്റ്റില്‍ ഇങ്ങനെ ഒരു വാചകമുണ്ട് 'അങ്ങനെ ജയില്‍ മോചിതനായ ശേഷം ആദ്യ ഭാര്യ ജീവിച്ചിരിക്കെ തന്നെ എകെജിയുടെ രണ്ടാം വിവാഹം സുശീലയുമായി നടക്കുകയും ചെയ്യുന്നു'. ഒരുപാട് ദു:സൂചനകളെ ഉള്ളിലൊളിപ്പിച്ച ഈ വരികളിലെ യാഥാര്‍ത്ഥ്യത്തിലേക്ക് കടക്കുമ്പോഴാണ് ഈ എം.എല്‍.എയുടെ കുടിലതയും വിവരമില്ലായ്മയും നമുക്ക് ബോധ്യമാവുക.

തന്റെ ആദ്യ വിവാഹത്തിന്റെ തകര്‍ച്ചയ്ക്ക് ഇടയാക്കിയ സംഭവം പിന്നോക്കക്കാര്‍ക്കും ദളിത് ജനവിഭാഗങ്ങള്‍ക്കും ക്ഷേത്ര പ്രവേശനം ആവശ്യപ്പെട്ട ഗുരുവായൂര്‍ സത്യാഗ്രഹം നടത്തി എന്നതിന്റെ പേരിലായിരുന്നു. ആചാരങ്ങളെ ലംഘിക്കാന്‍ ആഹ്വാനം നല്‍കുന്നതിന്റെ പേരില്‍ കുടുംബത്തിന്റെ ശക്തമായ എതിര്‍പ്പ് എകെജിക്കും ഭാര്യയ്ക്കും സഹിക്കേണ്ടി വന്നു. ഈ എതിര്‍പ്പിനെത്തുടര്‍ന്ന് ഏകെജിക്കൊപ്പം വരണമെന്നും എന്തു പ്രയാസവും സഹിക്കാന്‍ തയ്യാറാണെന്നും അവര്‍ പറയുകയും ചെയ്തു. തുടര്‍ന്ന് കെ.കേളപ്പന്റെ ഹരിജന്‍ ആശ്രമമെന്ന് അന്ന് വിളിക്കുന്ന പാക്കനാപുരത്ത് കൊണ്ടുപോയി അവരെ അവിടെ താമസിപ്പിക്കുന്നുമുണ്ട് എകെജി. രണ്ട് ദിവസത്തിനുശേഷം എകെജി കോഴിക്കോട് പോയ അവസരത്തില്‍ അവരുടെ അച്ഛന്‍ മരിച്ചതായി കള്ളം പറഞ്ഞ് അവരെയും കൂട്ടി വീട്ടുകാര്‍ പോകുന്നു. എന്നിട്ട് അവരെ വീട്ടില്‍ അടച്ചിടുകയും ചെയ്തു.

ഈ വിവരം അറിഞ്ഞ് വീട്ടിലെത്തിയ എകെജിക്ക് അവരെ കാണാന്‍ പോലും കഴിഞ്ഞില്ല. ഈ സംഭവത്തെ അനുസ്മരിച്ച് എകെജി ഹൃദയസ്പൃക്കായി ആത്മകഥയില്‍ ഇങ്ങനെ ഏഴുതുന്നുണ്ട്. 'എനിക്ക് അവളെ കാണാന്‍ പോലും കഴിഞ്ഞില്ല. അവള്‍ എന്നെ സ്‌നേഹിച്ചിരുന്നു എന്നെനിക്കറിയാം. പക്ഷെ ആചാരങ്ങളെ എതിര്‍ത്ത് എന്റെ കൂടെ വരാനുള്ള ധൈര്യം അവള്‍ക്കില്ലായിരുന്നു. അത് അവളുടെതല്ല, എന്റെ കുറ്റമാണ്.' എന്ന് എത്ര സ്‌നേഹനിര്‍ഭരമായാണ് എഴുതിയത് എന്ന് നോക്കുക.

ഈ സംഭവത്തിനുശേഷം നാല് അഞ്ച് വര്‍ഷം കഴിഞ്ഞ് അവര്‍ പുനര്‍ വിവാഹം ചെയ്തു. അതേക്കുറിച്ച് എകെജി ആത്മകഥയില്‍ പറയുന്നുണ്ട്. 'അവളും എന്നെ ഉപേക്ഷിച്ചു. അതേ, ജീവിതത്തിന്റെ സുഖദു:ഖങ്ങള്‍ പങ്കുവയ്ക്കാനും ഒന്നിച്ചു ജോലി ചെയ്യാനും തയ്യാറുള്ള ഒരു പങ്കാളി  അത്തരത്തിലുള്ള ഏകപങ്കാളി എന്നെ ഉപേക്ഷിച്ചു പോയി. എന്തിന്? അല്‍പ്പം ചിന്തിച്ചാല്‍ നിങ്ങള്‍ക്ക് മറുപടി കിട്ടും. ഞാനൊരു രാഷ്ട്രീയ പ്രവര്‍ത്തകനാണ്. കഷ്ടപ്പാടുകളെ വരിച്ച ഒരു പ്രവര്‍ത്തകന്‍.'

ഇങ്ങനെ ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്ത് നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് എകെജിയുടെ വ്യക്തി ജീവിതത്തില്‍ ഉണ്ടായ നഷ്ടമായിരുന്നു ഈ ദാമ്പത്യ തകര്‍ച്ച. അവരുടെ വിവാഹത്തിന് ശേഷം ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് സുശീലയുമായുള്ള വിവാഹം നടന്നത്. എന്നിട്ടാണ് ഇത്തരം പ്രചാരവേലകളുമായി ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്.

തന്റെ ജീവിതത്തില്‍ ഉണ്ടായ ഈ സംഭവത്തില്‍ ഒരിക്കല്‍ പോലും തന്റെ ആദ്യ ഭാര്യയെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നില്ലെന്നുമാത്രമല്ല, അവരെ ന്യായീകരിക്കാനാണ് ആ മഹാ വിപ്ലവകാരി ശ്രമിക്കുന്നതെന്ന് ആത്മകഥ വായിക്കുമ്പോള്‍ വ്യക്തമാവുന്നുണ്ട്. അതില്‍ ഇങ്ങനെ കുറിക്കുന്നു. 'കടുത്ത മാനസികവേദനയില്‍ നിന്ന് ഞാനത് പഠിച്ചു. ഇന്ന് സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ഇല്ല. അവര്‍ ഇഷ്ടപ്പെടുന്ന, അവരുടെ ഹൃദയത്തിന് എറ്റവും അടുത്ത, ആളെ വിവാഹം കഴിക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യം ഇല്ല. ഇഷ്ടപ്പെടാത്ത ഒരു ഭര്‍ത്താവിന്റെ സ്വേച്ഛാധിപത്യത്തില്‍ നിന്ന് അവര്‍ക്ക് മോചനം ലഭിക്കുക സാധ്യമല്ല, അവര്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യമില്ല, പുരുഷന്റെ അടിമയായിട്ടല്ലാതെ സ്ത്രീക്ക് ജീവിക്കാന്‍ കഴിയുന്ന ഒരു കാലം വരും. ആ മനോഹര അവസ്ഥയുടെ സൃഷ്ടിക്കുള്ള ശ്രമത്തില്‍ സ്വന്തം ജീവന്‍ പോലും ബലിയര്‍പ്പിക്കാനുള്ള സന്നദ്ധതയാണ് ഇതിനുള്ള മറുപടി എന്ന് ഞാന്‍ സ്വയം ആശ്വസിച്ചു.'

എകെജിയുടെ ഉന്നതമായ രാഷ്ട്രീയബോധവും സ്ത്രീപക്ഷ ചിന്തയും ഇവിടെ ജ്വലിച്ചുനില്‍ക്കുകയാണ്. താന്‍ വിവാഹം കഴിച്ചവള്‍ തന്റെ കൂടെ നില്‍ക്കാന്‍ കഴിയാത്തതിന് അവരെ എകെജി കുറ്റപ്പെടുത്തുന്നതേ ഇല്ല. നിലനില്‍ക്കുന്ന വ്യവസ്ഥയെയും അതിന്റെ ഭാഗമായി നില്‍ക്കുന്ന ആചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ആണ് അവര്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. വേദനാജനകമായ ഈ അനുഭവങ്ങളില്‍ നിന്ന് ഏകെജി തകരുകയായിരുന്നില്ല, പോരാട്ടത്തിനുള്ള ഊര്‍ജ്ജമായി അതിനെ മാറ്റുകയായിരുന്നു.

ആദ്യ ഭാര്യയുടെ പുനര്‍വിവാഹത്തിന് ശേഷം ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ്, എകെജിയുടെ മനസ്സില്‍ സ്‌നേഹം അങ്കുരിക്കുന്നതും അത് വിവാഹത്തിലേക്ക് എത്തിച്ചേരുന്നതും. ഗുരുവായൂര്‍ സത്യഗ്രഹം നടന്നത് 193132 ല്‍ ആണ്. അതിനുശേഷമുള്ള ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മേല്‍ പറഞ്ഞ സംഭവമുണ്ടാകുന്നത്. എകെജിയുടെ വിവാഹം നടക്കുന്നതോ 1952 സെപ്തംബര്‍ 10 നും. ഇപ്പോള്‍ ചിലര്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ആരോപണം എത്ര ക്രൂരമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ വര്‍ഷങ്ങള്‍ തമ്മിലുള്ള അന്തരം.

ചുറ്റുപാടുകള്‍ തീര്‍ക്കുന്ന സമ്മര്‍ദ്ദങ്ങളുടെയും ആചാരങ്ങളുടെയും ലോകത്തെ എതിര്‍ത്തുതോല്‍പ്പിക്കാന്‍ ശേഷിയുള്ള ഒരാളെയാണ് എകെജി പിന്നീട് വിവാഹം ചെയ്യുന്നത്. സ്ത്രീ വിമോചനമുന്നേറ്റങ്ങള്‍ക്കും വിപ്ലവ പ്രസ്ഥാനത്തിനും കരുത്തായിത്തീര്‍ന്ന സുശീല ഗോപാലനെ കേരളീയര്‍ക്ക് പരിചിതമാണല്ലോ?

കാര്യങ്ങളില്‍ വ്യക്തമായ ധാരണയില്ലാതെ ആരെങ്കിലും പറയുന്നത് കേട്ട് എന്തെങ്കിലും പുലമ്പേണ്ടവനല്ല രാഷ്ട്രീയ പ്രവര്‍ത്തകരെന്നുള്ള അടിസ്ഥാന പാഠം പോലും ഈ എം.എല്‍.എക്കറിയില്ല. രാഷ്ട്രീയം ജനജീവിതത്തിന്റെ സ്പന്ദനങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കുകയും പൊരുതുകയും ചെയ്യേണ്ട ഒരു മേഖലയാണ്. അത് മനസ്സുകൊണ്ട് പോലും ഉള്‍ക്കൊള്ളാത്ത ഊതിവീര്‍പ്പിച്ച ബലൂണുകളായി രാഷ്ട്രീയ രംഗത്തെത്തുന്നവര്‍ക്ക് ഉണ്ടാകുന്ന സ്ഥലജലവിഭ്രാന്തി കൂടിയാണ് ഇത്. നാം ആരെ പൊതുരംഗത്ത് മുന്നോട്ടുവയ്ക്കണം എന്ന പാഠം കൂടി നല്‍കുന്നതല്ലേ കോണ്‍ഗ്രസ്സ് എം.എല്‍.എയുടെ ഈ വിവരക്കേടുകള്‍?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com